കോട്ടയം : പത്തനംതിട്ടയില്‍ നിന്നും 2018 മാര്‍ച്ച് 22ന് കാണാതായ ജസ്‌ന മരിയ ജോസഫിനായി സിബിഐ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചത് 191 രാജ്യങ്ങളില്‍. ഫോട്ടോയും മറ്റു വിവരങ്ങളും രാജ്യാന്തര പോലീസ് സംഘടനായ ഇന്റര്‍പോളിന് കൈമാറുകയായിരുന്നു. എന്നാല്‍ എവിടെ നിന്നും വ്യക്തമായ ഒരു വിവരവും ലഭിച്ചില്ല. ഇടയ്‌ക്കിടെ ജെസ്‌നയെ കണ്ടു എന്ന മട്ടില്‍ പല കിംവദന്തികളും പ്രചരിച്ചുവെങ്കിലും അവിടെയെല്ലാം സിബിഐ വിശദമായി അന്വേഷണങ്ങള്‍ നടത്തി. എന്നാല്‍ ഇത്തരം സൂചനകളെല്ലാം കേവലം അഭ്യൂഹങ്ങള്‍ മാത്രമായിരുന്നുവെന്ന് തെളിയുകയാണ് ചെയ്തത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങള്‍ക്കിടയിലും ഇത്തരം വ്യാജ സൂചനകള്‍ ലഭിച്ചിരുന്നു. ഒരോ വെളിപ്പെടുത്തലിന് പിന്നാലെയും അന്വേഷകര്‍ ഒട്ടേറെ അലഞ്ഞു. ഒരു സൂചനയും തള്ളിക്കളയാന്‍ അവര്‍ക്കാകുമായിരുന്നില്ല. എല്ലാ സാധ്യതയും ഗൗരവപൂര്‍വ്വം പരിശോധിക്കുക എന്നതായിരുന്നു സിബിഐ അടക്കമുള്ള അന്വേഷകരുടെ നയം .
അന്വേഷണം ഏതാണ്ട് വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തിലാണ് ജെസ്‌നയെ ലോഡ്ജിനു മുന്നില്‍ കണ്ടു എന്ന മൊഴിയുമായി മുന്‍ ജീവനക്കാരി രംഗത്ത് വന്നത്. ഇതോടെ ആ മൊഴിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സിബിഐ. മുന്‍ജീവനക്കാരിയെ പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ലെങ്കിലും അതിന്റെ സാധ്യതകള്‍ എല്ലാ അര്‍ത്ഥത്തിലും പരിശോധിക്കുകയാണ് അന്വേഷണസംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: