വാര്‍സോ: പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍സോയില്‍ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ പ്രവാസികളെ അഭിസംബോധന ചെയ്തു.
പ്രത്യേക ഊഷ്മളതയോടും ആഹ്ലാദത്തോടും കൂടിയാണ് ഇന്ത്യന്‍ സമൂഹം പ്രധാനമന്ത്രിയെ സ്വീകരിച്ചത്. 45 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് സന്ദര്‍ശിക്കുന്നതെന്നും ഇന്ത്യപോളണ്ട് ബന്ധം ശക്തിപ്പെടുത്തുന്നതിനായി പ്രസിഡന്റ് ആന്ദ്രേ ഡൂഡയെയും പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്കിനെയും കാണാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു.
ജനാധിപത്യത്തിന്റെ മാതാവ് എന്ന നിലയില്‍ ഇന്ത്യ പോളണ്ടുമായി പങ്കിടുന്ന മൂല്യങ്ങള്‍ ഇരുരാജ്യങ്ങളെയും കൂടുതല്‍ അടുപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ പ്രവാസികള്‍ നല്കിയ സുപ്രധാന സംഭാവനയെക്കുറിച്ചുള്ള ചിന്തകള്‍ പ്രധാനമന്ത്രി പങ്കുവച്ചു. ഓപ്പറേഷന് ഗംഗയുടെ വിജയത്തില്‍ അവരുടെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയിലെ വിനോദസഞ്ചാരത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാനും രാജ്യത്തിന്റെ വളര്‍ച്ചാഗാഥയുടെ ഭാഗമാകാനും അദ്ദേഹം ഇന്ത്യന്‍ സമൂഹത്തോട് ആഹ്വാനം ചെയ്തു. ഡോബ്രി മഹാരാജകോലാപുര്മോണ്ടെ കാസിനോ യുദ്ധ സ്മാരകങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഊര്‍ജസ്വലമായ, ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഉജ്വല ഉദാഹരണങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ സവിശേഷബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, പ്രധാനമന്ത്രി ജാംസാഹെബ് സ്മാരക യുവജന വിനിമയ പരിപാടി എന്ന പേരില്‍ പുതിയ സംരംഭം പ്രഖ്യാപിച്ചു. അതിനു കീഴില്‍ ഓരോ വര്‍ഷവും 20 പോളിഷ് യുവാക്കളെ ഇന്ത്യയിലേക്കു ക്ഷണിക്കും. ഗുജറാത്തിലെ ഭൂകമ്പസമയത്തു പോളണ്ട് നല്കിയ സഹായവും അദ്ദേഹം അനുസ്മരിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യ കൈവരിച്ച പരിവര്‍ത്തനപരമായ പുരോഗതിയെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള കാഴ്ചപ്പാടിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ലോകം ഏക കുടുംബമാണ് എന്ന ആശയം ഉള്‍ക്കൊള്ളുന്ന ‘വസുധൈവ കുടുംബകം’ എന്ന ഇന്ത്യയുടെ വിശ്വാസത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, അത് ആഗോള ക്ഷേമത്തിനു സംഭാവന നല്‍കാനും മാനുഷിക പ്രതിസന്ധികളില്‍ അതിവേഗം പ്രതികരിക്കാനും ഇന്ത്യയെ പ്രചോദിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: