ലൂസെയ്ന്‍: ഡയമണ്ട് ലീഗ് ലൂസെയ്ന്‍ പോരാട്ടത്തിനായി ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ ജേതാവായ ഭാരതത്തിന്റെ നീരജ് ചോപ്ര ഇന്നിറങ്ങും. രാത്രി 12.20 മുതലാണ് മത്സരം. താരത്തിനൊപ്പം ജാവലിന്‍ ത്രോയിലെ വമ്പന്മാരെല്ലാം കളത്തിലിറങ്ങുന്നുണ്ട്. അതേസമയം പാരീസ് ഒളിംപിക്സില്‍ നീരജിനെ മറികടന്ന് സ്വര്‍ണം എറിഞ്ഞിട്ട പാകിസ്ഥാന് താരം അര്‍ഷാദ് നദീം ഇല്ല. നദീം ഇതേവരെ ഡയമണ്ട് ലീഗിന്റെ ഭാഗമായിട്ടില്ല.
ദിവസങ്ങള്‍ക്ക് മുമ്പ് നീരജ് ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ പാരീസ് ഒളിംപിക്സില്‍ വെള്ളി സ്വന്തമാക്കിയതിന് പിന്നാലെയുള്ള ഭാരത താരത്തിന്റെ ആദ്യ മത്സരമാണ് ഇന്നത്തേത്. ഒളിംപിക്സ് വെള്ളി സ്വന്തമാക്കിയ 89.45 മീറ്റര്‍ പ്രകടനമാണ് നീരജിന്റെ സീസണ് ബെസ്റ്റ്. പരിക്ക് കാരണം നീരജ് സീസണില്‍ ദോഹ ഡയമണ്ട് ലീഗില്‍ മാത്രമാണ് മത്സരിച്ചത്. ഒളിംപിക്സിന് ആഴ്ച്ചകള്‍ക്ക് മുമ്പ് നടന്ന പാരീസീ ഡയമണ്ട് ലീഗില്‍ നിന്നും പിന്മാറിയിരുന്നു. ഇതിനുള്ള കാരണം അറിയിച്ചുകൊണ്ടാണ് നീരജ് തന്റെ പരിക്കിന്റെ വിവരം പുറം ലോകത്തെ ആദ്യമായി അറിയിച്ചത്. പരിക്കിന്റെ ആശങ്ക നിലനില്‍ക്കെയാണ് ഒളിംപിക്സിനെ നേരിടാന്‍ പോകുന്നതെന്നും ഭാരത താരം അറിയിച്ചിരുന്നു.
സീസണിലെ ആദ്യ മത്സരമായ ദോഹ ഡയമണ്ട് ലീഗില്‍ യാക്കൂബ് വാദ്ലെയ്ച്ചിന് പിന്നില്‍ ഏഴ് പോയിന്റുമായി നീരജ് രണ്ടാം സ്ഥാനത്താണ് പ്രകടനം പൂര്‍ത്തിയാക്കിയത്. അതേസമയം പാരീസ് ഒളിംപിക്സില്‍ യാക്കൂബ് നീരജിന് വലിയ വെല്ലുവിളിയായില്ല. അന്ഡേഴ്സണ് പീറ്റേഴ്സ് ആണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് വെങ്കലം നേടിയത്. ഇവരെ കൂടാതെ ജാവലിന്‍ ത്രോയിലെ വമ്പന്‍താരങ്ങളായ ജൂലിയന്‍ വെബര്‍, അഡ്രിയാന്‍ മാര്ഡറെ തുടങ്ങിയവരും മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: