India

ചംപയ് സോറന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കും

Published by

ന്യൂദല്‍ഹി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചംപയ് സോറന്‍ പുതിയ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കും. ഒരാഴ്ചയ്‌ക്കുള്ളില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കും. ഝാര്‍ഖണ്ഡിലെ ജനങ്ങള്‍ക്കായി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ചംപയ് സോറന്‍ റാഞ്ചിയില്‍ പറഞ്ഞു. രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിക്കില്ല. പുതിയ തുടക്കമാണിത്. പുതിയ സംഘടനയെ ശക്തിപ്പെടുത്തും. പുതിയ സഖ്യങ്ങള്‍ സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുന്നതിനായി ഉപയോഗിക്കും, സോറന്‍ പറഞ്ഞു.

ദല്‍ഹിയില്‍ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി സ്വന്തം നാടായ സെരായ്കേല ഖര്‍സാവനിലെത്തിയ ചംപയ് സോറന് വലിയ സ്വീകരണമാണ് അനുയായികള്‍ നല്കിയത്. ജെഎംഎമ്മില്‍ വലിയ അപമാനം നേരിട്ടതായും ജെഎംഎമ്മിലെ നേതാക്കളുമായി യാതൊരു ബന്ധവും ഇപ്പോഴില്ലെന്നും സോറന്‍ പറഞ്ഞു. സംസ്ഥാനത്ത് പുതിയ പാര്‍ട്ടി രൂപീകരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ചംപയ് സോറന്റെ നീക്കം.

ജെഎംഎമ്മിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാവായ ചംപയ് സോറന്റെ പുതിയ തീരുമാനം മുഖ്യമന്ത്രി ഹേമന്ത് സോറനെ പ്രതിസന്ധിയിലാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേ ഝാര്‍ഖണ്ഡിലെ ജെഎംഎം സര്‍ക്കാരിനെ ചംപയ് സോറന്റെ നീക്കം ബാധിച്ചിട്ടുണ്ട്. കൂടുതല്‍ ജെഎംഎം നേതാക്കള്‍ ചംപയ് സോറനൊപ്പം പോകാനുള്ള സാധ്യതകളുമുണ്ട്. നിലവില്‍ ആറ് എംഎല്‍എമാരാണ് ചംപയ് സോറനൊപ്പമുള്ളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by