തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്നും കാണാതായ അസം സ്വദേശിനി പെണ്‍കുട്ടിയെ കണ്ടെത്തി. കാണാതായി 37 മണിക്കൂറിന് ശേഷമാണ് തസ്മിദ് തംസു(13)നെ കണ്ടെത്തിയത്.
വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി സമാജം പ്രവര്‍ത്തകരാണ് ട്രെയിനില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.
മലയാളി മാധ്യമ പ്രവര്ത്തകന് മലയാളി സമാജം പ്രവര്‍ത്തകര്‍ക്ക് കുട്ടിയുടെ ഫോട്ടോയും വിവരങ്ങളും അയച്ചു നല്‍കിയിരുന്നു.ചെന്നൈയില്‍ നിന്ന് പശ്ചിമബംഗാളിലേക്ക് പോകുന്ന താംബരം എക്സ്പ്രസില്‍ കുട്ടി കയറി എന്നുളള നിഗമനത്തിലാണ് മലയാളി സമാജം പ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കിയത്.
ഇതനുസരിച്ച് ട്രെയിന്‍ വിശാഖപട്ടണത്ത് എത്തിയപ്പോള്‍ മലയാളി സമാജം പ്രവര്‍ത്തകര്‍ ഉളളില്‍ കയറി പരിശോധന നടത്തുകയും ബര്‍ത്തില്‍ കമിഴ്ന്നുകിടന്ന് കരയുന്ന കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.സമീപത്തുണ്ടായിരുന്ന സ്ത്രീകള്‍ അവരുടെ കുട്ടിയാണെന്നാണ് പറഞ്ഞതെന്ന് മലയാളി സമാജം പ്രവര്‍ത്തകര്‍ പ്രതികരിച്ചു. കുട്ടിയോട് ചോദിച്ചപ്പോള്‍ പേരും കേരളത്തില്‍ നിന്നാണെന്നും മറുപടി നല്കി.
തുടര്‍ന്ന് കുട്ടിയെ ട്രെയിനില്‍ നിന്ന് ഇറക്കി ആര് പി എഫിന് കൈമാറി. ഭക്ഷണം ആവശ്യപ്പെട്ട കുട്ടിക്ക് പൊലീസ് ബിരിയാണിയും വാങ്ങി നല്കി.ക്ഷീണിയതാണ് കുട്ടി.
മാതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ചൊവ്വാഴ്ച വീട്ടില്‍ നിന്നും ആരുമറിയാതെ ഇറങ്ങി പോയത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് കുട്ടി ട്രെയിനില്‍ കന്യാകുമാരിയിലെത്തിയെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. അവിടെ നിന്നാണ് ചെന്നൈയിലെത്തിയെന്നും കണ്ടെത്തി. തുടര്‍ന്നാണ് താംബരം എക്സ്പ്രസില്‍ കയറിയത്.
കന്യാകുമാരിയിലേക്കുളള യാത്രാ മധ്യേ നാഗര്‍കോവിലില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ സ്റ്റേഷനിലിറങ്ങി വെളളം കുടിച്ച ശേഷം വീണ്ടും ട്രെയിനില്‍ കയറിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.ഈ ട്രയിനില്‍ കുട്ടി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും കരയുന്നതും കണ്ട് സംശയം തോന്നി സഹയാത്രികയായിരുന്ന വിദ്യാര്‍ത്ഥിനി പകര്‍ത്തിയ ഫോട്ടോയാണ് കുട്ടിയെ കണ്ടെത്തുന്നതിന് സഹായകമായത്.
അസം സ്വദേശികളായ കുട്ടിയുടെ മാതാപിതാക്കള്‍ കഴക്കൂട്ടത്താണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: