‘ഗേറ്റ് -2025’ അഥവാ ഗ്രാഡുവേറ്റ് ആപ്ടിട്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് ദേശീയതലത്തില്‍ ഫെബ്രുവരി 1, 2, 15, 16 തീയതികളില്‍ ഐഐടി റൂര്‍ക്കിയുടെ ആഭിമുഖ്യത്തില്‍ നടത്തും. എന്‍ജിനീയറിങ്/ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ്, കോമേഴ്‌സ്, ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ആഴത്തിലുള്ള ‘അറിവും’ അഭിരുചിയും പരിശോധിക്കുന്ന ദേശീയ നിലവാരമുള്ള പരീക്ഷയാണിത്. ഇതില്‍ പങ്കെടുക്കുന്നതിന് ആഗസ്ത് 24 മുല്‍ സെപ്തംബര്‍ 26 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ https:/gate2025.iitr.ac.in ല്‍ ലഭിക്കും. കേരളത്തില്‍ അങ്കമാലി, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, പയ്യന്നൂര്‍, തൃശൂര്‍, വടകര, വയനാട് പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.
എന്‍ജിനീയറിങ്/ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് അടക്കമുള്ള വിഷയങ്ങളില്‍ അക്കാദമിക് മികവുള്ള 3/4 വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും ഗേറ്റ്-2025 അഭിമുഖീകരിക്കും. ഉയര്‍ന്ന സ്‌കോര്‍ ലഭിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പോടെ എംടെക് ഉള്‍പ്പെടെ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലും ഡോക്ടറല്‍ പ്രോഗ്രാമുകളിലും ഉപരിപഠനം നടത്താം. എംടെക് പഠനത്തിന് പ്രതിമാസം 12400 രൂപ വീതം 22 മാസക്കാലം സ്‌കോളര്‍ഷിപ്പ് ലഭിക്കും. പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് 37000 മുതല്‍ 42000 രൂപ വരെയാണ് ധനസഹായം. ഉയര്‍ന്ന ഗേറ്റ് സ്‌കോര്‍ അടിസ്ഥാനത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റും മികച്ച ജോലി സാധ്യതകളുമുണ്ട്.
ഗേറ്റ്-2025 പരീക്ഷയില്‍ 30 ടെസ്റ്റ് പേപ്പറുകളാണുള്ളത്. എയ്‌റോ സ്‌പേസ്, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്, ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, ബയോടെക്‌നോളജി, സിവില്‍, കെമിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി, കെമിസ്ട്രി, ഡാറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍, എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇക്കോളജി ആന്‍ഡ് എവലൂഷന്‍, ജിലോമാറ്റിക്‌സ് എന്‍ജിനീയറിങ്, ജിയോളജി ആന്‍ഡ് ജിയോ ഫിസിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, മാത്തമാറ്റിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, മൈനിങ്, മെറ്റലര്‍ജിക്കല്‍, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മറൈന്‍ എന്‍ജിനീയറിങ്, പെട്രോളിയം എന്‍ജിനീയറിങ്, ഫിസിക്‌സ്, പ്രൊഡക്ഷന്‍ ആന്‍ഡ് ഫൈബര്‍, എന്‍ജിനീയറിങ് സയന്‍സസ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, ലൈഫ് സയന്‍സസ് എന്നിവ ഗേറ്റ് പേപ്പറുകളില്‍പ്പെടും. ഒരാള്‍ക്ക് ഒന്നോ രണ്ടോ പേപ്പറുകള്‍ തെരഞ്ഞെടുത്ത് പരീക്ഷ അഭിമുഖീകരിക്കാം. ഓരോ പേപ്പറിലും 100 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാവും. ഇതില്‍ 15 മാര്‍ക്കിന്റെ ജനറല്‍ ആപ്ടിട്യൂഡ് ചോദ്യങ്ങള്‍ എല്ലാവര്‍ക്കും പൊതുവായിരിക്കും. പരീക്ഷാ ഘടനയും സിലബസും വെബ്‌സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക