ന്യൂദല്‍ഹി: ഉല്പാദനരംഗത്തെ ചൈനയുടെ ആധിപത്യത്തെ വെല്ലുവിളിക്കുകയാണ് ഇന്ത്യ. മാരുതിയുടെ 1600 എസ് യുവികളാണ് ജപ്പാനിലേക്ക് കയറ്റി അയച്ചത്. ഏകദേശം 76 ലക്ഷം മൊബൈല്‍ ഫോണുകള്‍ യുഎസിലേക്ക് കയറ്റിയയച്ചു. 43100 കോടി ഡോളറിന്റെ ഇലക്ട്രോണിക്സ് ഉല്പന്നങ്ങളും ഇന്ത്യ 2023ല്‍ കയറ്റിയയച്ചു. ഇതിനര്‍ത്ഥം ഇന്ത്യ ചൈനയ്ക്ക് പകരം വിദേശ രാജ്യങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന രാജ്യമായി മാറുകയാണ്. ഇതോടെയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി വലിയൊരു പ്രഖ്യാപനം നടത്തിയത്. ഇനി മെയ്ക്ക് ഇന്‍ ഇന്ത്യയല്ല, മെയ്ഡ് ഇന്‍ ഇന്ത്യയാണ് നമ്മുടെ മുദ്രാവാക്യം എന്നാണ് മോദി പ്രഖ്യാപിച്ചത്. അതായത് ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്പന്നം എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന സന്ദര്‍ഭം അടുത്തുകഴിഞ്ഞു എന്നാണ് മോദി സൂചിപ്പിച്ചത്.
രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയും പലിശ നിരക്കില്‍ ആഗോള തലത്തില്‍ തന്നെ വര്‍ധന ഉണ്ടാവുകയും ചെയ്തിട്ടും ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ധിക്കുന്നു എന്നത് നിസ്സാര നേട്ടമല്ല. എഞ്ചിനീയറിംഗ് ഉല്പന്നങ്ങള്, ഇലക്ട്രോണിക്സ് ഉല്പന്നങ്ങള്, ഇംഗ്ലീഷ് മരുന്നുകള്‍ എന്നീ മേഖലകളില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങളുടെ അളവ് വന്‍തോതില്‍ വര്‍ധിക്കുകയാണ്.
ഉല്പന്നങ്ങള് വന്‍തോതില്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ഇന്ത്യയില്‍ വന്‍തോതില്‍ ഉല്പന്നങ്ങള് നിര്‍മ്മിക്കുക എന്നതാണ് തൊഴിലില്ലായ്മ പരിഹരിക്കാനുള്ള മാര്‍ഗ്ഗമെന്നാണ് മോദി സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായാണ് ഉല്പാദന രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ ആഗോള കമ്പനികളെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചത്.
ആപ്പിള്‍ ഐഫോണ്‍ ഉള്‍പ്പെടെ ഒട്ടേറെ കമ്പനികള്‍ ഇന്ത്യയിലേക്ക് എത്തി. ഇത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ വലിയ കുതിപ്പായിരുന്നു. ഇപ്പോള്‍ ഉല്പാദനരംഗത്ത് തനതായ അടയാളമിട്ട് കുതിക്കുകയാണ് ഇന്ത്യ. ഇലക്ട്രോണിക്സ്, സെമി കണ്ടക്ടര്‍ എന്നീ ഉല്പാദനമേഖലകളിലും ഇന്ത്യ വലിയ ചുവടുവെയ്പുകള്‍ നടത്തുകയാണ്. ഇതോടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്ന ആരംഭകാലത്തെ മുദ്രാവാക്യം മെയ്ഡ് ഇന്‍ ഇന്ത്യ എന്നാക്കി മാറ്റേണ്ട അവസരം കൈവന്നിരിക്കുന്നു എന്നാണ് മോദി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: