കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൊടുന്നനെ പുറത്തുവിട്ടത് സിപിഎമ്മും പിണറായി സര്‍ക്കാരും നേരിടുന്ന പ്രശ്നങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടു വര്‍ഷം നാലായി. റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്താക്കിയത് വിവാദങ്ങളില്‍ നിന്ന് ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കാന്‍ മാത്രമാണ്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസപ്പിരിവുകളും അതിന്റെ മറവിലുള്ള തട്ടിപ്പുകളും വലിയ ചര്‍ച്ചകളാണ്. പണം പിരിച്ച് അതിന്റെ മറവില്‍ സര്‍ക്കാരിന്റെ പ്രതിസന്ധി തീര്‍ക്കാനുള്ള നീക്കങ്ങളുണ്ടെന്നും ജനങ്ങള്‍ വിശ്വസിക്കുന്നു. വലിയ ഫണ്ടുകള്‍ ചിലരുടെയെങ്കിലും കൈകളിലേക്കു വകമാറിപ്പോകുമെന്ന ആശങ്കയും നിലനില്ക്കുന്നു. ദുരന്തമുണ്ടായി ആഴ്ചകള്‍ പിന്നിട്ടിട്ടും മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ നിന്നുയരുന്നത് വിലാപങ്ങളാണ്. ദിവസം 300 രൂപ വച്ചു നല്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് മിക്കവര്‍ക്കും അതുപോലുമില്ല.
പുനരവധിവസിപ്പിക്കുമെന്നു പറയുന്നതല്ലാതെ അതുമായി ബന്ധപ്പെട്ടതൊന്നും യുദ്ധകാലാടിസ്ഥാനത്തില്‍ നീങ്ങുന്നില്ല. ഇപ്പോഴത്തെ ക്യാമ്പുകളില്‍ നിന്ന് ഒഴിയേണ്ട അവസ്ഥയിലേക്കാണ് പോക്ക്. വാടകയ്ക്കു വീടു കിട്ടാനില്ല. കിട്ടിയാല്‍ത്തന്നെ സര്‍ക്കാര്‍ കണക്കിലുള്ള വളരെ കുറഞ്ഞ വാടകയ്ക്ക് ആരും വീടു നല്കുകയുമില്ല. വാടകക്കാശ് സര്‍ക്കാര്‍ കൊടുക്കുമെന്നു പറയുന്നതല്ലാതെ അതിലുമില്ല ഉറപ്പ്.
254 ദുരിത ബാധിത കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളിലാണ്. സര്‍ക്കാര്‍ നിശ്ചയിച്ച 6000 രൂപയ്ക്ക് വീടുകള്‍ ലഭ്യമല്ലാത്തതും വീട്ടുടമകള്‍ മുന്‍കൂര്‍ തുക ചോദിക്കുന്നതുമാണ് വാടക വീടുകള്‍ കിട്ടാന്‍ പ്രയാസമുണ്ടാക്കുന്നത്. അതിനിടെ, ക്യാമ്പുകള്‍ വേഗത്തില്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധുവീടുകളിലേക്കു മാറാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നതായും ദുരിത ബാധിതര്‍ പറയുന്നു. ഇവയെല്ലാം ചര്‍ച്ചയായി തുടര്‍ന്നാല്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടിലാകും.
പുനരധിവാസത്തിനു ചുരുങ്ങിയത് 2000 കോടിയെങ്കിലും വേണമെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. ദുരിത ബാധിതര്‍ 500 കുടുംബങ്ങളാണ്. 30 ലക്ഷം രൂപയ്ക്കു വീടു പണിയാനും വീട്ടുപകരണങ്ങള്‍ നല്‍കാനും അത്യാവശ്യ വീട്ടുചെലവുകള്‍ക്കുള്ള തുക നല്‍കാനും തകര്‍ന്ന റോഡ്, പാലം, സ്കൂള്‍ എന്നിവ നിര്‍മിക്കാനും എല്ലാം കൂടി 550 കോടി രൂപ മതിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. പ്രമുഖ സാമ്പത്തിക വിദഗ്ധനും എസ്ബിഐ ഉദ്യോഗസ്ഥനുമായ ആദി കേശവനും ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇതേ കാര്യമാണ് പറഞ്ഞത്. വീടുവയ്ക്കാന്‍ നിരവധി പേര് ഭൂമി വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
വീടു നല്‍കാമെന്ന് ഒട്ടനവധി പേര് ഉറപ്പു നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇപ്പോള്‍ത്തന്നെ 180 കോടിയോളം ലഭിച്ചുകഴിഞ്ഞു. ഈ വാഗ്ദാനങ്ങള്‍ ക്രോഡീകരിച്ച് അവരെ സമീപിക്കുകയും ദുരിതാശ്വാസ നിധി ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്താല്‍ പുനരധിവാസത്തിനുള്ള ഫണ്ട് പ്രശ്നമേയല്ലെന്നിരിക്കേ തുക പെരുപ്പിച്ചു കാട്ടുന്നത് എന്തിനെന്നു സംശയമുണ്ട്.
പലയിടങ്ങളിലും പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത അതിശക്തമാണ്. കാഫിര്‍ വിവാദം പാര്‍ട്ടിയെ തിരിഞ്ഞുകൊത്തുന്നു. നിരവധി പേരാണ് നടപടികള്‍ നേരിടുന്നത്. അഴിമതി, ലൈംഗിക ആരോപണങ്ങള്‍ പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കുമെതിരെ നിത്യേന ഉയരുന്നുമുണ്ട്. പാര്‍ട്ടി പുറമേ ഒറ്റക്കെട്ടാണെങ്കിലും അകം പുകയുകയാണ്. എണ്ണമറ്റ അഴിമതിയാരോപണങ്ങളാണ് മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ അടക്കം ഉയര്‍ന്നിട്ടുള്ളത്. ഇങ്ങനെ പാര്‍ട്ടിയും സര്‍ക്കാരും നേരിടുന്ന ഗുരുതര പ്രശ്നങ്ങള്‍ മൂടിവയ്ക്കാനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവിട്ടതെന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: