തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിനു നല്കുന്ന സേവനങ്ങള്‍ക്കു ലഭിക്കേണ്ട വന്‍തുക കുടിശികയായതോടെ സേവനം അവസാനിപ്പിച്ച് സി ഡിറ്റ് (സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി). ഒന്‍പതു മാസത്തെ കുടിശികയായി 11 ലക്ഷത്തോളം രൂപയാണ് സി ഡിറ്റിനു കിട്ടാനുള്ളത്. ഈ മാസം 17 മുതല്‍ താത്കാലിക ജീവനക്കാരെ പിന്‍വലിക്കുകയും സേവനം നിര്‍ത്തുകയും ചെയ്തു. ഇതോടെ മോട്ടോര്‍ വാഹന വകുപ്പ് പ്രവര്‍ത്തനം അവതാളത്തിലായി.
ഫെസിലിറ്റി മാനേജ്‌മെന്റ് പ്രോജക്ട് വഴി മോട്ടോര്‍ വാഹന വകുപ്പിന് ഒട്ടേറെ സേവനങ്ങളാണ് സി ഡിറ്റ് നല്കുന്നത്. കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്, എസി, ഇലക്ട്രിക്കല്‍, സ്റ്റേഷനറി, ഫര്‍ണിച്ചര്‍, ഹൗസ് കീപ്പിങ് മുതലായവയെല്ലാം മോട്ടോര്‍ വാഹന വകുപ്പിനു നല്കുന്നത് സി ഡിറ്റാണ്. മൂന്നു മാസത്തിലൊരിക്കലാണ് ഇതിന്റെ ബില്‍ നല്കുക. ഇത്തരത്തിലുള്ള മൂന്നു ബില്ലുകള്‍ കുടിശികയായി.
അതേസമയം 17 വര്‍ഷമായി മോട്ടോര്‍ വാഹന വകുപ്പ് പൊതുജനങ്ങളില്‍ നിന്ന് യൂസേഴ്‌സ് ഫീ ഈടാക്കുന്നുണ്ട്. ഈയിനത്തില്‍ സര്‍ക്കാരിലെത്തിയത് കോടികളാണ്. സി ഡിറ്റിന് മോട്ടോര്‍ വാഹന വകുപ്പു നല്കാനുള്ളതിന്റെ ആറിരട്ടിയിലധികമാണ് പൊതുജനങ്ങളില്‍ നിന്ന് യൂസേഴ്‌സ് ഫീ ഇനത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനു ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: