നാഗ്പൂര്‍: ലോകമാതാ പുണ്യശ്ലോക ദേവി അഹല്യാബായി ഹോള്‍ക്കറുടെ ജീവിത കഥ നാടകമാക്കി സുമിത്രാ മഹാജന്. നാഗ്പൂരിലെ സുരേഷ് ഭട്ട് ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസില്‍ അരങ്ങേറ്റം.
അഹല്യബായി ഹോള്‍ക്കര്‍ ആത്മാവിനെ ത്രസിപ്പിക്കുന്ന വികാരമായി ജ്വലിച്ചപ്പോഴാണ് മാതോശ്രീ എന്ന നാടകം പിറന്നതെന്ന് മുന്‍ ലോക്സഭാ സ്പീക്കര്‍ കൂടിയായ സുമിത്ര മഹാജന് പറഞ്ഞു. നാടകാവതരണത്തിന് മുമ്പ് സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. ഞാന്‍ ഒരു എഴുത്തുകാരിയോ ചരിത്ര പണ്ഡിതയോ അല്ല. രാഷ്ട്ര സേവികാ സമിതിയുടെ പ്രവര്‍ത്തകയെന്ന നിലയില്‍ അഹല്യദേവി ഹോള്‍ക്കറുടെ കൃതികള്‍ പഠിക്കുകയും അവരുടെ ജീവിതത്തെ ആസ്പദമാക്കി പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തതാണ് ആകെ പരിചയം.
രാഷ്ട്രത്തോടുള്ള അഹല്യദേവിയുടെ അര്‍പ്പണബോധമാണ് നാടകം എഴുതാന്‍ പ്രേരണയായത്. മതേതരത്വം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ തത്വങ്ങള്‍ക്കനുസൃതമായി അഹല്യാബായി ഭരിച്ചു. എക്കാലത്തെയും ഭരണകര്‍ത്താക്കള്‍ക്ക് മാതൃകയായിരുന്നു ദേവിയുടെ ജീവിതം.
ജനങ്ങളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് നാടക പരീക്ഷണത്തിന് ലഭിച്ചത്. കലാകാരന്മാരുടെ കഠിനാധ്വാനം കൊണ്ടാണ് ഇതുണ്ടായതെന്ന് സുമിത്രാ മഹാജന് പറഞ്ഞു.
രാഷ്ട്ര സേവികാ സമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി. പ്രമുഖ കാര്യവാഹിക സീതാ ഗായത്രി അന്നദാനം, ആര്‍എസ്എസ് നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ജി. ലോയ, അഹല്യാബായി ത്രിശതാബ്ദി സമിതി സംയോജക് അനുപ് ഘുമാരെ, എഴുത്തുകാരി മനീഷ കാശികര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: