കൊല്‍ക്കത്ത: ബംഗാളില്‍ പിജി വിദ്യാര്‍ത്ഥിയായ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തിന് സിബിഐയിലെ മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥരും. കേസിന്റെ അന്വേഷണ ചുമതല ഇവര്‍ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്.
രാജ്യത്താകെ ചര്‍ച്ചാ വിഷയമായ ഹാഥ്റസ്, ഉന്നാവ് ബലാത്സംഗക്കേസുകള്‍ അന്വേഷിച്ച സിബിഐ അഡീ. ഡയറക്ടര്‍ സംപത് മീണ, സീമ പഹുജ എന്നിവര്‍ക്കാണ് കൊല്‍ക്കത്ത കേസിന്റെ ചുമതല നല്‍കിയത്.
കേസിന്റെ പൂര്‍ണ ചുമതല സംപത് മീണയ്ക്കാണ്. നേരിട്ടുള്ള മൊഴിയെടുക്കലിനും വിവരശേഖരണത്തിനും സീമ പഹുജ നേതൃത്വം നല്‍കും. സംപത് മീണയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ 25 പേരാണുള്ളത്. ഝാര്‍ഖണ്ഡില്‍ നിന്നുള്ള 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് സംപത് മീണ. 2017ലെ ഉന്നാവ് ബലാത്സംഗക്കേസിലും ഇവരുടെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് അന്വേഷണം നടത്തിയത്. 2020ലെ ഹാഥ്റസ് കേസിലും സംപത് മീണ അന്വേഷണത്തിനുണ്ടായിരുന്നു. എഎസ്പിയായ സീമ പഹുജയും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
2017ല്‍ ഹിമാചല്‍പ്രദേശില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൊലക്കേസിന്റെ അന്വേഷണത്തില്‍ സീമ പഹുജ നിര്‍ണായക പങ്കുവഹിച്ചിരുന്നു. സീമ പഹുജയ്ക്ക് 2007ലും 2018ലും സ്വര്‍ണ മെഡല്‍ ലഭിച്ചിട്ടുണ്ട്.
അതേസമയം ആര്‍ജി കര് മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിനായി ബംഗാള്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. 2021 മെഡിക്കല്‍ കോളജില്‍ വ്യാപക സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് നടപടി.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ബന്ധപ്പെട്ട രേഖകള്‍ അതിവേഗം കൈപ്പറ്റാന്‍ അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. നാല് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ബംഗാള്‍ പോലീസ് അക്കാദമി ഐജി ഡോ. പ്രണവ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മുര്‍ഷിദാബാദ് റേഞ്ച് ഡിഐജി വാഖ്വര് റെസ, ഡിഐജി സോമദാസ് മിത്ര, ഡെ. കമ്മിഷണര്‍ ഇന്ദിര മുഖര്‍ജി എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റുദ്യോഗസ്ഥര്‍.
സംഭവത്തിലെ തെളിവുകള്‍ നശിപ്പിക്കാന്‍ മമത സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് ബിജെപി ആവര്‍ത്തിച്ചു. കൊലപാതകത്തിന് പിന്നാലെ ആശുപത്രി ആക്രമിച്ച സംഭവത്തില്‍ 37 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംശയിക്കപ്പെടുന്ന അറുപതിലധികം പേര്‍ക്ക് നോട്ടീസയച്ചു. 200 പേരുവിടെ വിവരങ്ങള്‍ ലഭിച്ചതായും പോലീസ് അറിയിച്ചു.കേസില്‍ പ്രതി സഞ്ജയ് റോയിയെ സിബിഐ നുണ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: