തിരുവനന്തപുരം: ഒരു വ്യാവസായിക ഉത്പന്നം എന്നതിലുപരി ഖാദിക്ക് സാംസ്കാരികവും രാഷ്ട്രീയവുമായ വലിയ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെഎസ്എഫ്ഇ നടത്തുന്ന ഗ്യാലക്സി ചിട്ടികളുടെ ശാഖാതല ഓണക്കോടി സമ്മാന വിതരണവും ഓണം ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടനവും അയ്യങ്കാളി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മള് നൂറ്റ നൂലുകൊണ്ട് നമ്മള് നെയ്ത വസ്ത്രംകൊണ്ട്, നിര്‍മിതം ഇത് അനീതിക്കൊരന്ത്യാവരണം’ എന്നാണ് അന്ന് മലയാളി പാടിയത്. അതുകൊണ്ടുതന്നെ നമ്മുടെ സംസ്കാരവുമായും ചരിത്രവുമായും ഒക്കെ ഇഴപിരിയാത്ത ബന്ധം ഖാദിക്കുണ്ട്. വൈദേശികാധിപത്യത്തില്‍ നിന്നു മോചനം നേടാനായി നമ്മുടെ നാട് നടത്തിയ സമരങ്ങളില്‍ ഒരായുധമായി പ്രയോഗിക്കപ്പെട്ട ഉത്പന്നമാണ് ഖാദി.
ഖാദി ബോര്‍ഡിന്റെ കീഴിലുള്ള സഹകരണ സംഘങ്ങളെ പുനരുദ്ധരിപ്പിക്കുന്നതിന്റെ ഭാഗമായി 48 സംഘങ്ങളില്‍ ഭരണസമിതി രൂപീകരിച്ചു. 93 സംഘങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. സംരംഭകത്വ വികസന പദ്ധതികളുടെ ഭാഗമായി 2,214 ഖാദി യൂണിറ്റുകള്‍ ആരംഭിച്ചു. ഇതുവഴി 12,000 ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎസ്എഫ്ഇ ചെയര്മാന് കെ. വരദരാജന്, ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന്, മാനേജിങ് ഡയറക്ടര്‍ ഡോ. സനില്‍ എസ്.കെ. തുടങ്ങിയവര്‍ സംസാരിച്ചു.
വയനാട് ദുരന്ത ബാധിതര്‍ക്കായി ഖാദി ബോര്‍ഡിന്റെ 10 ലക്ഷം രൂപയുടെ ചെക്ക് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് മുഖ്യമന്ത്രിക്ക് കൈമാറി. വിവിധ ഖാദി സംഘടനകളും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മുഖ്യമന്ത്രിക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: