ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്ന വമ്പൻമാർക്കെതിരെ സർക്കാർ കേസെടുത്ത് മുന്നോട്ട് പോകണമെന്ന് നടൻ ഹരീഷ് പേരടി. താരസംഘടനയായ അമ്മ ഇനിയെങ്കിലും ഇത്തരം ആരോപണങ്ങളിൽ നടപടിയെടുക്കാൻ തയ്യാറാകണം. പഠിച്ചിട്ട് പ്രതികരിക്കാമെന്ന് പറയുന്നതൊക്കെ അശ്ലീലമാണെന്നും നട്ടെല്ലുണ്ടെങ്കിൽ ഇക്കാര്യങ്ങളൊക്കെ വിശദമായി അന്വേഷിക്കണമെന്നും ഹരീഷ് പേരടി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു ഹരീഷിന്റെ പ്രതികരണം
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പലതും നമ്മൾ പറഞ്ഞ് കേട്ടതും ചർച്ച ചെയ്തതുമായ കാര്യങ്ങളാണ്. ഈ വിഷയങ്ങൾക്കൊക്കെ റിപ്പോർട്ട് വന്നതോടെ ആധികാരികത കൈവന്നിരിക്കുകയാണ്. ഇനി സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. റിപ്പോർട്ടിൽ നിരവധി പേജുകൾ മാറ്റിവെച്ചിട്ടുണ്ട്. ഇരകളുടെ സ്വകാര്യത മാനിച്ചുകൊണ്ടാണത്. എന്നാൽ ഈ പേജുകളിൽ കുറേ വേട്ടക്കാരുണ്ട്. ആ വേട്ടക്കാർക്കെതിരെ എന്ത് നടപടിയാണ് സർക്കാർ എടുക്കാൻ ഒരുങ്ങുന്നത് എന്നാണ് അറിയേണ്ടത്. വേട്ടക്കാർ എത്ര വലിയ പ്രമുഖരായാലും അവർക്കെതിരെ നടപടിയെടുത്തേ പറ്റൂ. സർക്കാർ ഇവർക്കെതിരെ കേസെടുത്ത് മൂന്നോട്ട് പോകണം.
ഇനിയെങ്കിൽ ഇത്തരം വിഷയങ്ങളെ അഭിസംബോധന ചെയ്യാൻ ഒരു സംഘടന എന്ന നിലയിൽ അമ്മ തയ്യാറാകണം. പഠിക്കട്ടെ, എന്നിട്ട് പറയാം എന്നൊക്കെ പറയുന്നത് അശ്ലീമാണ്. അത്തരം വർത്താനങ്ങളെങ്കിലും മാധ്യമങ്ങളോടും പൊതുസമൂഹത്തോടും പറയാതിരിക്കുക. മറിച്ച് ഇത്തരം വിഷയങ്ങളെ നേരിടുക, അഭിസംബോധന ചെയ്യുക, അതാണ് നട്ടെല്ലുണ്ടെങ്കിൽ ചെയ്യേണ്ടത്. പവർ ഗ്രൂപ്പ് എന്ന് പറയുന്ന വിഷയങ്ങളൊക്കെ അന്വേഷണ വിധേയമാക്കട്ടെട’, താരം പറഞ്ഞു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. കമ്മറ്റി റിപ്പോർട്ടിൽ ഉള്ളത് 24 നിർദേശങ്ങളാണ്. അത് സർക്കാർ പരിശോധിച്ച് വരികയാണ്. ആവശ്യമെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും രാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കോടതിയുടെ പരിഗണനയിൽ ഉള്ള റിപ്പോർട്ടാണ്. പുറത്ത് വിടാത്ത രഹസ്യ ഭാഗങ്ങളിൽ നടപടി എടുക്കേണ്ടതുണ്ടെങ്കിൽ കോടതിയാണ് അക്കാര്യം പറയേണ്ടത്. സർക്കാരിന്റെ മുൻപിലേക്ക് അത്തരത്തിലുള്ള നിർദ്ദേശങ്ങൾ വന്നാൽ തീർച്ചയായും കടുത്ത നടപടികൾ സ്വീകരിക്കും’, അദ്ദേഹം വ്യക്തമാക്കി. നാലര വർഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമം , വേതന വിവേചനം, അടിസ്ഥാന സൗകര്യങ്ങൾ പോലും സ്ത്രീകൾക്ക് ഒരുക്കുന്നില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: