ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 21നും 22നും പോളണ്ട് സന്ദര്‍ശിക്കും. കഴിഞ്ഞ 45 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് സന്ദര്‍ശിക്കുന്നത്.വാസോയില്‍ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണം നല്‍കും. പ്രസിഡന്റ് ആന്ദ്രെ സെബാസ്റ്റ്യന്‍ ഡൂഡയെ സന്ദര്‍ശിക്കുന്ന മോദി, പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്കുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തും. പോളണ്ടിലെ ഇന്ത്യന്‍ സമൂഹവുമായും നരേന്ദ്ര മോദി സംവദിക്കും.
അതിനുശേഷം പ്രധാനമന്ത്രി യുക്രെയ്നിലേക്കു പോകും. പോളണ്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമായിരിക്കും മോദി യുക്രെയ്ന് തലസ്ഥാനമായ കീവിലേക്ക് പോകുക. യുക്രെയ്ന് അതിര്‍ത്തിയിലുള്ള പോളണ്ടിലെ പെരെമിശ് നഗരത്തില്‍ നിന്ന് യുക്രെയ്ന്റെ റെയില്‍ ഫോഴ്സ് വണ്‍ ട്രെയിനിലായിരിക്കും യാത്ര.
ഓഗ്സ്റ്റ് 22ന് രാത്രി ഇവിടെ നിന്ന് പുറപ്പെട്ട് പത്തുമണിക്കൂര്‍ യാത്ര ചെയ്ത് 23ന് രാവിലെയോടെ മോദി യുക്രെയ്ന് തലസ്ഥാനമായി കീവില്‍ എത്തും. റഷ്യന്‍ ആക്രമണത്തില്‍ റെയില്‍വേയുടെ വൈദ്യുത ശൃംഖലകള്‍ തകര്‍ന്നതിനാല്‍ തന്നെ ഡീസല്‍ ലോക്കോമോട്ടീവായിരിക്കും ട്രെയിന്‍ യാത്രയ്ക്ക് ഉപയോഗിക്കുക. കീവ് നഗരത്തില്‍ ഏകദേശം 7 മണിക്കൂര്‍ നേരം മോദി സന്ദര്‍ശനം നടത്തും.
ട്രെയിന്‍ മാര്‍ഗം തന്നെ അദ്ദേഹം പോളണ്ടിലേക്ക് തിരിച്ചെത്തും.
2022 ഫെബ്രുവരിയില്‍ യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം അവിടം സന്ദര്‍ശിക്കുന്ന മുതിര്‍ന്ന ഇന്ത്യന്‍ നേതാവാണ് മോദി.
1992ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയ്നില്‍ എത്തുന്നത്.പ്രധാനമന്ത്രിയുടെ കീവിലെ ഇടപെടലുകള്‍ രാഷ്ട്രീയം, വ്യാപാരം, സാമ്പത്തികം, നിക്ഷേപം, വിദ്യാഭ്യാസം, സാംസ്കാരികം, ജനങ്ങള്‍ തമ്മിലുള്ള വിനിമയം, മാനുഷികസഹായം എന്നിവയുള്‍പ്പെടെ ഉഭയകക്ഷിബന്ധങ്ങളുടെ വിവിധ വശങ്ങളെ സ്പര്‍ശിക്കും. സന്ദര്‍ശനവേളയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും. പ്രധാനമന്ത്രിയുടെ യുക്രെയ്നിലേക്കുള്ള സുപ്രധാന സന്ദര്‍ശനം ഉഭയകക്ഷിബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കാനും വികസിപ്പിക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: