പശ്ചിമ ബംഗാളിലെ രാധ ഗോവിന്ദകര്‍ മെഡിക്കല്‍ കോളജില്‍ ബിരുദാനന്തര ബിരുദ പരിശീലനാര്‍ത്ഥിയായ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചാവിഷയം ആയി. സ്ത്രീകളോടുള്ള അക്രമങ്ങളിലും സ്ത്രീ പീഡനത്തിലും രാഷ്‌ട്രീയം കാണുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെയല്ലേ ഈ കേസിലെ ഒന്നാം പ്രതി. പക്ഷേ രാഷ്‌ട്രീയത്തിന്റെ പേരില്‍ മമതയ്‌ക്കെതിരെ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ കഴിയാത്ത അവസ്ഥയിലേക്ക് പ്രതിപക്ഷ സഖ്യമായ ഇന്‍ഡി മുന്നണി മാറിയിരിക്കുന്നു. ദേശീയ വനിതാ കമ്മീഷനും കേന്ദ്രസര്‍ക്കാരും ബിജെപിയും ഇക്കാര്യത്തില്‍ ശക്തമായ നടപടി എടുത്തിട്ടും ദുര്‍ബലമായ പ്രസ്താവനയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ പ്രതികരണം ഒതുക്കി.ഡോക്ടര്‍മാര്‍ ഐഎംഎയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടത്തിയ പണിമുടക്കും ഡ്യൂട്ടി നിഷേധവും ഒഴികെ കാര്യമായ പ്രതികരണം മറ്റെവിടെയും ഉണ്ടായില്ല.
നിര്‍ഭയ കേസില്‍ ഉണ്ടായതുപോലെ പ്രതികരിക്കാന്‍ സാമൂഹിക സാംസ്‌കാരിക നായകരും യുവജന സംഘടനകളും വൈമുഖ്യം കാട്ടുന്നതും മമതാ ബാനര്‍ജിയെയും പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികളുടെ സഖ്യത്തെയും മുന്നില്‍കണ്ടാണെന്ന് പറയാതിരിക്കാനാവില്ല. കഴിഞ്ഞ ആഗസ്ത് ഒമ്പത് വെള്ളിയാഴ്ചയാണ് രാധാ ഗോവിന്ദ കര്‍ ആശുപത്രിയില്‍ 31 കാരിയായ പിജി ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലാത്തതുകൊണ്ട് 36 മണിക്കൂര്‍ തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്തശേഷം വിശ്രമിക്കാനായി കോണ്‍ഫറന്‍സ് ഹാളില്‍ എത്തിയതായിരുന്നു ഡോക്ടര്‍. താന്‍ ജോലി ചെയ്തിരുന്ന ഡിപ്പാര്‍ട്ട്‌മെന്റിനടുത്ത് വനിതാ ജീവനക്കാര്‍ക്ക് വിശ്രമമുറി ഇല്ലാത്തതുകൊണ്ട് പലപ്പോഴും ബിരുദാനന്തര ബിരുദധാരികളായ ഡോക്ടര്‍മാര്‍ സെമിനാര്‍ ഹാളിലാണ് വിശ്രമിച്ചിരുന്നത്. ഇതറിയാമായിരുന്ന ബംഗാള്‍ പോലീസിലെ വോളണ്ടിയര്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സഞ്ജയ് റോയ് ആണ് അറസ്റ്റിലായത്. ഇയാള്‍ അറിയപ്പെടുന്ന തൃണമൂല്‍ പ്രവര്‍ത്തകനും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വ്യക്തിപരമായി അറിയാവുന്ന ആളുമാണെന്നാണ് പശ്ചിമ ബംഗാളിലെ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിയെ രക്ഷപ്പെടുത്താന്‍ പോലീസും മെഡിക്കല്‍ കോളജ് അധികൃതരും സംസ്ഥാന സര്‍ക്കാര്‍ സംവിധാനവും ഒന്നടങ്കം പ്രവര്‍ത്തിക്കുകയായിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും ഭരണകക്ഷിയായ തൃണമൂലിന്റെയും ഒത്താശയില്ലാതെ ഈ തരത്തില്‍ പ്രതിയെ(കളെ) രക്ഷിക്കാനും തെളിവ് നശിപ്പിക്കാനും നടത്തിയ ശ്രമങ്ങള്‍ ഉണ്ടാവില്ല എന്നാണ് വ്യക്തമാകുന്നത്.
മനഃസാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്നതായിരുന്നു വനിതാ ഡോക്ടറോട് പ്രതി അഥവാ പ്രതികള്‍ നടത്തിയ കൊടും ക്രൂരത എന്നാണ് പ്രേത പരിശോധനയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നത്. അര്‍ദ്ധ നഗ്‌നമായിരുന്നു ഡോക്ടറുടെ മൃതദേഹം. ശ്വാസംമുട്ടിച്ചാണ് അവരെ കൊന്നത്. ശ്വാസംമുട്ടിക്കുന്നതിനിടെ അവരുടെ കഴുത്തിന്റെ എല്ല് പൊട്ടി. ബലപ്രയോഗത്തില്‍ ഇടിച്ചു തകര്‍ന്ന തലയില്‍ നിന്ന് വായിലൂടെ രക്തം പുറത്തേക്ക് ഒഴുകിയിരുന്നു. അവര്‍ ധരിച്ചിരുന്ന കണ്ണടയുടെ ചില്ലുകള്‍ തകര്‍ന്ന കണ്ണിനകത്തേക്ക് കുത്തി കയറിയിരുന്നു. അവരുടെ രണ്ടു കാലുകളും ഇരുവശത്തേക്കും വലിച്ചുകീറിയപ്പോള്‍ ഇടുപ്പെല്ല് പൊട്ടിപ്പോയിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ അടക്കം ശരീരത്തിന്റെ പല ഭാഗത്തും മുറിവുകളും ചതവുകളും ഉണ്ടായിരുന്നു. ശരീരത്തില്‍ ഉടനീളം കടികളേറ്റ പാടുകള്‍. വനിതാ ഡോക്ടറുടെ സ്വകാര്യ ഭാഗത്തുനിന്ന് 150 മില്ലി ഗ്രാം പുരുഷ ശ്രവമാണ് കണ്ടെത്തിയത്. ഒരു പുരുഷന് ഒരു സമയം പരമാവധി 15 മില്ലി ഗ്രാം ശുക്ലമേ ഉല്പാദിപ്പിക്കാന്‍ കഴിയു എന്നിരുന്നിട്ടും ഇത് ഒരാളിന്റേത് മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.സന്ദീപ് ഘോഷും പോലീസും ശ്രമിച്ചത്. ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഉള്‍പ്പെട്ട കൂട്ട ബലാത്സംഗം ആണ് നടന്നതെന്ന് മരിച്ച ഡോക്ടറുടെ വീട്ടുകാര്‍ പരാതിപ്പെട്ടിട്ടും അത് മുഖവിലയ്‌ക്കെടുക്കാതെ മറ്റെന്തോ ചില പ്രശ്‌നങ്ങള്‍ കാരണം വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആശുപത്രിയുടെ പ്രിന്‍സിപ്പല്‍ കൂടിയായ സന്ദീപ് ഘോഷ് പറഞ്ഞത്.
സന്ദീപ് ഘോഷ് അറിയപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവാണ്. നേരത്തെ അദ്ദേഹത്തെ മൂര്‍ഷിദാബാദ് ആശുപത്രിയിലേക്ക് സ്ഥലംമാറ്റിയെങ്കിലും പുതിയ പ്രിന്‍സിപ്പല്‍ ചുമതല എടുക്കാന്‍ വന്നപ്പോള്‍ മുറി പൂട്ടി ചുമതല വിട്ടുകൊടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സ്ഥലംമാറ്റം തന്നെ റദ്ദാക്കുകയായിരുന്നു. ഭരണസംവിധാനവുമായും മുഖ്യമന്ത്രിയുമായും അടുത്ത ചങ്ങാത്തം പുലര്‍ത്തുന്ന സന്ദീപ് ഘോഷ് സംഭവത്തില്‍ രാഷ്‌ട്രീയം കളിക്കുകയായിരുന്നു. കൊലപാതകം നടന്ന തൊട്ടടുത്ത ദിവസം തന്നെ കോണ്‍ഫറന്‍സ് ഹാളിന്റെ ഭിത്തി തകര്‍ത്ത് ആ മുറിയിലെ മുഴുവന്‍ തെളിവുകളും ഇല്ലാതാക്കാന്‍ നേതൃത്വം നല്‍കിയതും ഈ പ്രിന്‍സിപ്പാളാണ്. നേരത്തെ തീരുമാനിച്ച മരാമത്ത് പ്രവൃത്തികള്‍ നടപ്പിലാക്കുകയായിരുന്നു എന്നാണ് പിന്നീട് സിബിഐ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പറഞ്ഞത്. ഇവിടെയാണ് പോലീസിന്റെ വീഴ്ചയും ഒത്തുകളിയും വ്യക്തമാവുന്നത്. കൊലപാതകം നടക്കുന്ന ക്രൈം സീനുകള്‍ ഉടന്‍തന്നെ സീല്‍ ചെയ്യുകയും ഒരു തെളിവും നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്യാനുള്ള ബാധ്യത പോലീസിനാണ്. ഇക്കാര്യത്തില്‍ കേസിന്റെ തുടക്കം മുതല്‍ തന്നെ പ്രതികളെ രക്ഷപ്പെടുത്താനും സംഭവം തേച്ചുമായ്‌ക്കാനുമാണ് ശ്രമം നടന്നത്. കൊല്‍ക്കത്ത ഹൈക്കോടതിയുടെ സമയോചിത ഇടപെടലാണ് സംഭവത്തില്‍ സിബിഐ അന്വേഷണം ഉണ്ടാകാന്‍ കാരണവും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താമെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് നിലപാടെടുത്തത്. കേസ് ഡയറിയും അന്വേഷണ പുരോഗതിയും വിലയിരുത്തിയ ഹൈക്കോടതി ഉടന്‍തന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവിനോടുള്ള മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണമാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായത്. സിബിഐ അന്വേഷണം നല്ലതാണ്. ഞായറാഴ്ചയ്‌ക്ക് മുമ്പ് അവര്‍ പ്രതികളെ പിടിച്ച് തൂക്കിക്കൊല്ലട്ടെ എന്നായിരുന്നു മമതയുടെ പ്രതികരണം.
പക്ഷേ, ഇന്നുവരെ കാണാത്ത അതിശക്തമായ പ്രതിഷേധമാണ് ബംഗാളില്‍ ഉടനീളം ഉയര്‍ന്നത്. ഡോക്ടര്‍മാര്‍ പണിമുടക്കി. ബിരുദാനന്തര വിദ്യാര്‍ത്ഥികളടക്കമുള്ള വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ പഠിപ്പുമുടക്കി തെരുവിലിറങ്ങി. പ്രതിഷേധം തണുപ്പിക്കാന്‍ മുഖ്യമന്ത്രിയായ മമത തന്നെ തൃണമൂല്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ക്കും വനിതാ എംപിമാര്‍ക്കും ഒപ്പം ധര്‍ണ നടത്താനെത്തി. പ്രതിക്ക് വധശിക്ഷ നല്‍കണം എന്നായിരുന്നു അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. പക്ഷേ, മമത നടത്തിയ രാഷ്‌ട്രീയ നാടകം ജനങ്ങളുടെ മുന്നില്‍ തകര്‍ന്നുവീഴുന്ന ചിത്രമാണ് ബംഗാളില്‍ കണ്ടത്. ബിജെപിയും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ സമര രംഗത്തെത്തി. സിപിഎമ്മിന്റെ ഡോക്ടര്‍മാരുടെ സംഘടനയില്‍ അംഗമായിരുന്ന വനിതാ ഡോക്ടറുടെ പ്രശ്‌നത്തില്‍ ആ സംഘടന അതിശക്തമായി രംഗത്തെത്തി. ഇതിനിടെ മെഡിക്കല്‍ കോളജിലെത്തിയ ഏഴായിരത്തോളം പേര്‍ വരുന്ന പ്രതിഷേധക്കാര്‍ അവിടെ വ്യാപകമായ അക്രമം നടത്തി. അക്രമികള്‍ ബിജെപിയും സിപിഎമ്മും ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചപ്പോള്‍ തെളിവ് നശിപ്പിക്കാന്‍ വേണ്ടി തൃണമൂല്‍ പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് പ്രതിപക്ഷവും ആരോപിച്ചു.
മെഡിക്കല്‍ കോളജില്‍ നടന്ന അക്രമ സംഭവത്തില്‍ കേസ് പരിഗണിച്ച ഹൈക്കോടതി അതിനിശിതമായ നിരീക്ഷണങ്ങളാണ് നടത്തിയത്. 7,000 ത്തോളം പേര്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ചു കൂടിയിട്ടും സംസ്ഥാന ഇന്റലിജന്‍സിന് വിവരം ലഭിച്ചില്ലെന്നത് അവിശ്വസനീയമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമായി മാറിയെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെയും സസ്‌പെന്‍ഷനിലായ സൂപ്രണ്ട് സഞ്ജീവ് വസിഷ്ഠ് അടക്കം നാലു പേരെയും ചോദ്യം ചെയ്യുന്നത് സിബിഐ തുടരുകയാണ്. ഡോക്ടറുടെ കൊലപാതകം കൂടാതെ പോലീസിന്റെയും കോളജ് അധികൃതരുടെയും വീഴ്ചയും സിബിഐ അന്വേഷിക്കുന്നുണ്ട്.
റഞ്ഞതോടെ എങ്ങനെയും സ്വന്തം പ്രതിച്ഛായ രക്ഷപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പോലീസ് ഒരാളെയും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജിന് മുന്നില്‍ പ്രതിഷേധിച്ചിരുന്ന ജനക്കൂട്ടം അക്രമത്തിലേക്ക് തിരിയുമെന്നും മെഡിക്കല്‍ കോളജിനുള്ളില്‍ കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് ഗോയല്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
ഇതിനിടെ സ്വകാര്യമേഖലയിലായാലും സര്‍ക്കാര്‍ മേഖലയിലായാലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെ എന്തെങ്കിലും തരത്തിലുള്ള അക്രമ സംഭവമുണ്ടായാല്‍ ആറു മണിക്കൂറിനുള്ളില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും നിര്‍ദ്ദേശിച്ചു. ഇത്തരം സംഭവങ്ങള്‍ തടയാനും
കര്‍ശന നടപടി സ്വീകരിക്കാനും കേന്ദ്രതലത്തില്‍ പ്രത്യേക സംവിധാനം കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ അറിയിച്ചു.
ഐഎംഎയുടെയും ഡോക്ടര്‍മാരുടെ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ഒഴികെ ഇക്കാര്യത്തില്‍ കേരളത്തില്‍ കാര്യമായ പ്രതികരണം ഉണ്ടാകാത്തത് മമതാ ബാനര്‍ജി ഇന്‍ഡി സഖ്യത്തിലെ ഘടകക്ഷി ആയതുകൊണ്ടാണ്. തീവണ്ടിയിലെ സീറ്റ് തര്‍ക്കത്തിനിടെ തല്ലുകൊണ്ട് മരിച്ചയാളുടെ വീട്ടില്‍ പോലും സഹായധനവുമായി പോയ മുഖ്യമന്ത്രി പിണറായി വിജയന്‍, ഈ സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഒരു വാക്ക് പറഞ്ഞിട്ടില്ല.
നിര്‍ഭയ രണ്ട് എന്ന പേരില്‍ ദേശീയ തലത്തില്‍ തന്നെ ഈ സംഭവം വന്‍ വിവാദമായിട്ടും കേരളത്തിലെ സിപിഎം, എസ്എഫ്‌ഐ, പുകസ എന്നിവ പോയിട്ട് മഹിളാ സംഘം പോലും ഒരക്ഷരം മിണ്ടിയിട്ടില്ല. മെഴുകുതിരി കൊളുത്തലും കൂട്ടപ്രസ്താവനയും സച്ചിദാനന്ദന്റെ ഗദ്യ കവിതയും പാര്‍വതി തിരുവോത്തിന്റെ പ്രതിഷേധ പ്രകടനവും ഒന്നും എവിടെയും ഉണ്ടായിട്ടില്ല. മമതയ്‌ക്കെതിരെ പ്രതികരിച്ചാല്‍ നഷ്ടപ്പെടാന്‍ പലതും ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാം.
സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുന്ന പ്രായത്തില്‍ ആതുരസേവനത്തിനു വേണ്ടി മാത്രം 36 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്ത ഒരു പെണ്‍കുട്ടിയെ കൊന്നൊടുക്കിയപ്പോള്‍ പോലും അതില്‍ രാഷ്‌ട്രീയം കാണുന്ന വ്യക്തിയായി മമതാ ബാനര്‍ജി മാറുമ്പോള്‍ അതിന് ഒത്താശ ചെയ്യുന്ന രാഷ്‌ട്രീയ സഖ്യത്തെക്കുറിച്ച് എന്തു പറയാന്‍?
രാധാ ഗോവിന്ദ കര്‍ ആശുപത്രിക്ക് ഒരു മഹത്തായ പാരമ്പര്യമുണ്ട്. വിദേശത്തെ സേവനത്തിന് ശേഷം ഭാരതത്തില്‍ മടങ്ങിയെത്തിയ ആര്‍.ജി. കര്‍ സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ കിട്ടാന്‍ വേണ്ടി കല്യാണപ്പുരകളില്‍ വരെ ഇരന്നാണ് ഈ ആശുപത്രി സ്ഥാപിച്ചത്. ആ മഹത്വം പോലും ഇല്ലാതാക്കുന്ന രീതിയിലാണ് രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി മമത ഇന്ന് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക