ആഗോളതലത്തില്‍ ആഘോഷിക്കപ്പെടുന്ന ദിനങ്ങള്‍ നിരവധിയാണ്. ഓരോന്നിനുമായി നീക്കിവച്ചിരിക്കുന്ന ദിനങ്ങള്‍ ആകെയെടുക്കുമ്പോള്‍ ഒരു വര്‍ഷം പോരാതെ വരും. ഒരു ദിവസം തന്നെ ഒന്നിലധികം ദിനങ്ങള്‍ ദേശീയതലത്തിലും ആഗോളമായും ആഘോഷിക്കപ്പെടാറുണ്ട്. ഈ പട്ടികയിലേക്ക് പുതിയ ദിനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. ഇതില്‍ രണ്ട് ദിനാഘോഷങ്ങള്‍ ഭാരതീയരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ അഭിമാനകരമാണ്. ജൂണ്‍ ഇരുപത്തിയൊന്നിലെ അന്താരാഷ്ട്രാ യോഗദിനവും ആഗസ്റ്റ് പത്തൊന്‍പതിലെ ലോക സംസ്കൃത ദിനവും. 2014 ല്‍ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്താരാഷ്ട്ര യോഗ ദിനം സംബന്ധിച്ച നിര്‍ദ്ദേശം ഒരു പ്രമേയ രൂപത്തില്‍ മുന്നോട്ടുവച്ചതും, അഭൂതപൂര്‍വമായ പിന്തുണയോടെ ലോകരാജ്യങ്ങള്‍ അത് അംഗീകരിച്ചതും. അതിനു ശേഷം പത്ത് വര്‍ഷമായി ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനം അത്യുത്സാഹത്തോടെ ആഘോഷിച്ചുവരികയാണ്. മാനവരാശിയുടെ ക്ഷേമത്തിനായി ഭാരതത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ‘സോഫ്റ്റ് പവറായി’ യോഗയെ ലോകം ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ഇതുപോലെ തന്നെ ലോക സംസ്കൃതദിനവും ഇപ്പോള്‍ ആഗോളതലത്തില്‍ ആചരിക്കപ്പെടുകയാണ്. 1969 ല്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ സംസ്കൃത ദിനം പ്രഖ്യാപിച്ചുവെങ്കിലും അതിന് വേണ്ടത്ര പ്രാധാന്യം ലഭിച്ചിരുന്നില്ല. 1999 ല്‍ അടല്‍ബിഹാരി വാജ്പേയിയുടെ സര്‍ക്കാര്‍ സംസ്കൃത വര്‍ഷമായി പ്രഖ്യാപിച്ചതോടെയാണ് സംസ്കൃതത്തിന്റെ പേരില്‍ ഒരു ലോകദിനം ആവശ്യമാണെന്ന ചിന്തയ്ക്ക് പ്രാമുഖ്യം വന്നത്. 2000 ല്‍ അമേരിക്കയിലാണ് സംസ്കൃത ഭാരതിയുടെ ആഭിമുഖ്യത്തില്‍ ലോക സംസ്കൃത ദിനാചരണത്തിന് തുടക്കംകുറിച്ചത്. പിന്നീട് മറ്റ് രാജ്യങ്ങളിലും സംസ്കൃത ദിനാചരണം സംഘടിപ്പിക്കപ്പെട്ടു. ഇപ്പോള്‍ അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മനി, ആസ്ട്രേലിയ, ന്യൂസിലാന്റ്, സൗദി അറേബ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, തായ്ലന്റ് മുതലായ ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിങ്ങനെ 27 രാജ്യങ്ങളില്‍ ലോക സംസ്കൃതദിനം ആചരിക്കുന്നു.
സാഹോദര്യത്തിന്റെ ഉത്സവമായ രക്ഷാബന്ധന് ആഘോഷിക്കുന്ന ശ്രാവണ പൗര്‍ണമി ദിനത്തില്‍ തന്നെയാണ് ലോക സംസ്കൃത ദിനവും ആചരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ലോകത്തെ എക്കാലത്തെയും മികച്ച വ്യാകരണ പണ്ഡിതനായ പാണിനിയോടുള്ള ആദരസൂചകമായാണ് ഈ ദിനം തെരഞ്ഞെടുത്തത്. സംസ്കൃത ഭാഷയോടുള്ള അഭിമാനം വളര്‍ത്തുകയും, ആധുനിക കാലത്ത് അതിന്റെ മഹത്വം പൂര്‍ണമായി പുറത്തുകൊണ്ടുവരികയും, കമ്പ്യൂട്ടര്‍-ഡിജിറ്റല്‍ യുഗത്തില്‍ ഈ ഭാഷയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിക്കുകയുമാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ലോകത്തെ ഏറ്റവും പഴക്കമുള്ള ഭാഷയായ സംസ്കൃതം ഭാഷകളുടെ മാതാവായാണ് കരുതപ്പെടുന്നത്. ദ്രാവിഡ ഭാഷകളിലുള്‍പ്പെടെ ഭാരതീയ ഭാഷകളിലെല്ലാം സംസ്കൃതത്തിന്റെ സ്വാധീനം പ്രകടമാണ്. ജര്മന്പോലുള്ള വിദേശഭാഷകള്‍ക്കും സംസ്കൃതബന്ധമുണ്ട്. ഇന്‍ഡോ-ജര്‍മന്‍ ഭാഷാഗ്രൂപ്പ് എന്നു വേര്‍തിരിച്ച് ജര്‍മന്‍ ഭാഷയുടെ സ്വാധീനമാണ് സംസ്കൃത ഭാഷയിലുള്ളതെന്നു വരുത്താന്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ ഭാരതീയ സംസ്കാരത്തിന്റെ പൗരാണികതയും മഹത്വവും പഠനവിധേയമാക്കുമ്പോള്‍ ഇത് നേരെ മറിച്ചാണെന്ന് കാണാന്‍ കഴിയും. സംസ്കൃതം ജര്‍മന്‍ ഭാഷയെ സ്വാധീനിക്കുകയായിരുന്നു. ഇതിന് തെളിവായി പല കാര്യങ്ങളും ചൂണ്ടിക്കാട്ടാനാവും. ദേവവാണി എന്നുകൂടി പേരുള്ള സംസ്കൃതത്തിന് ഏറ്റവും കുറഞ്ഞത് 5000 വര്‍ഷത്തെ പഴക്കമുണ്ട്. ഋഗ്വേദ കാലഘട്ടമാണിത്.
ഭരണഘടന അംഗീകരിച്ചിട്ടുള്ള ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളില്‍ ഉള്‍പ്പെടുന്നതാണ് സംസ്കൃതവും. മലയാളവും തമിഴും തെലുങ്കും കന്നഡയുമൊക്കെ ഇതില്‍പ്പെടുന്നു. എന്നാല്‍ ദേവഭാഷയായി കരുതപ്പെടുന്ന സംസ്കൃതത്തിന് മറ്റ് ഭാരതീയ ഭാഷകളെക്കാള്‍ മഹത്വമുണ്ട്. ഭാഷാപരമായ സങ്കുചിതചിന്താഗതി വച്ചുപുലര്‍ത്തുന്നതുകൊണ്ട് ഇത് പലരും അംഗീകരിക്കാറില്ലെന്നു മാത്രം. രാഷ്ട്രഭാഷയായ ഹിന്ദിക്കെതിരെ പോലും യുദ്ധം പ്രഖ്യാപിക്കുന്നവര്‍ സംസ്കൃതത്തിന്റെ മഹത്വം അറിയണമെന്നോ അംഗീകരിച്ചുകൊള്ളണമെന്നോ ഇല്ലല്ലോ. ഭാരതീയമായ കലയും സാഹിത്യവും ശാസ്ത്രവുമൊക്കെ പടര്‍ന്നു പന്തലിച്ചതും വിടര്ന്നുല്ലസിച്ചതും സംസ്കൃത ഭാഷയിലൂടെയാണ്. സംസ്കൃതം എന്ന ഭാഷയില്ലായിരുന്നുവെങ്കില് ഭാരതീയമായ സംഗീതവും നൃത്തവും മറ്റ് സുകുമാരകലകളും ഇത്രയ്ക്ക് അഭിവൃദ്ധി പ്രാപിക്കില്ലായിരുന്നു. ആസ്തികവും നാസ്തികവുമായ ഭാരതീയ ദര്‍ശനങ്ങള്‍ ഇത്രയേറെ വികസിക്കില്ലായിരുന്നു. കാലപ്രവാഹത്തില്‍ സംസ്കൃതം നേരിട്ട പ്രധാന പ്രശ്നം അത് സംസാരഭാഷ അല്ലാതായിത്തീര്ന്നതാണ്. പ്രാദേശിക ഭാഷകള്‍ വികസിച്ചതുള്പ്പെടെ ഇതിന് നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. പുതിയ കാലത്ത് സംസ്കൃതം നേരിടുന്ന പ്രധാന വെല്ലുവിളി അതിനെ കൂടുതല്‍ ജനകീയമാക്കുകയെന്നുള്ളതാണ്. സംസ്കൃതം വരേണ്യരുടെ ഭാഷയാണെന്ന തെറ്റിദ്ധാരണ നീക്കേണ്ടതുണ്ട്. രാമായണത്തിലും മറ്റും കാണുന്നതുപോലെയുള്ള ലാളിത്യം പില്ക്കാലത്ത് സംസ്കൃത ഭാഷയ്ക്ക് നഷ്ടമായി. സംസ്കൃതത്തെ ഒരു ജീവല്‍ ഭാഷയായി പരിചയപ്പെടുത്താനും പഠിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ വിശ്വസംസ്കൃത പ്രതിഷ്ഠാന്‍, സംസ്കൃത ഭാരതി മുതലായ സംഘടനകള്‍ നടത്തിവരികയാണ്. ലോക സംസ്കൃത ദിനാചരണം ഇതിന്റെ ഗതിവേഗം വര്‍ധിപ്പിക്കുമെന്ന് തീര്‍ച്ചയായും കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: