തിരുവനന്തപുരം: വിവാദ ഫെയ്സ്ബുക്ക് പോസ്റ്റ് സിപിഎമ്മിന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് കോണ്‍ഗ്രസും ലീഗും ശ്രമിക്കുന്നതെന്ന് ഖാദിബോര്‍ഡ് വൈസ്ചെയര്‍മാന്‍ പി. ജയരാജന്. ഫെയ്സ്ബുക്ക് പോസ്റ്റ് തന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അത് പ്രചരിപ്പിക്കാനല്ല, തെരഞ്ഞെടുപ്പ് കമ്മിഷനും പോലീസിലും പരാതി നല്‍കാനാണ് ശ്രമിച്ചതെന്നും ജയരാജന് പറഞ്ഞു.
പി.കെ. ശൈലജ മുസ്ലിം വിരുദ്ധയാണെന്ന് സ്ഥാപിക്കുന്ന നിലയിലുള്ള പ്രചാരണങ്ങളാണ് മാധ്യമങ്ങളും ലീഗും നടത്തിയത്. ഇപ്പോള്‍ പുതിയ തരത്തിലുള്ള പ്രചാരണമാണ് ദൃശ്യമാധ്യമങ്ങള്‍ നല്‍കുന്നത്. യഥാര്‍ത്ഥത്തില്‍ മതപരമായ ധ്രൂവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള കുടിലശ്രമം നടത്തിയത് കോണ്‍ഗ്രസും ലീഗുമാണ്. ഇത് മറച്ചുവച്ചുകൊണ്ടാണ് സിപിഎമ്മിനെതിരെ ആരോപണമുന്നയിക്കുന്നതെന്ന് ജയരാജന് പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനായി സമഗ്രമായ അന്വേഷണം നടത്തണമെന്നും പി.ജയരാജന് പറഞ്ഞു.
കാഫിര്‍ പോസ്റ്റ് ഷെയര്‍ ചെയ്ത അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫെയ്സ്ബുക്ക് പേജിന്റെ അഡ്മിന് സിപിഎം നേതാവ് മയ്യില്‍ സ്വദേശി മനീഷ് മനോഹരനാണെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. പി. ജയരാജന്റെ വിശ്വസ്തനും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുമാണ് മനീഷ്. ഏപ്രില്‍ 25ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം മനീഷിന് സ്ക്രീന്‍ഷോട്ട് ലഭിക്കുകയും ഉടന്‍തന്നെ അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേജില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: