കൊല്‍ക്കത്ത: വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ തൃണമൂലിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകന്. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളെ നട്ടുവളര്‍ത്തി. ഇത്രയും വലിയ ക്രൂര ആക്രമണത്തിന് പിന്നില്‍ മമതാ സര്‍ക്കാരാണെന്നും ഡോക്ടറുടെ അഭിഭാഷകന് ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ പറഞ്ഞു.
നീതിക്ക് വേണ്ടി പ്രതിഷേധിക്കുന്നവരെ തൃണമൂല്‍ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുന്നു. ഉപദ്രവിക്കുന്നു. അവര്‍ തെളിവുകള്‍ നശിപ്പിക്കുന്നു. പ്രതിഷേധക്കാര്‍ക്കിടയില്‍ കയറി അക്രമങ്ങള്‍ അഴിച്ചുവിടുന്നു. പോലീസ് അറസ്റ്റ് ചെയ്തവരില്‍ തൃണമൂല്‍ ഗുണ്ടകളും ഉള്‍പ്പെട്ടിട്ടുണ്ട്.
കേസന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥയാണുണ്ടായത്. അതുകൊണ്ടാണ് കേസന്വേഷണം ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. മൃതദേഹം പരിശോധിച്ച ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞത് അസുഖം ബാധിച്ചാണ് മരിച്ചതെന്നാണ്. പിന്നീടത് ആത്മഹത്യയായി. ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് വ്യക്തമാക്കാന്‍ പോലും പോലീസും ഡോക്ടര്‍മാരും തയാറായില്ല. മൃതദേഹം സംസ്കരിക്കുന്നതിന് വേണ്ടിയുള്ള നടപടികളാണ് അവര്‍ ചെയ്തതെന്നും അഭിഭാഷകന് കുറ്റപ്പെടുത്തി.
അതേസമയം അറസ്റ്റിലായ സഞ്ജയ് റോയിയെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ അനുമതി ലഭിച്ചതായി സിബിഐ. ഇതിനായി ഇന്നലെ സിബിഐ കോടതിയെ സമീപിച്ചിരുന്നു. നേരത്തെ സഞ്ജയ് റോയിയെ മനഃശാസ്ത്ര പരിശോധനകള്‍ക്കും വിധേയനാക്കിയിരുന്നു.
മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെ തുടര്‍ച്ചയായ മൂന്നാംദിവസവും സിബിഐ ചോദ്യം ചെയ്തു. ഘോഷിന്റെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ ലഭിക്കാന്‍ മൊബൈല്‍ ഫോണ്‍ സേവനദാതാവുമായി ബന്ധപ്പെടും. കൊലപാതകമുണ്ടായതിനുശേഷം കോളജില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്ദേശിച്ചതിനെക്കുറിച്ചും സന്ദീപ് ഘോഷിനോട് വ്യക്തതതേടി. ആശുപത്രിയിലെ നെഞ്ചുരോഗ വിഭാഗം മേധാവി ഡോ. അരുണവ് ദത്ത ചൗധരി, ഡോ. സഞ്ജയ് വസിഷ്ഠ് എന്നിവരെയും സിബിഐ സംഘം ചോദ്യംചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: