ന്യൂദല്‍ഹി: ആഗോളതലത്തില്‍ കുരങ്ങുപനി വ്യാപകമാകുന്ന സാഹചര്യത്തില്‍ പരിശോധനാ ലാബുകള്‍ രാജ്യമെങ്ങും സജ്ജീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്കി. എംപോക്സ് എന്ന കുരങ്ങുപനിയുടെ വ്യാപനത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ പ്രധാനമന്ത്രി തുടര്‍ച്ചയായി നിരീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ മിശ്ര അറിയിച്ചു.
മോദിയുടെ നിര്‍ദേശ പ്രകാരം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങളും അനുബന്ധമായി ചെയ്യേണ്ട പൊതുജനാരോഗ്യ നടപടികളും അവലോകനം ചെയ്തു. രോഗപ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനാരോഗ്യ ബോധവല്‍ക്കരണ കാമ്പയിന്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.
ആഫ്രിക്കയുടെ പലഭാഗങ്ങളിലും കുരങ്ങുപനി വ്യാപകമായതോടെയാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കോംഗോയിലാണ് ഏറ്റവുമധികം കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭാരതത്തില്‍ 30 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവസാന കേസ് മാര്‍ച്ചിലാണ് ഉണ്ടായത്. നിലവില്‍ രാജ്യത്ത് കുരങ്ങുപനി കേസുകളില്ലെങ്കിലും അതീവ ജാഗ്രതാനിര്‍ദേശം നല്കിയിട്ടുണ്ട്.
രാജ്യത്തെമ്പാടുമായി 32 ലാബുകള്‍ ഇതുവരെ സജ്ജീകരിച്ചിട്ടുണ്ട്. യോഗത്തില്‍ നിതി ആയോഗ് അംഗം ഡോ.വി.കെ. പോള്‍, ആരോഗ്യ-കുടുംബക്ഷേമസെക്രട്ടറി അപൂര്‍വ ചന്ദ്ര, ആരോഗ്യ ഗവേഷണ സെക്രട്ടറി ഡോ. രാജീവ് ബാല്‍, ദേശീയ ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി കൃഷ്ണ എസ് വത്സ, വാര്‍ത്താവിതരണ പ്രക്ഷേപണ സെക്രട്ടറി സഞ്ജയ് ജാജു, നിയുക്ത ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: