അവസരത്തിന് കിടക്ക പങ്കിടണമെന്ന സ്ഥിതിയാണ് മലയാള സിനിമയിലുള്ളതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായതായി നടി മൊഴി നൽകി.
തലേ ദിവസത്തെ ദുരനുഭവം തന്നെ മാനസികമായി തളർത്തിയെന്നും പിറ്റേന്ന് ഷോട്ട് എടുക്കുന്നതിനായി 17 റീ ടേക്കുകൾ വരെ എടുക്കേണ്ടി വന്നുവെന്നും താരം മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ പേരിൽ സംവിധായകൻ മോശമായി സംസാരിച്ചെന്നും നടി പറയുന്നു. ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ നടിമാർക്ക് മേൽ സമ്മർദ്ദമുണ്ട്. നഗ്നതാപ്രദർശനവും ആവശ്യപ്പെടും. വഴങ്ങാത്തവരെ പ്രശ്‌നക്കാരായി മുദ്രകുത്തും.
എതിർക്കുന്നവർക്ക് സൈബർ ആക്രമണമുൾപ്പെടെയുള്ള ഭീഷണികൾ നേരിടേണ്ടി വരുന്നു. ലൈംഗിക അവയവങ്ങളുടെ ഫോട്ടോകൾ നടിമാർക്ക് അയച്ചു നൽകുന്നു. താത്പര്യത്തിന് വഴങ്ങാത്തവരെ റിപ്പീറ്റ് ഷോട്ടുകൾ എടുപ്പിച്ച് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സ്ത്രീകളോട് പ്രാകൃത സമീപനമാണ് പുലർത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമയെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: