തിരുവനന്തപുരം ;മലയാള സിനിമാ മേഖലയില്‍ അടിമുടി സ്ത്രീവിരുദ്ധതയെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍ മലയാളം സിനിമയിലെ മാഫിയ കരിയര്‍ നശിപ്പിക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. എതിര്‍ത്താല്‍ അശ്ലീല ഭാഷയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വരും. നടിമാരുടെ വാതില്‍ മുട്ടുന്നത് പതിവാണ്. പലപ്പോഴും വാതില്‍ പൊളിച്ച് അകത്ത് വരുമോ എന്ന് പോലും ഭയമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഇടനിലക്കാരായി വലിയ ബുദ്ധിമുട്ടുകളാണ് നടിമാര്‍ക്ക് ഉണ്ടാക്കുന്നത്. പരാതിപ്പെടുന്ന നടിമാരുടെ കുടുംബാംഗങ്ങളെ വരെ ഭീഷണിപ്പെടുത്താറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സിനിമാ സെറ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. പലരും മൂത്രമൊഴിക്കുന്നത് ഒഴിവാക്കാനായി വെള്ളം പോലും കുടിക്കാതെയാണ് ജോലി ചെയ്യുന്നത്. ഷൂട്ടിങ് സെറ്റുകളിൽ കുടുംബത്തിൽ ഉള്ളവരെ ഒപ്പം കൊണ്ട് പോകേണ്ട അവസ്ഥയാണ്.
മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സെറ്റില്‍ സ്ത്രീകള്‍ വെള്ളം കുടിക്കാതെ നില്‍ക്കുന്നു. പല സ്ത്രീകള്‍ക്കും യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്. ഒന്ന് കിടക്കാനോ ഉറങ്ങാനോ ഉള്ള സൗകര്യങ്ങളില്ല. ലൊക്കേഷനിൽ നിന്നും പത്ത് മിനിറ്റുകളോളം നടന്നാൽ മാത്രമാണ് ശുചിമുറികൾ. എന്നാൽ അവിടേക്ക് പോകാനുള്ള പെർമിഷൻ പോലും നൽകുന്നില്ലെന്നും സ്ത്രീ അഭിനേതാക്കൾ പറഞ്ഞതായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
പലര്‍ക്കും പരാതി പറയാന്‍ പോലും ഭയമാണ്. മലയാള സിനിമയിലേക്ക് കടന്നുവരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പോലും കടുത്ത ചൂഷണത്തിനാണ് ഇരയാവുന്നത്. താരങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്കുമെല്ലാം വഴങ്ങിയാല്‍ സിനിമയില്‍ അവസരം നല്‍കാമെന്നാണ് ഇവരോട് പറയുന്നത്.
പലര്‍ക്കും ഭയന്നാണ് വഴങ്ങേണ്ടി വരുന്നത്. മലയാളത്തിലെ ഒരു നടിക്ക് ചൂഷണം ചെയ്തയാളുടെ ഒപ്പം അടുത്ത ദിവസം അഭിനയിക്കേണ്ടി വന്നു. ഈ നടന്റെ മുഖത്ത് നോക്കാന്‍ പോലും സാധിച്ചില്ല. അതുകൊണ്ട് 16 ടേക്കുകള്‍ വരെ പോകേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സിനിമാ രംഗത്ത് നിശബ്ദരാക്കപ്പെട്ടുവെന്നാണ് മറ്റൊരു വിമർശനം. മൊഴി നല്‍കാന്‍ സാക്ഷികള്‍ തയ്യാറായത് ഭയത്തോടെയാണ്. അതിക്രമം കാട്ടിയ പലരും ഉന്നതരെന്ന് മൊഴി കിട്ടി. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പോലീസിനെ പരാതിയുമായി സമീപിക്കാൻ കഴിയാത്ത നിലയാണ്. അങ്ങനെ പരാതി നൽകിയാൽ പ്രത്യാഘാതം ഭീകരമെന്ന ഭീഷണിയാണ് ഉണ്ടാവുന്നത്. സോഷ്യല്‍ മീഡിയ ആക്രമണവും പരാതി നല്‍കാതിരിക്കാന്‍ കാരണമാണ്. സ്ത്രീകളെ അശ്ലീല ഭാഷയിലൂടെ സൈബർ ആക്രമണത്തിന് വിധേയരാക്കുന്നുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
മലയാള സിനിമ ചിലരുടെ കൈകളിലാണെന്നും റിപ്പോർട്ട് പറയുന്നു. ആഭ്യന്തര പരാതി പരിഹാര സമിതികളെ ഈ താരങ്ങൾ ഭീഷണിപ്പെടുത്തുന്നു. സ്ത്രീകള്‍ എന്തിനും വഴങ്ങുമെന്ന പൊതു കാഴ്ചപ്പാട് സിനിമാ രംഗത്തുണ്ട്. സിനിമയിലേക്ക് സ്ത്രീകൾ വരുന്നത് പണത്തിനും പ്രശസ്തിക്കും വേണ്ടിയെന്നാണ് പ്രചാരണം. നടിമാർ പണം ഉണ്ടാക്കാൻ വരുന്നവർ ആണെന്നും ആരുടെ കൂടെയും കിടക്ക പങ്കിടുമെന്ന പൊതുബോധവും നിലവിലുണ്ട്. പ്രശ്നക്കാരിയെന്ന് തോന്നിയാല്‍ ഈ താരങ്ങളെ പിന്നീട് സിനിമയിലേക്ക് വിളിക്കില്ലെന്നും റിപ്പോർട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: