പാലക്കാട്: സംസ്ഥാനത്ത് ആധാരമെഴുത്ത് മേഖലയും ഡിജിറ്റലിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി നിലവില്‍ ഒരു ലക്ഷം രൂപയ്‌ക്ക് മുകളിലേക്കുള്ള ഇടപാടുകള്‍ക്ക് ഇ-സ്റ്റാമ്പിങ് രീതി നിലവിലുണ്ടെങ്കിലും ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് മുദ്രപത്രങ്ങള്‍ കിട്ടാനില്ല.
മിക്ക ജില്ലകളിലും ഇവ ലഭ്യമല്ലാത്ത സ്ഥിതിയാണ്. വ്യാപകമായി ലഭിച്ചിരുന്ന 100, 200, 500 രൂപയുടെ മുദ്രപത്രങ്ങള്‍ക്ക് കടുത്ത ക്ഷാമമായതോടെ ആവശ്യക്കാര്‍ നെട്ടോട്ടമോടുകയാണ്. 100 രൂപയുടെ സ്റ്റാമ്പ് പേപ്പറിന് പകരം 20 രൂപയുടെ സ്റ്റാപ്പ് പേപ്പറില്‍ 100 രൂപക്ക് സമാനമായ സീല്‍ അടിച്ചും 80 രൂപയുടെ സ്റ്റാമ്പുകള്‍ ഒട്ടിച്ചുമാണ് വില്‍പ്പന നടത്തുന്നത്. ചിലയിടങ്ങളില്‍ 10 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ ലഭിച്ചിരുന്നെങ്കിലും 100 രൂപയുടെ ആവശ്യത്തിന് 10 രൂപയുടെ 10 എണ്ണം വാങ്ങേണ്ട ഗതികേടിലാണ്.
വാടകക്കരാര്‍, ലീസ് എഗ്രിമെന്റ്, വാഹന വില്‍പ്പന കരാര്‍ തുടങ്ങിയവയൊക്കെ 100, 200 രൂപയുടെ എഗ്രിമെന്റ് നിര്‍ബന്ധമായതിനാല്‍ വസ്തു – വാഹന ഏജന്റുമാരും ദുരിതത്തിലാണ്. ജില്ലയില്‍ പ്രധാനമായും സ്റ്റാമ്പ് പേപ്പര്‍ ലഭിച്ചിരുന്ന സിവില്‍ സ്റ്റേഷനകത്തും ഇപ്പോള്‍ കിട്ടാത്ത സ്ഥിതിയാണ്. ആധാരമെഴുത്ത് ഓഫീസുകളിലും ഇവ ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ അവിടെയും ഇല്ലെന്ന ബോര്‍ഡാണ് ഉയരുന്നത്.
ഒലവക്കോട്, പറളി സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കു സമീപത്തും ആധാരമെഴുത്തോഫീസുകളിലും ഇപ്പോള്‍ സ്റ്റാമ്പ് പേപ്പറുകള്‍ കിട്ടാത്ത സ്ഥിതിയാണ്. മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലും കിട്ടാതായതോടെ അവിടെ നിന്നുള്ളവരും ഇവിടെയെത്തി ഇവ വാങ്ങിക്കൊണ്ടുപോകും. 20 രൂപയുടെ സ്റ്റാമ്പ് പേപ്പറുകളില്‍ സീല്‍ അടിച്ചും സ്റ്റാമ്പ് ഒട്ടിച്ചും നല്‍കുന്ന 100 രൂപക്കു സമാനമായ മുദ്രപത്രങ്ങള്‍ നേരത്തെ ലഭ്യമായിരുന്നെങ്കിലും ഇത് പലരും വാങ്ങാന്‍ മടിക്കുന്ന സ്ഥിതിയാണ്. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയില്‍ 19 ലക്ഷം രൂപക്കുള്ള 20 രൂപയുടെ 1,63,000 രൂപയ്‌ക്കുള്ള 5 രൂപയുടെയും സ്റ്റാമ്പ് പേപ്പറുകളാണ് അവശേഷിക്കുന്നത്.
സംസ്ഥാനത്ത് 1600 ഓളം ലൈസന്‍സ് വെന്‍ഡര്‍മാരാണുള്ളത്. ഒരു ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് ഇ-സ്റ്റാമ്പിങിനുള്ള നടപടികള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. സാധാരണ സാമ്പത്തിക വര്‍ഷാവസാനം മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം നേരിടാറുണ്ടെങ്കിലും ഇപ്പോള്‍ സ്ഥിതി മറിച്ചാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക