കാൺപൂർ ; സബർമതി എക്സ്പ്രസ് പാളം തെറ്റിയ സംഭവം അട്ടി മറിയെന്ന് സംശയം . ഭീകരസംഘടനകൾ ട്രെയിൻ അപകടപ്പെടുത്താൻ ശ്രമിച്ചതാകാമെന്നാണ് സൂചന . ട്രെയിൻ മറിഞ്ഞ് കൂടുതൽ ആളപായമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ട്രാക്കിൽ കൃത്രിമം കാണിച്ച രീതി സൂചിപ്പിക്കുന്നതെന്നാണ് അന്വേഷണ സംഘങ്ങളുടെ നിഗമനം. ഇതേ തുടർന്ന് ഐബിക്ക് പിന്നാലെ ഇപ്പോൾ എടിഎസും അന്വേഷണത്തിൽ പങ്കാളിയായിട്ടുണ്ട്.
രണ്ട് ദിവസം മുൻപാണ് ഉത്തർപ്രദേശിൽ കാൺപുരിന് സമീപം സബർമതി എക്സ്പ്രസ് പാളം തെറ്റിയത് . കാൺപുർ റെയിൽവേ സ്റ്റേഷനു സമീപം പുലർച്ചയോടെയായിരുന്നു സംഭവം. ആളപായമില്ലെങ്കിലും റെയിൽ ഗതാഗതം തടസപ്പെട്ടു. 20 ബോഗികളാണ് പാളം തെറ്റിയത്.
സംഭവത്തിൽ ജൂഹിയുടെ സീനിയർ സെക്ഷൻ എഞ്ചിനീയർ മഹേന്ദ്ര പ്രതാപ് സിംഗ് സിസോദിയ പങ്കി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തു. ട്രാക്കിൽ സൂക്ഷിച്ചിരുന്ന ഭാരമേറിയ വസ്തുവിൽ ട്രെയിൻ എഞ്ചിൻ ഇടിച്ചതായാണ് റിപ്പോർട്ട് . സബർമതി എക്‌സ്പ്രസ് എത്തുന്നതിന് ഒരു മണിക്കൂർ 20 മിനിറ്റ് മുമ്പ് പട്‌ന എക്‌സ്പ്രസ് ഈ ട്രാക്കിലൂടെ കടന്നുപോയതിനാലാണ് ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്. പട്‌ന എക്‌സ്പ്രസ് കടന്നു പോകുന്ന സമയത്ത് ലൈൻ വ്യക്തമായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക