ബെംഗളൂരു: സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയുടെ ഉടമസ്ഥതയിലുള്ള മൈസൂരു കേസരു വില്ലേജിലെ 3.16 ഏക്കര്‍ ഭൂമിയാണ് വിവാദ കേന്ദ്രം. ഈ സ്ഥലം ഒരു ലേഔട്ട് വികസനത്തിനായി മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിട്ടി (മുഡ) ഏറ്റെടുത്തു, പാര്‍വതിക്ക് 50:50 പദ്ധതി പ്രകാരം നഷ്ടപരിഹാരമായി 2022ല്‍ വിജയനഗറില്‍ 14 പ്രീമിയം സൈറ്റുകള്‍ അനുവദിച്ചു. എന്നാല്‍, പാര്‍വതിക്ക് അനുവദിച്ച സ്ഥലത്തിന് മുഡ ഏറ്റെടുത്ത സ്ഥലത്തേക്കാള്‍ കൂടുതല്‍ വിലയുണ്ടെന്ന് പിന്നീട് വ്യക്തമായിരുന്നു.
ഏറ്റെടുത്ത ഭൂമിയില്‍ പാര്‍വതിക്ക് നിയമപരമായ അവകാശമില്ലെന്ന ആരോപണവും പ്രതിപക്ഷമടക്കമുള്ളവര്‍ ഉന്നയിക്കുന്നുണ്ട്. ജൂലൈയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസ് അന്വേഷിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എന്‍. ദേശായിയുടെ നേതൃത്വത്തില്‍ ഏകാംഗ അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. എന്നാല്‍ കാര്യമായ നടപടിയുണ്ടായില്ല. ഭൂമി നല്കിയതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഡ കമ്മിഷണര്‍ക്ക് ടി.ജെ. എബ്രഹാം ആഗസ്തില്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു.
ഭൂമി സംബന്ധിച്ച എല്ലാ കണക്കുകളും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സിദ്ധരാമയ്യ മറച്ചുവെച്ചെന്നും ആരോപണമുണ്ട്. പാര്‍വതി നല്കിയ ഭൂമിയില്‍ ദേവന്നൂര്‍ ലേഔട്ട് വികസിപ്പിച്ച മൈസൂരു നഗര വികസന അതോറിറ്റി, ഭൂമിയുടെ മൂല്യം താരതമ്യേന കൂടുതലുള്ള വിജയ നഗറില്‍ അവര്‍ക്കു 38,284 ചതുരശ്ര അടി പകരം നല്കി. ഇതുവഴി മൈസൂരു നഗരവികസന അതോറിറ്റിക്കും കര്‍ണാടക സര്‍ക്കാരിനും 4000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് ആരോപണം.
ഇതിനിടെ സിദ്ധരാമയ്യക്കെതിരെയുള്ള രണ്ട് സ്വകാര്യ ഹര്‍ജികള്‍ പ്രത്യേക കോടതി പരിഗണിക്കാനായി മാറ്റിവെച്ചിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് സിദ്ധരാമയ്യ പറയുന്നത്. എന്നാല്‍ തെളിവുകള്‍ പുറത്തുവന്നതോടെ കുറ്റം ബിജെപിയുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: