തിരുവനന്തപുരം: പുതുതലമുറയ്‌ക്ക് ഇഷ്ടപ്പെടുന്ന വസ്ത്രങ്ങളുമായി ഓണവില്‍പനയ്‌ക്ക് ഒരുങ്ങി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്. ഡിജിറ്റല്‍ പ്രിന്റിങ് ഡിസൈനില്‍ ചെയ്ത സ്ലിം ഷര്‍ട്ടുകള്‍, മസ്ലിന്‍ കോട്ടണ്‍ സാരികള്‍, കുര്‍ത്തകള്‍, ‘ഖാദികൂള്‍’ എന്ന പേരില്‍ പുറത്തിറക്കിയ പാന്റുകള്‍, മസ്ലിന്‍ ഡബിള്‍ മുണ്ടുകള്‍, കുപ്പടം മുണ്ടുകള്‍, കളര്‍ മുണ്ടുകള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ലേഡീസ് ടോപ്പുകള്‍, ബെഡ് ഷീറ്റുകള്‍ തുടങ്ങിയവയാണ് വിപണിയിലേക്ക് എത്തുന്നത്. ഓണം പ്രമാണിച്ച് 30ശതമാനം റിബേറ്റ് ലഭിക്കുമെന്നും ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മേളയുടെ സംസ്ഥാനതല ഉദ്ഘാടനം 19ന് അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് പങ്കെടുക്കും. ഓണം സമ്മാന പദ്ധതിയില്‍ ഓരോ ആയിരം രൂപയുടെ ബില്ലിനും നല്കുന്ന കൂപ്പണില്‍ ഒന്നാം സമ്മാനമായി 5000 രൂപയുടെയും രണ്ടാം സമ്മാനമായി 3000 രൂപയുടെയും മൂന്നാം സമ്മാനമായി 1000 രൂപയുടെയും ഉത്പന്നങ്ങള്‍ നല്കും. ജില്ലകള്‍ തോറും ആഴ്ചയില്‍ ഒരിക്കലാണ് നറുക്കെടുപ്പ്. ഷോറൂം വഴിയുള്ള വില്‍പ്പനയ്‌ക്കു പുറമെ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പ്പനയും പ്രദര്‍ശനവും നടക്കും.
കെഎസ്എഫ്ഇ ഗ്യാലക്‌സി ചിട്ടികളുടെ നറുക്കെടുപ്പ് വിജയികള്‍ക്ക് ഖാദി സെറ്റും മുണ്ടും ഡബിള്‍ മുണ്ടും സമ്മാനമായി നല്കും. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രം ധരിക്കണമെന്ന തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ഓണത്തിന് സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ ക്രഡിറ്റ് സൗകര്യവുമുണ്ട്. വസ്ത്രങ്ങള്‍ കേരള ഖാദി എന്ന പേരിലാണ് വിപണിയിലെത്തുക. ഓണ്‍ലൈന്‍ വിപണത്തിനുള്ള തയാറെടുപ്പുകള്‍ നടക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു. കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍മാരായ സാജന്‍ തൊടുക, എസ് ശിവരാമന്‍, സെക്രട്ടറി കെ.എ. രതീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: