ടെക്സാസ്: യുഎസിലെ ടെക്സാസിൽ ഉണ്ടായ കാർ അപകടത്തിൽ ഇന്ത്യക്കാരായ ദമ്പതികൾക്കും മകൾക്കും ദാരുണാന്ത്യം. ടെക്സാസിലെ ലിയാണ്ടർ സ്വദേശികളായ അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), മകൾ ആൻഡ്രിൽ അരവിന്ദ് (17) എന്നിവരാണ് മരിച്ചത്. ലംപാസ് കൗണ്ടിക്ക് സമീപം ബുധനാഴ്ച പുലർച്ചെ 5:45നാണ് അപകടമുണ്ടായത്.
മകളെ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. അരവിന്ദിന്റെ കാറിലേക്ക് ഇടിച്ചു കയറിയ കാറിലുണ്ടായിരുന്ന രണ്ടുപേരും മരിച്ചു. അരവിന്ദും കുടുംബവും സഞ്ചരിച്ച കാര്‍ 112 കിലോമീറ്റര്‍ വേഗത്തിലും ഇവരുടെ വാഹനത്തിലേക്ക് ഇടിച്ച കാര്‍ 160 കിലോമീറ്റര്‍ വേഗത്തിലുമായിരുന്നു.
അരവിന്ദ്-പ്രദീപ ദമ്പതിമാരുടെ മകൻ ആദിർയാൻ (14) അപകടസമയത്ത് ഇവർക്കൊപ്പമില്ലായിരുന്നു. ഹൈസ്കൂള്‍ പഠനം പൂർത്തിയാക്കിയ ആൻഡ്രില്‍ ഡാലസ് സർവകലാശാലയില്‍ കമ്പ്യൂട്ടർ സയൻസ് പഠനത്തിന് ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. എതിരെ വന്ന കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നിയന്ത്രണംവിട്ട വാഹനം അരവിന്ദിന്റെ കാറില്‍ ഇടിക്കുകയായിരുന്നു.
വാഹനാപകടത്തെ തുടർന്ന് അച്ഛനും അമ്മയും സഹോദരിയും മരണപ്പെട്ടതോടെ അനാഥനായി 14കാരനായ അദിർയാൻ. മാതാപിതാക്കളെയും സഹോദരിയെയും നഷ്ടമായ അദിർയാനായി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഗോ ഫണ്ട് മീ എന്ന പേജ് വഴി ഇതുവരെ 7,00,000 ഡോളറിലധികം തുക സമാഹരിച്ചു. സപ്പോർട്ട് ഫോർ അദിർയാൻ എന്ന ക്യാപ്ഷനോടെയാണ് ധനസമാഹരണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: