സാഹിത്യത്തെ സംസ്കാരപഠനത്തിന്റെയും സാമൂഹികശാസ്ത്രസിദ്ധാന്തങ്ങളുടെയും തട്ടകത്തില്‍ തളച്ചിടുന്ന പ്രവണതയാണ് പൊതുവേ നിരൂപണമെന്നനിലയില് ഇന്നു നടന്നുവരുന്നത്. കൃതികളെ അവയെഴുതിയ കാലത്തിന്റെയും സാഹിത്യചരിത്രത്തിന്റെയും പശ്ചാത്തലത്തിലും, അവയിലെ ഉള്ളടക്കത്തെ സൗന്ദര്യബോധത്തോടെയും യുക്തിബോധത്തോടെയും പരിശോധിക്കുന്ന പണ്ഡിതോചിതമായ രീതി മലയാളത്തില്‍ കുറഞ്ഞിരിക്കുന്നു. സാഹിത്യകൃതികള്‍ അത്തരം വായന അര്‍ഹിക്കുന്ന ഈ സാഹചര്യത്തിലാണ് ഡോ.നടുവട്ടം ഗോപാലകൃഷ്ണന് എഴുതിയ 19 ലേഖനങ്ങളുടെ സമാഹാരമായ ‘സാഹിത്യത്തിന്റെ വഴികള്‍’ എന്ന കൃതി പ്രസക്തമാകുന്നത്. ഗവേഷകന്, ഭാഷാപണ്ഡിതന്‍, സാഹിത്യാദ്ധ്യാപകന്‍ എന്നീ നിലകളില്‍ ഗ്രന്ഥകര്‍ത്താവിനുള്ള അറിവും അനുഭവവും ഈ കൃതിയിലെ ലേഖനങ്ങളെ ഈടുറ്റതാക്കുന്നു.
‘മലയാളസാഹിത്യഭാഷയുടെ വികാസപരിണാമങ്ങള്‍’ എന്ന ആദ്യലേഖനത്തില്‍, പ്രാചീനകാലംമുതല്‍ ആധുനികകാലംവരെയുള്ള പദ്യ-ഗദ്യസാഹിത്യഭാഷയുടെ വികാസത്തിന്റെ സാമാന്യമായ ചരിത്രം നല്‍കുന്നുണ്ട്. തമിഴ്-മലയാളം, സംസ്കൃത-മലയാളം, മണിപ്രവാളം, മിഷനറി സ്വാധീനം, ഇംഗ്ലിഷ് സ്വാധീനം എന്നിവ എടുത്തുപറയുന്നുണ്ട്. ‘പുരോഗമനസാഹിത്യ പ്രസ്ഥാനം’ എന്ന ദീര്‍ഘലേഖനം, അതിന്റെ ചരിത്രം വിശദമാക്കുന്നതോടൊപ്പം ആ പ്രസ്ഥാനം മുന്നോട്ടുവെച്ച ആശയങ്ങളെ വിശകലനംചെയ്യുകയും, അവയിലെ മേന്മകളെയും പരാജയകാരണങ്ങളെയും കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു. ദേശചരിത്രത്തിലൂന്നാത്ത ചിന്താഗതിയും രാഷ്ട്രീയമായ പിടിവാശിയുമാണ്. ആ പ്രസ്ഥാനത്തെ തകര്‍ത്തതെന്ന് നിരീക്ഷിക്കുന്നു. ശ്രദ്ധേയമായ മറ്റൊരു പഠനമാണ് ‘ദൈവപ്പാട്ടുകള്‍’ എന്നത്. ആര്യ-അനാര്യദേവതാസങ്കല്പ്പത്തെപ്പറ്റിയും ബ്രാഹ്മണാധിപത്യം കേരളത്തിലെ തനത് അനുഷ്ഠാനങ്ങളെ പരിവര്ത്തിപ്പിച്ചതിനെപ്പറ്റിയും ചരിത്രപരമായി വിശദീകരിച്ചുകൊണ്ട് കേരളീയരീതി തുടരുന്ന ദൈവപ്പാട്ടുകളെന്ന അനുഷ്ഠാനത്തെപ്പറ്റി വിവരിക്കുന്നു. പ്രാദേശിക ചരിത്രത്തിന്റെയും അധിനിവേശത്തിന്റെയും സൂക്ഷ്മചിത്രം വെളിപ്പെടുന്ന പഠനമാണിത്. ‘കര്‍ണ്ണാടകത്തിലെ വചനസാഹിത്യവും ബസവണ്ണയും’ എന്ന ലേഖനവും ആ വിഷയത്തെ ചരിത്രപരമായി വിശദീകരിക്കുന്നു. ‘പരിസ്ഥിതിയും മലയാളസാഹിത്യവും’ എന്ന പഠനം പരിസ്ഥിതിസംരക്ഷണത്തെപ്പറ്റിയും വിവിധ കാലങ്ങളിലെ കവിതയിലെ പരിസ്ഥിതിപരാമര്ശത്തെപ്പറ്റിയും വിശദമാക്കുന്നു.
സമത്വസുന്ദരമായ ഒരു ലോകത്തെ സ്വപ്നംകണ്ട് സാമൂഹികലക്ഷ്യത്തോടെയാണ് കുഞ്ചന്നമ്പ്യാര് കാവ്യചന നിര്‍വ്വഹിച്ചതെന്ന് ‘കുഞ്ചന്നമ്പാരുടെ കാവ്യലോകം’ എന്ന ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു. ‘വള്ളത്തോളിന്റെ നാഗില’ എന്ന ലേഖനത്തില്‍, അതിന്റെ ഇതിവൃത്തവിശകലനംനടത്തി സ്ത്രീവിമോചനത്തിന്റെ കാഴ്ചപ്പാടില്‍ നാഗിലയുടെ ജീവിതം പശ്ചാത്ഗമനമാണെന്ന് നിരീക്ഷിക്കുന്നു. ‘സങ്കല്പ്പകാന്തിക്കൊരാമുഖം’ എന്ന ലേഖനത്തില്‍, ആ കൃതിയിലെ കവിതകളെ വര്‍ഗ്ഗീകരിച്ച് അവയിലെ കാവ്യഭംഗിയും ചങ്ങമ്പുഴയുടെ നിലപാടുകളും വ്യക്തമാക്കുന്നു. ‘ദേശീയത പി. ഭാസ്കരന്റെ കവിതകളില്‍’ എന്ന ലേഖനം സൂക്ഷ്മമായ വായനയുടെ ഫലമാണ്. ദേശീയവാദിയും ഇടതുസഹയാത്രികനുമായിരുന്ന ഭാസ്കരന്, പില്ക്കാലത്ത് രാഷ്ട്രീയ ബന്ധങ്ങളില്‍നിന്നു പ്രത്യക്ഷത്തില്‍ വിട്ടുനിന്നെങ്കിലും പതിതവര്ഗ്ഗത്തോടു സഹഭാവം പുലര്‍ത്തുകയും, അവരുടെ ഉയര്‍ച്ച ആഗ്രഹിക്കുകയും ചെയ്ത ദേശീയവാദിയായ കവിയായിരുന്നുവെന്ന് സമര്‍ത്ഥിക്കുന്നുണ്ട്.
2018-ലെ അതിവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, 1099ലെ വെള്ളപ്പൊക്കത്തെക്കുറിച്ചുണ്ടായ സാഹിത്യസ്മരണകളും, കൊച്ചുണ്ണിത്തമ്പുരാനെഴുതിയ കവിതയുടെ വിശകലനവുമാണ് ‘അതിവാതവര്‍ഷം’ എന്ന ലേഖനത്തില്‍ നിര്‍വ്വഹിച്ചിട്ടുള്ളത്. പ്രകൃതിദുരന്തങ്ങളെപ്പറ്റിയുള്ള സാഹിത്യാവിഷ്കാരങ്ങളുടെ പഠനത്തിനു പ്രേരകമാണിത്. കുണ്ടൂരിന്റെ കോമപ്പന്‍ എന്ന കാവ്യത്തിന്റെ വിശകലനമാണ് ‘കോമപ്പന്‍’ എന്ന ലേഖനം. ‘കെ.സി.കേശവപിള്ളയുടെ സദാരാമ’ എന്ന ലേഖനത്തില്‍, സദാരാമയുടെ ഇതിവൃത്തം വിസ്തരിച്ചു പ്രതിപാദിക്കുകയും ഈ സംഗീതനാടകത്തിന്റെ സാമാന്യസ്വഭാവം എടുത്തുകാട്ടുകയും ചെയ്യുന്നുണ്ട്. ‘ആത്മകഥയെന്ന സര്‍ഗ്ഗവ്യാപാരം’ എന്നതില്‍, ജീവചരിത്രം-ആത്മകഥ എന്നിവയെപ്പറ്റിയുള്ളപൊതുനിരീക്ഷണങ്ങള്ക്കുശേഷം ആത്മകഥകളെ മൂന്നായി തിരിച്ച് ശ്രദ്ധേയമായ ഏതാനുമെണ്ണത്തെ പ്രത്യേകമായി പരിശോധിക്കുന്നു.
ഗവേഷണസ്വഭാവം പ്രകടമാകുന്ന ലേഖനങ്ങളും ഇതിലുണ്ട്. അതിലൊന്നാണ് ‘ഉത്തരരാമചരിതം ഭാഷാനാടകം’ എന്നത്. ചാത്തുക്കുട്ടി മന്നാടിയാരുടെ ഉത്തരരാമചരിത വിവര്‍ത്തനമാണ് ഇന്നിപ്പോള്‍ പ്രസിദ്ധമെങ്കിലും അതിനുമുമ്പേ സി.പി.അച്യുതമേനോന്റെ നേതൃത്വത്തിലുണ്ടായ വിവര്‍ത്തനമാണ് ഇവിടെ പരിശോധിക്കുന്നത്. അതുണ്ടാകാനിടയായ സാഹചര്യവും ആ വിവര്‍ത്തനത്തിന്റെ സാഹിതീയമായ സവിശേഷതകളും വിവരിക്കുന്നത് നാടകഗവേഷകര്ക്ക് ഉപകാരപ്രദമാണ്. ‘രാമായണകഥാപാത്രങ്ങള്‍ രാമചരിതത്തില്‍’ എന്ന ലേഖനവും ഗവേഷണപരമാണ്. രാമായണത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ രാമചരിതത്തിലെത്തിയപ്പോള് എങ്ങനെ ഭാഷാപരമായി പരിവര്‍ത്തിച്ചു എന്നതിന്റെ സമഗ്രമായ വിവരണമാണത്. ശ്രീനാരായണഗുരുവിന്റെ അനുകമ്പാദശകം, കാളിനാടകം എന്നീ കൃതികളെ സാമാന്യമായി പരിശോധിക്കുകയും, അവയുടെ ഭാഷാപരവും ദാര്‍ശനികവുമായ തലങ്ങളിലൂന്നി വ്യാഖ്യാനിക്കുകയും ചെയ്യുന്ന രണ്ടു ലേഖനങ്ങള്‍ ഈ സമാഹാരത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നുണ്ട്. ‘ദത്ത ദയധ്വം ദമ്യത’ എന്ന ലേഖനവും ദാര്‍ശനികമായ ജാഗ്രത കാട്ടുന്നുണ്ട്. ബൃഹദാരണ്യകോപനിഷത്തില്‍ ഈ ‘ദ ത്രയം’ എങ്ങനെ വരുന്നുവെന്നും അതിന്റെ ഉള്ക്കാഴ്ചയെന്തെന്തെന്നും വ്യക്തമാക്കുകയും, ഭഗവദ്ഗീതയും എലിയറ്റിന്റെ വേസ്റ്റ് ലാന്‍ഡും അതിനെ എങ്ങനെ ഉള്‍ക്കൊണ്ടുവെന്നും ഇതില്‍ ആലോചിക്കുന്നുണ്ട്. പരമമായ ലോകബോധത്തിന്റെ അടിസ്ഥാനസൂചകമായി ഈ ഉപനിഷത് ദര്‍ശനത്തെ ഗ്രന്ഥകര്‍ത്താവ് കാണുകയും ചെയ്യുന്നു.
സാഹിത്യത്തെ നോക്കിക്കാണാനും വിശകലനംചെയ്യാനും കൃതികേന്ദ്രിതവും സാഹിത്യചരിത്രബദ്ധവുമായ കാഴ്ചപ്പാടാണ് ഈ പുസ്തകത്തില്‍ ഉപയോഗിക്കുന്നത്. ദീര്‍ഘമായ ഗവേഷണത്തിന്റെയും സാഹിത്യവായനയുടെയും അദ്ധ്യാപനത്തിന്റെയും ഫലമായി രൂപപ്പെട്ടു നിറഞ്ഞ സൗന്ദര്യ-യുക്തികളാണ് ഇത്തരം പഠനങ്ങളുടെ അന്തസ്സത്ത. പ്രാചീനകാലംമുതല്‍ ആധുനികകാലംവരെയുള്ള സാഹിത്യം സാമാന്യമായും പ്രസക്തമായ ചില കൃതികള്‍ സവിശേഷമായും വിശകലനം ചെയ്യപ്പെടുന്നുണ്ട്. ചരിത്രബോധം, ദാര്‍ശനികബോധം, സൗന്ദര്യാത്മകയുക്തി, താരതമ്യബോധം, വിശകലനപാടവം, ഗവേഷണാത്മകത, ഭാഷാചരിത്രബോധം എന്നിവ ഉചിതജ്ഞതയോടെ തെളിയുന്ന ഇതിലെ ലേഖനങ്ങള്‍ മികച്ച വായനാനുഭവം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: