ബംഗളൂരു: ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാന്‍ അനുമതി നല്‍കിയത് തന്റെ വിവേചന അധികാരം ഉപയോഗിച്ചാണെന്ന് ഗവര്‍ണര്‍ താവര്‍ചന്ദ് ഗലോട്ട്. ഇക്കാര്യത്തില്‍ മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാന്‍ ബാധ്യതയില്ലെന്നും അദ്ദേഹം നിലപാടെടുത്തു.
അതേസമയം മധ്യപ്രദേശ് സര്‍ക്കാരും മധ്യപ്രദേശ് സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്‌റും തമ്മിലുണ്ടായ കേസില്‍ സുപ്രീംകോടതിയുടെ വിധി ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് അനുകൂലമാണെന്ന് നിയമവൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു. 2004 ല്‍ ഈ കേസില്‍ മധ്യപ്രദേശിലെ ഭൂമി അഴിമതി കേസില്‍ രാജേന്ദ്രകുമാര്‍ സിംഗ്, ബിസാഹു റാം യാദവ് എന്നീ മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ നല്‍കിയ അനുമതിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഗവര്‍ണറുടെ നടപടി അഞ്ചംഗ സുപ്രീംകോടതി ബഞ്ച് ശരിവയ്‌ക്കുകയിരുന്നു.സര്‍ക്കാരിന്റെ അനുമതി ഇല്ലെങ്കിലും പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഉണ്ടെങ്കില്‍ വിവേചനാധികാരം ഉപയോഗിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നാണ് സുപ്രീംകോടതി വിധിച്ചത്.
കര്‍ണാടകയുടെ കാര്യത്തില്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതികളും അതിന്മേലുള്ള നോട്ടീസ് പ്രകാരം മുഖ്യമന്ത്രിയുടെ മറുപടിയും വിലയിരുത്തിയാണ് ഗവര്‍ണര്‍ തീരുമാനം എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക