ജനജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും പൗരന്മാര് നിയമപരമായ സങ്കീര്‍ണതകളുടെ വലയില്‍ കുടുങ്ങാതിരിക്കാന്‍ 1500-ലധികം നിയമങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു. ഇതിലൂടെ ചെറിയ കുറ്റങ്ങള്‍ക്ക് തടവുശിക്ഷ നല്കുന്ന സമ്പ്രദായം നിര്‍ത്തലായി; വ്യക്തികളെ ജയിലിലേക്ക് അയയ്ക്കുന്ന നിയമത്തിലെ വ്യവസ്ഥകള്‍ നീക്കം ചെയ്തു. ഇന്ന്, നമ്മുടെ സ്വാതന്ത്ര്യത്തില്‍ അഭിമാനം കൊള്ളുന്ന പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരം (ഭാരതീയ) ന്യായ സംഹിത എന്നറിയപ്പെടുന്ന പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നാം കൊണ്ടുവന്നു. ശിക്ഷയല്ല, പൗരന്മാര്ക്ക് നീതി ഉറപ്പാക്കുക എന്ന ആശയമാണ് ഇതിന്റെ കാതല്‍.
വികസിതഭാരതം എന്ന സ്വപ്നത്തിന് ഭരണപരിഷ്കാരങ്ങള്‍ അത്യന്താപേക്ഷിതമാണ്. സാധാരണ പൗരന്മാരുടെ ജീവിതത്തില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിനും ഈ പരിഷ്കാരങ്ങളുമായി നാം മുന്നോട്ട് പോകണം. പൗരന്മാര് അവരുടെ ജീവിതത്തില്‍ അന്തസ് അനുഭവിക്കണം. ” ഇത് എന്റെ അവകാശമായിരുന്നു, എനിക്ക് അത് ലഭിച്ചില്ല”എന്ന് ആരും പറയരുത്. ജനങ്ങള്‍ അവര്‍ക്ക് അര്‍ഹമായതിനെക്കുറിച്ച് അന്വേഷിക്കേണ്ടതില്ല. അതിനാല്‍, ഭരണനിര്‍വഹണത്തിലെ വിതരണസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തുടനീളം ഏകദേശം 3 ലക്ഷം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തോ നഗര പഞ്ചായത്തോ നഗരപാലികയോ മഹാനഗരപാലികയോ കേന്ദ്രഭരണപ്രദേശമോ സംസ്ഥാനമോ ജില്ലയോ കേന്ദ്രമോ ഏതുമാകട്ടെ, ഈ 3 ലക്ഷം ചെറുകിട യൂണിറ്റുകള്‍ സജീവമാണ്. ഓരോ യൂണിറ്റും തങ്ങളുടെ തലത്തില്‍ പ്രതിവര്‍ഷം രണ്ട് പരിഷ്കാരങ്ങള്‍ നടപ്പാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുകയാണെങ്കില്‍ പ്രതിവര്‍ഷം 25-30 ലക്ഷം പരിഷ്കാരങ്ങള്‍ക്ക് കാരണമാകും. 25-30 ലക്ഷം പരിഷ്കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ സാധാരണക്കാരന്റെ ആത്മവിശ്വാസം ഉയരും. ഈ ആത്മവിശ്വാസം നമ്മുടെ രാഷ്ട്രത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും.
യുവാക്കള്‍ക്കായി മൂന്ന് പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാ മേഖലകളിലും പുരോഗതി ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. 1. എല്ലാ മേഖലകളിലും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കണം. 2.സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തണം. 3. പൗരന്മാര്ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും മെച്ചപ്പെടുത്തുകയും വേണം.
രാജ്യം പ്രതിശീര്‍ഷ വരുമാനം ഇരട്ടിയാക്കി. ആഗോള വളര്‍ച്ചയില്‍ ഭാരതത്തിന്റെ സംഭാവന ഗണ്യമാണ്. കയറ്റുമതി തുടര്‍ച്ചയായി വര്‍ധിക്കുന്നു. വിദേശനാണ്യ കരുതല്‍ ശേഖരം ഇരട്ടിയായി. ആഗോള സ്ഥാപനങ്ങള്‍ ഭാരതത്തില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്നു. ഭാരതം ശരിയായ പാതയിലാണെന്നും അതിവേഗത്തില്‍ മുന്നേറുന്നുവെന്നും നമ്മുടെ സ്വപ്നങ്ങള്‍ക്ക് വലിയ ശക്തിയുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു.
നമ്മുടെ ഗോത്രവര്‍ഗ ജനസംഖ്യ ചെറുതാണെങ്കിലും അവരുടെ ക്ഷേമത്തിലും വികസനത്തിലും സര്‍ക്കാരിന് ആശങ്കയുണ്ട്. പ്രധാനമന്ത്രി ജന്‍ മന് പദ്ധതികളുടെ പ്രയോജനങ്ങള്‍ ഗ്രാമങ്ങളിലും കുന്നുകളിലും കാടുകളിലും ഉള്ള വിവിധ വിദൂര വാസസ്ഥലങ്ങളിലെ ഓരോരുത്തര്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതും വെല്ലുവിളിയാണ്. എന്നിരുന്നാലും നാം അതിനായി എല്ലാ ശ്രമങ്ങളും നടത്തും. നാം സ്ത്രീകളെ ബഹുമാനിക്കുക മാത്രമല്ല, അവരുടെ ക്ഷേമത്തിനായി സഹാനുഭൂതിയോടെ തീരുമാനങ്ങള്‍ എടുക്കുകയും വേണം. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി നീട്ടി. അമ്മയുടെ മടിയിലിക്കുന്ന, നാളത്തെ പൗരനായി മാറേണ്ട കുഞ്ഞിനോട് നമുക്ക് ഉത്തരവാദിത്തമുണ്ട്. അത് അമ്മയെ പരിചരിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ.
ഭിന്നശേഷിക്കാരായ നമ്മുടെ സഹോദരങ്ങള്‍ ഇന്ത്യന്‍ ആംഗ്യഭാഷയില്‍ ആശയവിനിമയം നടത്താന്‍ തുടങ്ങുമ്പോള്‍, അല്ലെങ്കില്‍ ‘സുഗമ്യ’ (പ്രാപ്യമായ) ഭാരത് വഴി ഏവരെയും ഉള്‍ക്കൊള്ളുന്നതും പ്രാപ്യവുമായ രാഷ്ട്രം എന്ന യജ്ഞത്തില്‍നിന്ന് പ്രയോജനം നേടുമ്പോള്‍, അവര്‍ ബഹുമാനിക്കപ്പെടുകയും രാജ്യത്തെ പൗരനെന്ന നിലയിലുള്ള അന്തസ്സ് ആസ്വദിക്കുകയും ചെയ്യുന്നു. പാരാലിമ്പിക്സില്‍ നമ്മുടെ കായിക താരങ്ങള്‍ മികച്ച പ്രകടനം നടത്തുന്നു. അവര്‍ നമ്മുടെ കരുതലില്‍ നിന്നാണു ശക്തിയാര്‍ജിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഭേദഗതികള്‍ കൊണ്ടുവന്നു. പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെയും എല്ലാവര്ക്കും അന്തസ്സും ബഹുമാനവും സമത്വവും ഉറപ്പാക്കുന്നതിലൂടെയും നാം നീതിയുക്തമായ തീരുമാനങ്ങള്‍ എടുക്കുന്നു.
വിദ്യാഭ്യാസ നയവും നൈപുണ്യ വികസനവും
പുതിയ വിദ്യാഭ്യാസ നയത്തിലൂടെ, 21-ാം നൂറ്റാണ്ടിന്റെ ആവശ്യകതകള്‍ക്ക് അനുസൃതമായി നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം മാറും. പുതിയ പ്രതിഭകളെ നിലനിര്‍ത്തുന്നതില്‍ ഈ വിദ്യാഭ്യാസ നയത്തിന് വലിയ പങ്കുണ്ട്. രാജ്യത്തെ യുവാക്കള്‍ വിദേശത്ത് പഠിക്കാന്‍ നിര്‍ബന്ധിതരാകരുത്.രാജ്യത്തെ യുവാക്കള്‍ വിദേശത്തേക്ക് പോകേണ്ട ആവശ്യമില്ലാത്ത വിദ്യാഭ്യാസ സംവിധാനം വികസിപ്പിക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം. മാതൃഭാഷയുടെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. ഭാഷയുടെ പേരില്‍ രാജ്യത്തിന്റെ കഴിവുകള്‍ തടസ്സപ്പെടരുത്. ഭാഷ ഒരു തടസ്സമാകരുത്. മാതൃഭാഷയുടെ കരുത്ത് നമ്മുടെ രാജ്യത്തെ ഏറ്റവും പാവപ്പെട്ട കുട്ടിയെ പോലും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രാപ്തരാക്കുന്നു.
നൈപുണ്യത്തിന് ഉത്തേജനം നല്‍കുന്നതിനായി വ്യവസായം 4.0 എന്ന ആശയം മനസ്സില്‍ വച്ചുള്ള , നൈപുണ്യ വികസനമാണ് ലക്ഷ്യമിടുന്നത്. കാര്‍ഷിക മേഖലയിലുള്‍പ്പടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നൈപുണ്യ വികസനം വേണം. അതിനാല്‍ വിപുലമായ തോതിലാണ് നാം സ്കില്‍ ഇന്ത്യ പ്രോഗ്രാമുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ ലക്ഷ്യത്തിനായി ഈ വര്‍ഷത്തെ ബജറ്റില്‍ വലിയൊരു ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
ശാസ്ത്രരംഗത്ത് ഗവേഷണം തുടര്‍ച്ചയായി ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സ്ഥിരം സംവിധാനം വികസിപ്പിക്കുന്നതിന് നിയമപരമായ ചട്ടക്കൂട് നല്കുന്ന നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന് രൂപം കൊടുത്തിട്ടുണ്ട്. ഈ ഗവേഷണ ഫൗണ്ടേഷന് ആ ജോലി നിര്‍വഹിക്കും. നമ്മുടെ രാജ്യത്തെ യുവാക്കളുടെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ബജറ്റില്‍ ഗവേഷണത്തിനും നവീകരണത്തിനുമായി ഒരു ലക്ഷം കോടി രൂപ നീക്കിവയ്ക്കാന്‍ തീരുമാനിച്ചത് അഭിമാനകരമാണ്.
ഭാരതീയരായ നിരവധി വിദ്യാര്‍ഥികളാണ് മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ മേഖലയില്‍ 75,000 പുതിയ സീറ്റുകള്‍ സൃഷ്ടിക്കും.
കാര്‍ഷിക മേഖലയ്ക്കായി കരുതല്‍
നമ്മുടെ കാര്‍ഷിക സമ്പ്രദായത്തില്‍ പരിവര്‍ത്തനം ഉണ്ടാവണം. രാജ്യത്തെ കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുകയും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അവരെ സഹായിക്കുകയും ചെയ്യുന്നു. കര്‍ഷകരുടെ ഉല്പന്നങ്ങളുടെ മൂല്യവര്‍ദ്ധന ഉറപ്പാക്കാനും അവരെ സഹായിക്കുന്നു. കര്‍ഷകര്‍ക്ക് സഹായം ലഭിക്കത്തക്ക വിധത്തില്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള സമഗ്രമായ ക്രമീകരണങ്ങളും നടത്തുന്നുണ്ട്.
ഇന്ന് ലോകം മുഴുവന്‍ ഭൂമിയെ കുറിച്ച് ആശങ്കാകുലരാണ്. രാസവളങ്ങളുടെ ഉപയോഗം മൂലം മണ്ണിന്റെ ആരോഗ്യവും അനുദിനം നശിക്കുന്നു. മാതൃഭൂമിയുടെ (മണ്ണിന്റെ) ഉല്പാദനക്ഷമത കുറയുകയും, നശിക്കുകയും ചെയ്യുന്നു. ഈ നി
ര്‍ണായക വേളയില്‍, ജൈവകൃഷിയുടെ പാത തെരഞ്ഞെടുത്ത് ഭൂമാതാവിനെ പരിപോഷിപ്പിക്കുകയും, സംരക്ഷിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് നന്ദി. ഈ വര്‍ഷത്തെ ബജറ്റില്‍, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി നാം കാര്യമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും ഗണ്യമായ പദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സ്ത്രീ സുരക്ഷ പ്രധാനം
സമീപ വര്‍ഷങ്ങളില്‍, നാം സ്ത്രീകളാല്‍ നയിക്കപ്പെടുന്ന വികസന മാതൃകയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നവീകരണമോ, തൊഴിലോ, സംരംഭകത്വമോ ആകട്ടെ, എല്ലാ മേഖലകളിലും സ്ത്രീകള്‍ ഗണ്യമായ മുന്നേറ്റം നടത്തുന്നുണ്ട്. ഇത് വെറും പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതില്‍ മാത്രമല്ല, സ്ത്രീകള്‍ നേതൃത്വപരമായ പങ്കുകളും വഹിക്കുന്നു. ഇന്ന്, പല മേഖലകളിലും-അത് നമ്മുടെ പ്രതിരോധ മേഖലയോ, വ്യോമസേനയോ, കരസേനയോ, നാവികസേനയോ, ബഹിരാകാശ മേഖലയോ ആകട്ടെ- നമ്മുടെ സ്ത്രീകളുടെ ശക്തിക്കും കഴിവുകള്‍ക്കും നാം സാക്ഷ്യം വഹിക്കുന്നു.
മറുവശത്ത്,വളരെയധികം ആഘാതമുണ്ടാക്കുന്ന ചില സമ്മര്‍ദ്ദകരമായ ആശങ്കകളുണ്ട്, അതിനാല്‍, ചുവപ്പ് കോട്ടയുടെ ഈ കൊത്തളത്തില്‍ നിന്ന് ഒരിക്കല്‍ കൂടി അവയെ ഉയര്‍ത്തി കാണിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ അമ്മമാരോടും ,സഹോദരിമാരോടും, പെണ്മക്കളോടും കാണിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കണം. രോഷം രാജ്യത്തും പൗരന്മാര്ക്കിടയിലും ദൃശ്യമാണ്. ഈ രോഷം എനിക്ക് മനസിലാക്കാന്‍ കഴിയുന്നുണ്ട്. സംസ്ഥാനങ്ങളും, സമൂഹവും, രാജ്യവും ഈ ദുഷ്പ്രവണതയെ ഗൗരവമായി കാണേണ്ടതുണ്ട്. സര്‍ക്കാരിലും , ജുഡീഷ്യറിയിലും, സിവില്‍ സമൂഹത്തിലും വിശ്വാസം പുനഃസ്ഥാപിക്കുന്നതിന് ഇത്തരം പൈശാചിക പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കണം. ബലാത്സംഗത്തിന് ഇരയായ നമ്മുടെ അമ്മമാരെയും പെണ്മക്കളെയും കുറിച്ച് എല്ലാ മാധ്യമങ്ങളിലും ഉയര്‍ത്തിക്കാട്ടുകയും സമൂഹത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു, പക്ഷെ ബലാത്സംഗം ചെയ്യുന്നവര്‍ വാര്‍ത്തയാകുന്നില്ല. ഇത്തരം പാപ കൃത്യങ്ങള്‍ ചെയ്യുന്നവര്‍ തൂക്കുകയര്‍ ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങളെ ഭയക്കുന്ന തരത്തില്‍ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളെ കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത്തരം ഒരു ഭയം സൃഷ്ടിക്കേണ്ടത് വളരെ പ്രധാനമാണ്.
പ്രതിരോധ മേഖലയെ കുറിച്ച് പറയുമ്പോള്‍, പ്രതിരോധ ബജറ്റിലെ ഏത് വര്‍ദ്ധനയെയും ചോദ്യം ചെയ്യുന്ന ശീലം നമുക്ക് ഉണ്ടായിരുന്നു. ഫണ്ട് എവിടെയാണ് വിനിയോഗിച്ചതെന്നറിയാന്‍ ആരും ശ്രമിച്ചിട്ടില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കായിരുന്നു പ്രതിരോധ ബജറ്റ് ചെലവഴിച്ചിരുന്നത്. ഈ മേഖലയിലും സ്വയം പര്യാപ്തരാകുമെന്ന പ്രതിരോധ സേനയുടെ വാഗ്ദാനത്തില്‍ ഞാന്‍ നന്ദിയുള്ളവനാണ്. ഇനി ഇറക്കുമതി ചെയ്യില്ലെന്ന് തീരുമാനിച്ച കാര്യങ്ങളുടെ ഒരു ലിസ്റ്റ് അവര്‍ പങ്കിട്ടു. നമ്മുടെ സൈന്യത്തില്‍ നിന്നാണ് യഥാര്‍ത്ഥ രാജ്യസ്നേഹം പഠിക്കേണ്ടത്. ഈ മനോഭാവത്തിന്റെ ഫലമായി പ്രതിരോധ മേഖലയില്‍ നാം സ്വയം പര്യാപ്തരാവുകയാണ്. പ്രതിരോധ ഉല്‍പ്പാദന മേഖലയിലും ഭാരതം സാന്നിധ്യം അടയാളപ്പെടുത്തി. ചെറുകിട വസ്തുക്കള്‍പോലും ഇറക്കുമതി ചെയ്യുന്നതിനെ ആശ്രയിച്ചിരുന്ന നമ്മുടെ പ്രതിരോധ മേഖല ക്രമേണ വിവിധ പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതിക്കാരായും നിര്‍മ്മാതാവായും സ്വയം നിലയുറപ്പിച്ചുകൊണ്ടിരിക്കുന്നു.
നിക്ഷേപകരുടെ ഭാരതം
ലോകത്തിലെ പല പ്രമുഖ കമ്പനികളും ഭാരതത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നു. ഇതൊരു സുവര്‍ണ്ണാവസരമാണ്. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വ്യക്തമായ നയങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു. സദ്ഭരണത്തിന് ഉറപ്പ് നല്‍കുകയും ക്രമസമാധാന സ്ഥിതിയില്‍ അവരുടെ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുക. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ആരോഗ്യകരമായ മത്സരത്തില്‍ ഏര്‍പ്പെടണം. ഈ മത്സരം അവരുടെ സംസ്ഥാനങ്ങളിലേക്ക് നിക്ഷേപം കൊണ്ടുവരികയും അവിടുത്തെ യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
നയങ്ങള്‍ മാറ്റേണ്ടതുണ്ടെങ്കില്‍, സംസ്ഥാനങ്ങള്‍ ആഗോള ആവശ്യങ്ങള്‍ക്കനുസരിച്ച് അവ ക്രമീകരിക്കണം. ഭൂമി ആവശ്യമാണെങ്കില്‍ സംസ്ഥാനങ്ങള്‍ ഒരു ലാന്‍ഡ് ബാങ്ക് സൃഷ്ടിക്കണം. സംസ്ഥാനങ്ങള്‍ സദ്ഭരണത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും ഇക്കാര്യത്തില്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍, ഈ നിക്ഷേപകര്‍ അവിടെ ദീര്‍ഘകാലത്തേക്ക് തുടരാനുള്ള സാധ്യത കൂടുതലാണ്. ഇത് കേന്ദ്രത്തിന് മാത്രം ചെയ്യാന്‍ കഴിയില്ല; പദ്ധതികള്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാരുകളും ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. പഴയ ശീലങ്ങള്‍ ഉപേക്ഷിച്ച് വ്യക്തമായ നയങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ സംസ്ഥാനങ്ങളും തിളങ്ങും.
ഭാരതം അതിന്റെ ഏറ്റവും മികച്ച ഗുണനിലവാരത്തിനാല്‍ അംഗീകരിക്കപ്പെടേണ്ടത് പ്രധാനമാണ്. ഭാരതീയ ഉല്‍പ്പന്നങ്ങളെ അന്താരാഷ്ട്ര നിലവാരത്തിന്റെ പര്യായമാക്കാന്‍ നാം ശ്രമിക്കണം. അപ്രകാരമാകുമ്പോള്‍, അത് നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള സ്വീകാര്യത ലഭിക്കുന്നത് എളുപ്പമാക്കും. രൂപകല്പന മേഖലയില്‍ നിരവധി പുതിയ കാര്യങ്ങള്‍ ലോകത്തിന് നല്കാന് കഴിയും. ‘ ഇന്ത്യയില്‍ രൂപകല്പന ചെയ്യുക ‘ എന്ന ആഹ്വാനത്തെ ഉള്‍ക്കൊള്ളുകയും ‘ ഇന്ത്യയില്‍ രൂപകല്പന ചെയ്യുക, ലോകത്തിനായി രൂപകല്‍പ്പന ചെയ്യുക ‘എന്ന സ്വപ്നവുമായി മുന്നോട്ട് പോകുകയും വേണം.
ഗെയിമിംഗ് ലോകത്ത് വലിയ വിപണി ഉയര്‍ന്നുണ്ട്. എന്നിരുന്നാലും, ഇന്നും, ഗെയിമിംഗിന്റെ സ്വാധീനവും ഈ ഗെയിമുകള്‍ സൃഷ്ടിക്കുന്നതില്‍ നിന്നുള്ള ലാഭവും പ്രാഥമികമായി വിദേശ കമ്പനികളുടെ കൈവശമാണ്. ഭാരതത്തിന് സമ്പന്നമായ ഒരു പാരമ്പര്യമുണ്ട്. ഗെയിമിംഗ് ലോകത്തേക്ക് നമുക്ക് പുതിയ പ്രതിഭകളെ കൊണ്ടുവരാന്‍ കഴിയും. നമ്മുടെ രാജ്യത്ത് നിര്‍മിച്ച ഗെയിമുകളിലേക്ക് ലോകമെമ്പാടുമുള്ള കുട്ടികളെ ആകര്‍ഷിക്കാന്‍ നമുക്ക് കഴിയും. ഗെയിമിംഗ് ലോകത്ത്, നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ആഗോളതലത്തില്‍ സ്വാധീനം ചെലുത്തണം. നമ്മുടെ ആനിമേറ്റര്‍മാര്‍ക്ക് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. ആനിമേഷന്‍ വ്യവസായത്തില്‍ ശക്തമായ സാന്നിധ്യം സ്ഥാപിക്കാന്‍ നമുക്ക് കഴിയും, ആ ദിശയിലാവണം പ്രവര്‍ത്തനം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: