ന്യൂദല്‍ഹി: സൈന്യത്തിനു വേണ്ടി 6,500 കോടിയുടെ 400 ഹൊവിറ്റ്‌സര്‍ തോക്കുകള്‍ (ചെറു പീരങ്കികള്‍) വാങ്ങാനുള്ള കരാര്‍ നടപടികള്‍ ആരംഭിച്ചു. ഭാരത കമ്പനികളാണ് സേനയ്‌ക്കായി ഹൊവിറ്റ്‌സര്‍ പീരങ്കികള്‍ നിര്‍മിക്കുന്നത്.
മുമ്പ് യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നാണ് ഭാരതം ഹൊവിറ്റ്‌സര്‍ വാങ്ങിയിരുന്നത്. ഏതാനും വര്‍ഷങ്ങളായി തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങള്‍ക്കാണ് സേന ഊന്നല്‍ നല്കുന്നത്.
തോക്കുകള്‍ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും ചെറു പീരങ്കിക്ക് സമാനമാണ് ഹൊവിറ്റ്‌സര്‍. 25 കിലോമീറ്റര്‍ ദൂരപരിധിയുള്ള തോക്കുകളുടെ ഭാരക്കുറവാണ് മറ്റൊരു പ്രത്യേകത. ഇവ പഴയ ബോഫോഴ്‌സ് തോക്കുകളേക്കാള്‍ ഭാരം കുറഞ്ഞതും ഉയര്‍ന്ന പ്രദേശങ്ങളില്‍ വിന്യസിക്കാന്‍ എളുപ്പവുമാണ്.
മേക്ക് ഇന്‍ ഇന്ത്യ പ്രോജക്ടിന് കീഴില്‍ സൈനിക വാഹനങ്ങള്‍ വാങ്ങാനും കരാര്‍ നല്കിയതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭാരത് ഫോര്‍ജ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, അദാനി, ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് തുടങ്ങിയ കമ്പനികളാണ് പ്രധാനമായും ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: