പാല്‍മ ഡി മയോര്‍ക: പുതിയ ക്ലബ്ബ് ഫുട്ബോള്‍ സീസണില്‍ വമ്പന്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്കെത്തിയ ഫ്രഞ്ച് ഫുട്ബോളര് കിലിയന്‍ എംബപ്പെയ്ക്ക് ഇന്ന് സ്പാനിഷ് ലാ ലിഗ അരങ്ങേറ്റം. രാത്രി ഒരു മണിക്ക് നടക്കുന്ന പോരാട്ടത്തില്‍ എഫ്സി മയോര്‍ക ആണ് എതിരാളികള്‍. റയലിനായുള്ള എംബാപ്പെയുടെ ആദ്യ മത്സരം ഏറെ രാജകീയമായിരുന്നു. മികച്ച തുടക്കം കിട്ടിയതിന്റെ ആവേശത്തിലാണ് ഈ 25 കാരനും റയല്‍ ആരാധകരും.
കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ കപ്പ് ഫുട്ബോള്‍ കിരീടത്തില്‍ മുത്തമിട്ടുകൊണ്ടാണ് എംബാപ്പെയ്ക്ക് അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചത്. ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്ലാന്റയുമായി നടന്ന പോരാട്ടത്തില്‍ എംബാപ്പെയുടെ ബൂട്ടില്‍ നിന്നും ആദ്യ ഗോള്‍ പിറക്കുകയും ചെയ്തു. മത്സരത്തില്‍ 68-ാം മിനിറ്റിലായിരുന്നു എംബാപ്പെയുടെ വക ഗോള്‍. കിരീടപ്പോരിന്റെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും വീണത്. 59-ാം മിനിറ്റില്‍ റയല്‍ മധ്യനിരതാരം ഫെഡറിക്കോ വാല്വെര്ദെ ആദ്യം സ്കോര്‍ ചെയ്തു. പിന്നീടായിരുന്നു സൂപ്പര്‍ താരത്തിന്റെ രാജകീയ ഗോള്‍. സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ജൂഡ് ബെല്ലിങ്ഹാം നല്കിയ പാസില്‍ നിന്നായിരുന്നു എംബാപ്പെയുടെ ആഘോഷം. ഈ ഗോളോടെ ലീഡ് ഇരട്ടിപ്പിക്കുന്നതിനൊപ്പം കിരീടനേട്ടം ഉറപ്പിക്കാനും റയലിന് സാധിച്ചു. മത്സരത്തിന്റെ 82-ാം മിനിറ്റ് വരെ എംബാപ്പെ കളിച്ചു.
എല്ലാവര്‍ഷവും യുവേഫ ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മില്‍ ഏറ്റുമുട്ടുന്ന കിരീട പോരാട്ടമാണ് സൂപ്പര്‍ കപ്പ്. റയല്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ 15 വര്‍ഷവും ഈ കീരിടത്തില്‍ മുത്തമിട്ടിട്ടുണ്ട്.
കരിയറിന്റെ ഏറിയ പങ്കും സ്വന്തം നാട്ടിലെ ക്ലബ്ബ് പാരിസ് സെന്റ് ജെര്‍മെയിനി(പിഎസ്ജി)ലായിരുന്ന എംബാപ്പെ ഈ സീസണിലാണ് റയലിലേക്കെത്തിയത്. താരത്തിന്റെ ആദ്യ ലാ ലിഗ മത്സരമാണ് ഇന്ന് രാത്രി നടക്കുക. മയോര്‍ക്കയെ അവരുടെ തട്ടകത്തിലാണ് റയല്‍ നേരിടുക. അറ്റ്ലാന്റയ്ക്കെതിരായ ഗംഭീര കിരീട നേട്ടത്തിന് ശേഷം റയല്‍ പരിശീലകന് കാര്‍ലോ ആന്‍സെലോട്ടിയും വലിയ പിന്തുണയാണ് എംബാപ്പെയ്ക്ക് നല്‍കുന്നത്. സഹതാരം ബെല്ലിങ്ഹാമും പ്രശംസകൊണ്ട് മൂടി. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ സീസണില്‍ ലീഗ് ടൈറ്റില്‍ നേട്ടം കൂടി ആഘോഷിച്ചതിന്റെ ആവേശത്തിലാണ് റയല്‍. അവരുടെ 36-ാം ലാ ലിഗ ടൈറ്റിലായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: