ഗയാന: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ജയിക്കാന്‍ 263 റണ്‍സെടുക്കണം. മത്സരം തീരാന്‍ രണ്ടര ദിവസത്തിലേറെ ബാക്കിയുള്ളപ്പോഴാണ് വിന്‍ഡീസ് വിജയ സ്കോര്‍ പിന്തുടരാന് തുടങ്ങിയിരിക്കുന്നത്.
രണ്ടാം ഇന്നിങ്സില്‍ ആതിഥേയര്‍ക്കെതിരെ പരമാവധി രണ്സ് സ്കോര്‍ ചെയ്യുകയെന്ന ദക്ഷിണാഫ്രിക്കന്‍ തന്ത്രത്തെ വിന്‍ഡീസ് ബൗളര്‍ ജയ്ഡെന്‍ സീലെസ് എറിഞ്ഞു തകര്‍ത്തു. 18.4 ഓവറുകളെറിഞ്ഞ സീലെസ് 61 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് നേടി. താരത്തിന്റെ കരിയര്‍ ബെസ്റ്റ് ഇന്നിങ്സ് പ്രകടനമാണിത്. സീലെസിന് പുറമെ രണ്ട് വീക്കറ്റ് വീതം നേടി സ്പിന്നര്‍മാരായ ഗുദകേശ് മോട്ടിയും ജോമെല്‍ വരിക്കാനും മികച്ച സംഭാവന നല്കി.
ആദ്യ ഇന്നിങ്സില്‍ 160 റണ്‍സെടുത്ത് പുറത്തായ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സില്‍ നില മെച്ചപ്പെടുത്തിയെങ്കിലും വിന്‍ഡീസിന് കനത്ത വെല്ലുവിളിയുയര്‍ത്താന്‍ പോന്ന ടോട്ടല്‍ കണ്ടെത്താനായില്ല. 80.4 ഓവറില്‍ 246 റണ്‍സില്‍ ടീം ഓള് ഔട്ടായി. എയ്ദെന്‍ മാര്‍ക്രം(51), കൈല്‍ വെരെയ്ന്‍(59) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളും ഓപ്പണര്‍ ടോണി ഡി സോര്‍സി(39), വിയാന്‍ മുല്‍ഡര്‍(34) എന്നിവരുടെ ചെറുത്തു നില്‍പ്പുമാണ് ടീമിന് അല്‍പ്പം ആശ്വാസമായത്.
എന്നാല്‍ ഗയാനയിലെ പിച്ചിന്റെ ഗതിയനുസരിച്ച് രണ്ടാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക മുന്നില്‍ വച്ച 263 റണ്‍സിന്റെ വിജയലക്ഷ്യം പോലും വിന്‍ഡീസിന് നല്ല വെല്ലുവിളിയാണ് ഉയര്‍ത്തുക. ആദ്യ ഇന്നിങ്സില്‍ അവരുടെ പോരാട്ടം 144 റണ്‍സില്‍ തീര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: