ബെംഗളൂരു: അങ്കോള- ഷിരൂര്‍ ദേശീയപാതയിലെ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ വീണ്ടും അനിശ്ചിതത്വത്തില്‍.
ഡ്രഡ്ജര്‍ എത്തിക്കാതെ ഇനി ദൗത്യം തുടരാനാകില്ലെന്ന് ദൗത്യസംഘം അറിയിച്ചു. ഡ്രഡ്ജറിന്റെ ചെലവ് എങ്ങനെ വഹിക്കും എന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. നേരത്തേ ചെലവ് കര്‍ണാടക സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിരുന്നു. ദൗത്യം ഇനിയും മുന്നോട്ട് പോകണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു. ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വിഷയം സംസ്ഥാന സര്‍ക്കാരിന് കൈമാറാന്‍ തീരുമാനമായത്.
ഡ്രഡ്ജറിന്റെ ചെലവ് കണക്കുകള്‍ വ്യക്തമാക്കി ഉത്തര കന്നഡ ജില്ലാ കളക്ടര്‍ കര്‍ണാടക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് കൈമാറും. ഒരു കോടി രൂപയ്ക്ക് അടുത്താണ് ഡ്രഡ്ജര്‍ എത്തിക്കാനുള്ള ചെലവായി കണക്കാക്കുന്നത്. തിങ്കളാഴ്ച ഡ്രഡ്ജര്‍ എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് 22ലേക്ക് മാറ്റുകയായിരുന്നു. മണ്ണ് നീക്കിയാലും കാണാതായവരുടെ ശരീരം കിട്ടിമെന്നുറപ്പില്ലാതിരിക്കെ, ലോറി ഉടമക്ക് ഇന്‍ഷുറന്‍സ് കിട്ടാന്‍ സര്‍ക്കാര്‍ വന്‍തുക മുടക്കണോ എന്നതിലാണ് ഇപ്പോള്‍ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിന്റെ ആശയക്കുഴപ്പം. മണ്ണിടിച്ചില്‍ ദുരന്തം നടന്നിട്ട് ഒരു മാസം പിന്നിടുമ്പോഴും കാണാതായ മൂന്നുപേരെ കണ്ടെത്താനായിട്ടില്ല. മലയാളി ലോറി ഡ്രൈവര്‍ അര്ജുന്, കര്‍ണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഗംഗാവലി പുഴയിലേക്ക് വീണവരുടെ ശരീരങ്ങള്‍ എട്ടും പത്തും കിലോമീറ്ററുകള്‍ അകലെ തീരത്തടിഞ്ഞിരുന്നു. എന്നാല്‍, ബാക്കിയുള്ളവര്‍ക്കായും അര്‍ജുന്റെ ലോറിക്കായും ഇപ്പോഴും രക്ഷാദൗത്യം തുടരുകയാണ്.
ഇതുവരെ പുഴയില്‍ നടത്തിയ തെരച്ചിലില്‍ ലോറിയുടെ കയര്‍ കഷ്ണങ്ങളും ചില ലോഹഭാഗങ്ങളും മാത്രമാണ് കിട്ടിയത്. മുങ്ങല്‍ വിദഗ്ധര്‍ ഇതുവരെ ലോറി കണ്ടിട്ടില്ല. ഡ്രഡ്ജര്‍ മണ്ണ് നീക്കിയാല്‍ തന്നെ ലോറി കണ്ടെത്താനാകുമോ എന്ന് അതുകൊണ്ട് ഉറപ്പില്ല. ഇത്രയും അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ഏത് അവസ്ഥയിലാണ് ലോറി എന്ന് വ്യക്തമല്ല. ഒഴുക്ക് ശക്തമായതോടെ ഗംഗാവലി പുഴയിലെ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പുഴയിലെ മണ്ണും മരക്കഷണങ്ങളും ഉള്‍പ്പെടെ നീക്കാതെ ലോറി കണ്ടെത്താനാകില്ലെന്നാണ് ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: