വാഷിംഗ്ടണ്‍: മുംബയ് ഭീകരാക്രമണ കേസ് പ്രതി പാകിസ്ഥാന് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്കു കൈമാറാമെന്നു യുഎസ് അപ്പീല്‍ കോടതിയുടെ വിധി.
ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിനുളള ഉടമ്പടി പ്രകാരമാണ് തഹാവൂര്‍റാണയെ കൈമാറ്റം ചെയ്യുക. ഓഗസ്റ്റ് 15നാണു കോടതി വിധി പുറപ്പെടുവിച്ചത്.
തഹാവൂര്‍ റാണയുടെ കുറ്റകൃത്യം വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറിയിട്ടുണ്ടെന്ന് വിധി പറഞ്ഞ പാനല്‍ കണ്ടെത്തി.
ഇന്ത്യയിലേക്കു വിചാരണയ്ക്ക് കൈമാറാന്‍ മജിസ്ട്രേറ്റ് നല്കിയ ഉത്തരവിനെതിരെ റാണ സമര്‍പ്പിച്ച ഹര്‍ജി കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിലെ ജില്ലാ കോടതി തള്ളിയിരുന്നു. ഈ വിധി ശരിവച്ചാണ് യുഎസ് അപ്പീല്‍ കോടതി റാണയുടെ അപ്പീല്‍ തള്ളിയത്.
മുംബയില്‍ 2008 നവംബര്‍ 26ലുണ്ടായ ഭീകരാക്രമണത്തില്‍ ആറ് യുഎസ് പൗരന്മാര് ഉള്‍പ്പെടെ 166 പേര് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ ഗൂഢാലോചനക്കുറ്റത്തിന് 2009 ഒക്ടോബറില്‍ അറസ്റ്റിലായ തഹാവൂര്‍ റാണ 168 മാസം തടവുശിക്ഷ വിധിക്കപ്പെട്ടു ജയിലിലായിരുന്നു.
സുഹൃത്ത് യുഎസ് പൗരന് ഡേവിഡ് ഹെഡ്ലിയുമൊത്ത് പാകിസ്ഥാന് ഭീകര സംഘടനകളായ ലഷ്കറെ തയിബ, ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ എന്നിവയ്ക്കായി മുംബയ് ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതാണ് റാണയ്ക്കെതിരായ കുറ്റം.റാണയെ വിട്ടുകിട്ടിയാല്‍ മുംബയ് ഭീകരാക്രമണ കേസില്‍ പാകിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. ഇതേ കേസില്‍ പാകിസ്ഥാന് ഭീകരന് അജ്മല്‍ കസബിനെ വിചാരണ ചെയ്ത് 2012 നവംബര്‍ 21ന് തൂക്കിലേറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: