എന്നും വേറിട്ട വഴിയിലൂടെ സഞ്ചരിച്ച രണ്ടുപേര്‍. അവര്‍ ഒത്തുചേര്‍ന്നപ്പോള്‍ ഉണ്ടായ കെമിസ്ട്രി മലയാള സിനിമാ പ്രക്ഷേകരെ ത്രില്ലടിപ്പിക്കുന്ന മനോഹരമായ ഒരു സിനിമയ്ക്ക് വേദിയായി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ബേസില്‍ ജോസഫ് കേന്ദ്രകഥാപാത്രമായ നുണക്കുഴി എന്ന ചിത്രം ഹിറ്റിലേക്ക് കുതിക്കുകയാണ്. മികച്ച ക്രൈം തില്ലര്‍ സംവിധായകന് എന്നതില്‍ നിന്നും വഴിമാറാന്‍ ജീത്തു ജോസഫ് എന്ന സംവിധായകന് എടുത്ത പരിശ്രമം മികച്ച ഹ്യൂമര്‍ ചിത്രങ്ങളും തനിക്ക് വഴങ്ങും എന്ന് തെളിയിച്ചു. സുരേഷ് ഗോപി നായകനായ ഡിറ്റക്ടീവ് എന്ന കുറ്റാന്വേഷണ സിനിമയിലൂടെ സംവിധാനരംഗത്ത് ചുവടുറപ്പിച്ച ജീത്തു ജോസഫ് തൊട്ടടുത്ത സിനിമകളില്‍ പാറ്റേണ്‍ മാറ്റിപ്പിടിച്ചിരുന്നു. മമ്മി ആന്‍ഡ് മീ എന്ന കുടുംബ ചിത്രമൊരുക്കി ശ്രദ്ധ നേടിയ ജീത്തു ജോസഫ് ദിലീപിനെ നായകനാക്കി എടുത്ത റൊമാന്റിക് കോമഡി ചിത്രമായ മൈ ബോസ് പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. അവിടെ നിന്നും സീരിയസ് സിനിമകളിലേക്ക് പോയ ജീത്തു ജോസഫ് ദൃശ്യം, ഊഴം, ലക്ഷ്യം, ട്വല്‍ത്ത് മാന്‍, നേര് തുടങ്ങി ക്രൈം തില്ലര്‍ പാറ്റേണിലുള്ള സിനിമകളുടെ ഹിറ്റ്മേക്കറായി. ആ വിശേഷണത്തില്‍ നിന്നുള്ള പുറത്തു കടക്കലായി നുണക്കുഴി എന്ന ചിത്രം.
നുണക്കുഴി എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്നതാണ് ജീത്തു ജോസഫ് ചിത്രം. ചിത്രം തുടങ്ങുന്ന ഷോട്ടിലേക്ക് തന്നെ ചിത്രത്തിന്റെ ക്ലൈമാക്സും എത്തിക്കുന്ന മേക്കിങ്ങ് പലരുടെയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെ രസകരമായി ഒരു കേന്ദ്രബിന്ദുവിലേക്ക് കൊണ്ടെത്തിക്കുന്നു. ജീവിത സാഹചര്യങ്ങളില്‍ പറയുന്ന നുണകള്‍ ചിലരെ കുഴിയില്‍ കൊണ്ടുചെന്ന് ചാടിക്കുന്ന താണ് ചിത്രം. ക്ലൈമാക്സില്‍ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സൂചന നല്‍കിയാണ് ചിത്രം അവസാനിക്കുന്നതും.
നുണക്കുഴിയിലെ നായകനായി ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന എബി സക്കറിയ ‘റിച്ചാണ്’. അച്ഛന്റെ മരണശേഷം അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ബിസിനസ് സാമ്രാജ്യം ഏറ്റെടുക്കുന്ന എബി വീട്ടുകാര്‍ക്ക് വാവയാണ്. ബേസിലിന്റെ കഥാപാത്രത്തെ ചുറ്റിപറ്റിയാണ് സിനിമയുടെ തുടക്കം. ജീവിതത്തില്‍ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ ആഗ്രഹിക്കാത്ത എബി ഭാര്യയുമൊത്ത് സമയം ചെലവഴിക്കുന്നതില്‍ ആനന്ദം കണ്ടെത്തി നടക്കുകയാണ്. ഒരു ദിവസം എബിയുടെ ജീവിതത്തില്‍ സിദ്ദിഖിന്റെ കഥാപാത്രം ‘വില്ലനായി’ കടന്നുവരുന്നതോടെ കഥയാകെ മാറിമറിയുകയാണ്. പ്രശ്നപരിഹാരത്തിനായി എബി സക്കറിയ നടത്തുന്ന ഓട്ടപ്പാച്ചില്‍ ചെന്നെത്തുന്നത് കൂടുതല്‍ കുരുക്കിലേക്കാണ്. ഒപ്പം ഒരു കൂട്ടം കഥാപാത്രങ്ങളും കൂടുന്നുണ്ട്. ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന് ശേഷം ബേസിലും നിഖില വിമലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നുണക്കുഴി. ബേസിലിന്റെ ഭാര്യയായാണ് നിഖിലയെത്തുന്നത്. അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സിദ്ധിഖ്, മനോജ് കെ. ജയന്, ബൈജു, സൈജു കുറുപ്പ്, സ്വാസിക തുടങ്ങി ചിത്രത്തിലെ എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളെ ഒന്നിനൊന്ന് മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാം അവതരിപ്പിക്കുന്ന വ്യത്യസ്ത കഥാപാത്രങ്ങള്‍ അവസാനം ബേസിലിന്റെ ജീവിതത്തിലേക്കാണ് എത്തിച്ചേരുന്നത്. ജീത്തു ജോസഫ് എന്ന സംവിധായകന്റെ കരവിരുതിലൂടെ പല സ്ഥലങ്ങളില്‍ പല സാഹചര്യങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ കൃത്യമായി കണക്ട് ചെയ്യുന്നു. തിയറ്ററില്‍ ആദ്യം പകുതി അവസാനിക്കുന്നതു പോലും പ്രേക്ഷകര്‍ അറിയില്ല. ഗ്രേസ് ആന്റണിയും ബേസില്‍ ജോസഫും ഒരുമിച്ചുള്ള സീനുകള്‍ എല്ലാം തന്നെ കയ്യടി നേടുന്നതാണ്.
ട്വല്‍ത്ത് മാന്‍, കൂമന് എന്നീ ജീത്തു ജോസഫ് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച കെ.ആര്. കൃഷ്ണകുമാര്‍ ആണ് ‘നുണക്കുഴി’യുടെയും തിരക്കഥ രചിച്ചത്. ആദ്യാവസാനം ചിരിയുടെ പശ്ചാത്തലത്തില്‍ കഥ എഴുതിയപ്പോഴും കൃഷ്ണകുമാര്‍ തന്റെ ത്രില്ലര്‍ ടച്ച് കൈവിട്ടിരുന്നില്ല. ജീത്തു ജോസഫ് എന്ന സംവിധായകന്റെ മികവ് ആ ത്രില്ലര്‍ ടച്ചിന് ശക്തി പകരുകയും ചെയ്തു. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജയ് ഉണ്ണിത്താനും വിഷ്ണു ശ്യാമുമാണ്. വിഷ്ണു ശ്യാമിന്റേതാണ് പശ്ചാത്തല സംഗീതം. വിനായക് ശശികുമാറിന്റേതാണ് വരികള്‍. സരിഗമയാണ് നിര്‍മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: