തൃശൂര്‍ : ഇക്കുറി പുലിക്കളി വേണ്ടെന്ന നിലപാടില്‍ പുലിവാലുപിടിച്ച് തൃശൂര്‍ കോര്പ്പറേഷന്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി പുലിക്കളി വേണ്ടെന്ന് കോര്പ്പറേഷന് തീരുമാനിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.
ഒട്ടേറെ കലാകാരന്മാരുടെ വരുമാനമാര്‍ഗ്ഗം കോര്പ്പറേഷന് നിഷേധിച്ചു എന്നാണ് പരാതി ഉയരുന്നത്. ഇതോടെ തീരുമാനം പുനഃപരിശോധിക്കാന്‍ ഒരുങ്ങുകയാണ് കോര്പ്പറേഷന് അധികൃതര്‍. പുലിക്കളി ഏകോപനസമിതിയും വിവിധ പുലിക്കളിസംഘങ്ങളും മേയറുടെയും കോര്‍പ്പറേഷന്റെയും തീരുമാനത്തിനെതിരെ രംഗത്ത് വന്നു.
ഇവര്‍ സര്‍ക്കാരിനു പരാതി നല്കി. തുടര്‍ന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് കോര്‍പ്പറേഷനോട് വിശദീകരണം തേടുകയും ചെയ്തു. ഇക്കുറി പതിവിലും ഏറെ ടീമുകളാണ് പുലിക്കളിക്കായി ഒരുങ്ങിയിരുന്നത്. പത്തിലേറെ സംഘങ്ങള്‍ പുലികളുമായി നഗരത്തില്‍ ചുവടുവെക്കാനെത്തും എന്നായിരുന്നു പ്രതീക്ഷ. അതിനിടയാണ് അപ്രതീക്ഷിതമായി വയനാട് ദുരന്തം ഉണ്ടായത്. ഇതോടെ ഏകപക്ഷീയമായി കോര്പ്പറേഷന് പുലിക്കളി വേണ്ടെന്ന് തീരുമാനമെടുക്കുകയായിരുന്നു. കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യാതെയാണ് ഭരണസമിതി തീരുമാനമെടുത്തതെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നു. പുലിക്കളി സംഘങ്ങളുമായും ചര്‍ച്ച ചെയ്തില്ല.
തൃശൂരിന്റെ തനത് കലയായ കുമ്മാട്ടി കളിയും ഇക്കുറി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധം ഏറി. നഗരത്തില്‍ ഉത്രാടനാള് മുതല്‍ വിവിധ സംഘങ്ങള്‍ കുമ്മാട്ടിക്കളി അവതരിപ്പിക്കാറുണ്ട്. പുലിക്കളിക്കും കുമ്മാട്ടിക്കളിക്കും വേണ്ടി മാസങ്ങള്‍ക്ക് മുന്‍പേ സംഘങ്ങള്‍ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. സംഭാവനയായി ഒട്ടേറെ പണം പിരിച്ചെടുത്തിട്ടുണ്ട്. ഒരുക്കങ്ങള്‍ക്കായി വന്‍ തുക ചെലവാക്കുകയും ചെയ്തു.
ഏകപക്ഷീയമായി പുലിക്കളിയും കുമ്മാട്ടിക്കളിയും വേണ്ടെന്ന് തീരുമാനിച്ചാല്‍ തങ്ങള്‍ക്ക് വന്‍ നഷ്ടം വരുമെന്ന് ഈ സംഘങ്ങള്‍ സര്‍ക്കാരിന് നല്കിയ പരാതിയില്‍ പറയുന്നു. ഇതോടെയാണ് തീരുമാനം പുന:പരിശോധിക്കണമെന്ന് കോര്പ്പറേഷന് വീണ്ടുവിചാര
മുണ്ടായത്.
വയനാട് ദുരന്തത്തിനിരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതിന്റെ പേരില്‍ ഒട്ടേറെപേരുടെ കഞ്ഞികുടി മുട്ടിക്കുന്ന തീരുമാനമായി കോര്‍പ്പറേഷന്റേത് എന്ന് പുലിക്കളി ഏകോപനസമിതിയുടെ വക്താക്കള്‍ പറഞ്ഞു.
വയനാടിന് വേണ്ടി സംഭാവനകള്‍ നല്കാന് എല്ലാവരും തയ്യാറാണ്. എന്നാല്‍ പൂര്‍ണ്ണമായും ആഘോഷങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നതിനോട് യോജിപ്പില്ല. വിവിധ കുമ്മാട്ടി സംഘങ്ങളും ഇതേ നിലപാടില്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.
കോര്പ്പറേഷന് തീരുമാനത്തിനെതിരെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നു. തീരുമാനം പുനഃ പരിശോധിക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. മന്ത്രിമാരായ ആര്.ബിന്ദു, കെ.രാജന് എന്നിവര്‍ക്കും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും പുലിക്കളി ഏകോപന സമിതി നിവേദനം നല്‍കിയിട്ടുണ്ട്.
അതേസമയം വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കോര്പ്പറേഷന് തല സര്‍വ്വകക്ഷി യോഗം എത്രയും വേഗം വിളിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ മേയര്‍ക്ക് കത്ത് നല്കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വര്‍ഷവും നല്‍കിവരുന്ന കോര്പ്പറേഷന് സഹായ തുക യിലെ 25% വര്‍ദ്ധനവ് ഒഴിവാക്കിക്കൊണ്ട് പുലിക്കളിയും കുമ്മാട്ടിയും നടത്തണം. കലാകാരന്മാരെ സംരക്ഷിക്കുന്ന നിലപാട് എടുക്കണം എന്നാണ് ബിജെപി കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നത്. അതിന് ശേഷം സര്‍ക്കാര്‍ ഉത്തരവുണ്ട് എന്ന് പറഞ്ഞാണ് മേയര്‍ ഈ വര്‍ഷം പുലിക്കളിയും കുമ്മാട്ടിയും പൂര്‍ണ്ണമായും ഒഴിവാക്കുന്ന നിലപാട് എടുത്തത്. അത്തരം ഒരു ഉത്തരവ് ഇതുവരെ കൗണ്‍സിലര്‍മാര്‍ക്ക് ലഭിച്ചിട്ടില്ല. ബിജെപി കൗണ്‍സിലര്‍ വിനോദ് പൊള്ളഞ്ചേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: