ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം സുരേഷ് ഗോപി
ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരട്ടെയെന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. കമ്മിറ്റിയുടെ ശുപാർശകൾ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം. ഒപ്പം വരുംതലമുറയ്‌ക്ക് നിർഭയമായി പ്രവർത്തിക്കാനും ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
ജനപ്രതിനിധിയെന്ന നിലയിൽ റിപ്പോർട്ടിനെക്കുറിച്ച് പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടനും എം എൽ എ യുമായ എം മുകേഷും രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്നാണ് മുകേഷ് അഭിപ്രായപ്പെട്ടത്. ഹേമ കമ്മിറ്റിയോട് താൻ നാല് മണിക്കൂർ സമയം സംസാരിച്ചെന്നും മറ്റുള്ളവർ എന്തു പറഞ്ഞെന്ന് അറിയില്ലെന്നും മുകേഷ് പറഞ്ഞു.
ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവരാനിരിക്കെ വീണ്ടും തടസം നേരിട്ടിരുന്നു. നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് റിപ്പോർട്ട് പുറത്തുവിടുന്ന തീയതി സർക്കാർ നീട്ടിവച്ചത്.
മാ കമ്മിറ്റിക്ക് താൻ മൊഴി നൽകിയിരുന്നുവെന്നും അത് എപ്രകാരമാണ് റിപ്പോർട്ടിൽ വന്നിരിക്കുന്നതെന്ന് അറിയാനുള്ള അവകാശം തനിക്കുണ്ടെന്നും രഞ്ജിനി പറഞ്ഞു.
ഹർജിയിൽ നാളെയാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വാദം കേൾക്കുക. ഇതിന് ശേഷമായിരിക്കും റിപ്പോർട്ട് പുറത്തുവിടുന്ന പുതിയ തീയതിയുടെ കാര്യത്തിൽ തീരുമാനമുണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: