Kerala

ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ പണയ സ്വര്‍ണം തട്ടിയ കേസില്‍ പ്രതിയായ മുന്‍ മാനേജറുടെ വീഡിയോ സന്ദേശം പുറത്ത്

കഴിഞ്ഞ മാസം ഉണ്ടായ സ്ഥലംമാറ്റമാണ് തട്ടിപ്പ് വെളിച്ചത്ത് വരാന്‍ കാരണം

Published by

കോഴിക്കോട്: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ പണയ സ്വര്‍ണം തട്ടിയ കേസിലെ പ്രതി മുന്‍ മാനേജര്‍ തമിഴ്‌നാട് സ്വദേശി മധു ജയകുമാറിന്റെ വീഡിയോ സന്ദേശം പുറത്ത് വന്നു.ചാത്തന്‍ കണ്ടത്തില്‍ ഫിനാന്‍സിയേഴ്‌സ് എന്ന ഗ്രൂപ്പിന് വേണ്ടിയാണ് സ്വര്‍ണം പണയപ്പെടുത്തിയതെന്നാണ് മധു ജയകുമാര്‍ പറയുന്നത്.ബാങ്കിന്റെ സോണല്‍ മാനേജറുടെ നിര്‍ദ്ദേശ പ്രകാരമാണ് സ്വര്‍ണം പണയം വച്ചതെന്നും മധു വീഡിയോ സന്ദേശത്തില്‍ പറയുന്നു.

അരുണ്‍ എന്ന സോണല്‍ മാനേജരാണ് ഒരു വര്‍ഷം മുമ്പ് ഇവരെ ബാങ്കിലേക്ക് പറഞ്ഞ് വിട്ടത്.എല്ലാ ബ്രാഞ്ചുകള്‍ക്കും സോണല്‍ മാനേജര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

കാര്‍ഷിക വായ്പയായി എട്ട് ശതമാനം പലിശയ്‌ക്കാണ് പണയം വച്ചതെന്ന് മധു ജയകുമാര്‍ വീഡിയോയില്‍ പറയുന്നു.മലപ്പുറം ബ്രാഞ്ചില്‍ 25 ലക്ഷത്തിനാണ് ആദ്യം പണയം വച്ചത് . ഒരാളുടെ പേരില്‍ ഒരു കോടി രൂപവരെ പണയം കൊടുത്തിട്ടുണ്ട്. മലപ്പുറം ,മഞ്ചേരി ,വടകര കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി ,താമരശേരി ബ്രാഞ്ചുകളില്‍ ഈ ഗ്രൂപ്പിന്റെ സ്വര്‍ണപണയം ഉണ്ട്. നിയമ പ്രകാരം ഇവര്‍ക്ക് കാര്‍ഷിക വായ്പ കൊടുക്കാന്‍ പാടില്ല.

നിലവിലെ മാനേജര്‍ ഇര്‍ഷാദിന് ചാത്തന്‍ കണ്ടി ഗ്രൂപ്പുമായി ബന്ധമുണ്ട്. താന്‍ മുങ്ങിയതല്ലെന്നും അവധിയെടുത്താണ് വടകരയില്‍ നിന്ന് പോയതെന്നും മധു ജയകുമാര്‍ പറയുന്നു.അവധി എടുക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഇ-മെയിലിലൂടെ അറിയിച്ചിരുന്നു.

വടകര സിഐയുടെ നേതൃത്വത്തില്‍ ബാങ്കില്‍ നടത്തിയ പരിശോധനയില്‍ 42 അക്കൗണ്ടുകളിലായി പണയം വച്ച 26.24 കിലോ സ്വര്‍ണം കാണാതായെന്ന് വ്യക്തമായി.മുന്‍ മാനേജറായ മധു ജയകുമാര്‍ ഇത് തട്ടിയെടുത്ത് മുങ്ങിയെന്ന സംശയത്തില്‍ ഇയാള്‍ക്കായി പൊലീസ് തമിഴ്നാട്ടിലടക്കം തെരച്ചില്‍ നടത്തുന്നതിനിടെയാണ് പ്രതിയുടെ വീഡിയോ സന്ദേശം പുറത്തുവന്നത്.

കഴിഞ്ഞ മാസം ഉണ്ടായ സ്ഥലംമാറ്റമാണ് തട്ടിപ്പ് വെളിച്ചത്ത് വരാന്‍ കാരണം. പുതുതായെത്തിയ മാനേജര്‍ നടത്തിയ റീ അപ്രൈസല്‍ നടപടിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഉടന്‍ ബാങ്ക് ഹെഡ് ഓഫീസിലും പൊലീസിലും വിവരം അറിയിച്ചെങ്കിലും മധു ജയകുമാര്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി അപ്പോഴേക്കും മുങ്ങി.

ഇത്രയും സ്വര്‍ണം പ്രതി എന്ത് ചെയ്തുവെന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനായി പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുന്നുണ്ട്. ബാങ്കിലെ നിലവിലെ സ്വര്‍ണത്തിന്റെ കണക്കും സ്ഥിര നിക്ഷപത്തിന്റെ കണക്കും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. മറ്റ് ജീവനക്കാരെയും ഉടന്‍ ചോദ്യം ചെയ്യും.തട്ടിപ്പ് പുറത്തായിട്ടും ഇതുവരെ സ്വര്‍ണം നഷ്ടപ്പെട്ട ആരും പൊലീസിനെ സമീപിച്ചിട്ടില്ല.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by