തിരുവനന്തപുരം: കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ കയ്യേറ്റം ചെയ്തു.ചെമ്പഴന്തി എസ് എന്‍ കോളേജിലാണ് സംഭവം.
ക്യാമ്പസില്‍ ബൈക്ക് അതിവേഗതയില്‍ ഓടിച്ച് കയറ്റരുതെന്ന് പറഞ്ഞതിനാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനായ ഡോ ബൈജുവിനെ ആക്രമിച്ചത്.ഒരു ബൈക്കില്‍ നാല് പേരാണ് ഉണ്ടായിരുന്നത്.
വിദ്യാര്‍ത്ഥികള്‍ ചവിട്ടിയെന്നും മോശമായി സംസാരിച്ചെന്നും അതിന്റെ മാനസികാഘാതത്തില്‍ നിന്നും ഇനിയും മുക്തനായിട്ടില്ലെന്നും അധ്യാപകന് പറഞ്ഞു. വെളളിയാഴ്ച ആണ്സംഭവം.
അധ്യാപകന്റെ പരാതിയില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഇടത് അനുകൂല അധ്യാപക സംഘടനയിലെ അംഗമാണ് ഡോ ബൈജു.
അധ്യാപകന് കാറില്‍ പുറത്തേക്ക് പോകവേയാണ് നാല് വിദ്യാര്‍ത്ഥികള്‍ ഒരു ബൈക്കില്‍ ക്യാമ്പസിനുള്ളിലേക്ക് കയറുന്നത് കണ്ടത്. ഇങ്ങനെ ബൈക്ക് ഓടിക്കരുതെന്നും അപകടമുണ്ടാകുമെന്നും അധ്യാപകന് പറഞ്ഞു. പിന്നാലെ കാറിന്റെ ഡോര്‍ തുറന്ന് തന്നെ പിടിച്ചിറക്കി കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് ഡോ ബൈജു പറഞ്ഞു.
എന്നാല്‍ ഇതിന് ശേഷം അധ്യാപകന് മര്‍ദ്ദിച്ചുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ കഴക്കൂട്ടം പൊലീസില്‍ പരാതി നല്കി. പൊലീസ് വിളിച്ചതോടെയാണ് പരാതി നല്കാന് അധ്യാപകന് മുന്നോട്ട് വന്നത്.നിയമപടിയുമായി മുന്നോട്ടു പോകുമെന്ന് ഡോ ബൈജു വ്യക്തമാക്കി.
കേസ് ഒത്തുതീര്‍പ്പാക്കാന്‍ എസ് എഫ് ഐ പ്രാദേശിക നേതൃത്വം മുന്നോട്ട് വന്നെങ്കിലും അധ്യാപകന് വഴങ്ങിയില്ല. പൊലീസ് സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ കാറില്‍ നിന്ന് ബലമായി പിടിച്ചിറക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കോളേജ് മാനേജ്മെന്റ് അധ്യാപകന് അനുകൂലമായി രംഗത്തു വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: