ന്യൂഡല്‍ഹി: കുത്തഴിഞ്ഞ ഭരണം മൂലം സ്വന്തം സംസ്ഥാനത്ത് നടന്ന ദാരുണമായ ഒരു കൊലപാതകത്തില്‍ തനിയെ സമരം നയിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നാടകം. ആര്. ജി കാര്‍ മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ പ്രകടനം നടത്തിയത്. തുടക്കത്തില്‍ തന്നെ സംഭവം മൂടിവയ്ക്കാന്‍ ശ്രമിക്കുകയും പ്രതിയെ രക്ഷിക്കാന്‍ നീക്കം നടത്തുകയും തെളിവു നശിപ്പിക്കാന്‍ ശ്രമിച്ച കോളേജ് പ്രിന്‍സിപ്പലിനെ സുരക്ഷിതനാക്കുകയും ചെയ്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ പൊതുസമൂഹത്തിനു മുന്നില്‍ നാടകം കളിക്കുന്നത്.
സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ കുറ്റവാളികളെ പിടികൂടാന്‍ ആവില്ലെന്ന് ബോധ്യമായതോടെയാണ് ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിട്ടത്.അതുവരെ മിണ്ടാട്ടമില്ലാതിരുന്ന മുഖ്യമന്ത്രി അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ പ്രതികളെ പിടിക്കണം എന്നാവശ്യപ്പെട്ട് സമരമുഖത്തേക്ക് ഇറങ്ങുകയായിരുന്നു. ഇത്തരമൊരു സംഭവം നടന്നിട്ടും സംശയനിഴലിലായ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെ സസ്പെന്‍ഡു ചെയ്യുകയല്ല മമത ചെയ്തത് . മറ്റൊരു വലിയ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. കൊലപാതകം നടന്ന സെമിനാര്‍ ഹാളിലെ തെളിവുകള്‍ നശിപ്പിച്ചതായി സംഭവസ്ഥലം സന്ദര്‍ശിച്ച വനിതാ കമ്മീഷനും ബോധ്യപ്പെട്ടതാണ്. എന്നിട്ടും സമരത്തിന്റെ മുന്‍നിരയില്‍ നിന്ന് സ്വയം വെളുപ്പിച്ചെടുക്കാനുള്ള ശ്രമമാണ് മമത നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: