തിരുവനന്തപുരം: 11 തൂണുകള്‍… അതും പകുതിഭാഗം കമ്പി മുകളില്‍ നിര്‍ത്തി പ്രത്യേക ഡിസൈനില്‍. ചെലവ് ഒരുകോടി. ആശുപത്രി കെട്ടിടരംഗത്ത് പുതിയ നിര്‍മാണ സാങ്കേതിക വിദ്യ നടപ്പിലാക്കിയതാകട്ടെ പൊതുമരാമത്ത് വകുപ്പും. മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ കിടത്തി ചികിത്സക്കുള്ള കെട്ടിടമാണ് പുത്തന്‍ ആശയത്തില്‍ പൊതുമരാമത്ത് നിര്‍മിച്ചത്.
ചിറയിന്‍കീഴ് എംഎല്‍എ വി. ശശിയുടെ ഫണ്ടില്‍ നിന്നാണ് 11 തൂണുകള്‍ നിര്‍മിക്കാന്‍ ഒരുകോടി ചെലവഴിച്ചത്. നിലവിലെ ആശുപത്രിക്ക് സമീപമായി രണ്ട് നില ആശുപത്രികെട്ടിടം നിര്‍മാണം ആരംഭിച്ചത് രണ്ടുവര്‍ഷം മുമ്പാണ്. ഒരുകോടി രൂപയ്ക്ക് ഒന്നാമത്തെ നില പൂര്‍ത്തികരിക്കണമെന്നാണ് കരാറുകാരനും പൊതുമരാമത്തും തമ്മിലുള്ള കരാര്‍. പൊതുമരാമത്തിനായിരുന്നു നിര്‍മാണ മേല്‍നോട്ട ചുമതല. അവിടെ ഉണ്ടായിരുന്ന ഒരു മണ്‍കൂന മാറ്റി ഭിത്തികെട്ടി. അടിത്തറ തയ്യാറാക്കി. 11 തൂണുകളും നിര്‍മിച്ചു. കണക്കില്‍ ഒരുകോടി രൂപ ചെലവഴിച്ചുവെന്നും നിര്‍മാണം പൂര്‍ത്തീകരിച്ചുവെന്നും കാണിച്ച് വര്‍ക്കും ക്ലോസ് ചെയ്തു. രണ്ടാമത്തെ നില നിര്‍മിക്കാന്‍ 85 ലക്ഷത്തിന് കരാറും നല്കി. പുതിയ കരാറുകാരന് പണി ഏറ്റെടുക്കുകയും ചെയ്തു.
രണ്ട് നില കെട്ടിടത്തിന്റെ പ്ലാന്‍ കാണിച്ചാണ് പഞ്ചായത്ത് കമ്മറ്റി ആശുപത്രി നിര്‍മാണത്തിന് തീരുമാനം എടുത്തത്. എന്നാല്‍ 11 തൂണുകള്‍ മാത്രം പണിത് പുതിയ കരാര്‍ നല്‍കുകയായിരുന്നു. എംഎല്‍എ വി. ശശിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലിലാണ് വര്‍ക്ക് ക്ലോസ് ചെയ്തത് എന്നാണ് ആരോപണം. മണ്ണ് സംരക്ഷിക്കാന്‍ വേണ്ടിയുള്ള ഭിത്തി നിര്‍മാണത്തിനു മാത്രം 25 ലക്ഷം ആയെന്നാണ് കണക്കിലുള്ളത്. ഇതടക്കം വന്‍കൊള്ളയാണ് ആശുപത്രി നിര്‍മാണത്തില്‍ നടന്നിട്ടുള്ളത്. ഒരു കോടിയുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി കടയ്ക്കാവൂര്‍ മണ്ഡലം പ്രസിഡന്റുമായ പൂവണത്തുംമൂട് ബിജു വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: