ഈശ്വര ചൈതന്യത്തിന്റെ ഉറവും ഉണ്മയുമാണ് നിത്യപ്രകൃതി. മനുഷ്യപ്രകൃതിയും പ്രകൃതിയുടെ പ്രകൃതിയും ഏകധാരയില്‍ ചലിക്കുന്നു. സൃഷ്ടിസ്ഥിതി സംഹാരത്തിനും സ്ഥലകാലത്തിനും കാരണഭൂതയാണ് പ്രകൃതി. ബോധാബോധമനസ്സില്‍ ഉദിച്ചുനില്ക്കുന്ന പൂര്‍ണ്ണിമയാണ് മഹാപ്രകൃതി. ചരാചരസഞ്ചയത്തിന്റെ ജീവസ്ഫുരണങ്ങളിലോരോന്നിലും പ്രകൃതി സത്യശിവസൗന്ദര്യത്തിന്റെ നിത്യപ്രകാശം കൊളുത്തുന്നു. ആദികാവ്യത്തിന്റെ അന്തര്‍നേത്രം തുറക്കുന്നത് പ്രകൃതിയാദിത്യന്റെ പ്രകാശരശ്മിയിലാണ്.
പ്രകൃതിയുടെ സൂക്ഷ്മാല്‍ സൂക്ഷ്മമായ ഭാവം സത്യപ്രകൃതിയിലൂടെയും പ്രകൃതിസത്യത്തിലൂടെയും രാമന് ജാബാലി വാക്യഖണ്ഡനമായി അനാവരണം ചെയ്യുന്നുണ്ട്. സത്യമാണ് കാരുണ്യമിയറ്റുന്ന രാജധര്‍മ്മം. ലോകം നിലനില്‍ക്കുന്നത് നിത്യസത്യത്തിലൂടെയാണ്. അപരലോകത്തിന്റെ സുസ്ഥിതിക്ക് മൂലമാവുക സത്യം മാത്രം. സര്വ്വേശ്വരന് സത്യസ്വരൂപിയാകുന്നു. സര്‍വഗുണാധാരവും സത്യമത്രെ. സത്യത്തിനും മീതെ ഉയര്ന്നുനില്ക്കുന്ന മറ്റൊരു ധര്‍മ്മ പ്രകൃതിയുമില്ല. നിത്യസത്യത്തിന്റെ ഭാസുരപ്രകൃതിയാണ് പ്രപഞ്ചവിധാനത്തിന്റെ ഉണ്മയെ കുറിക്കുന്നത്. സ്വയംഭൂതനായ ബ്രഹ്മാവ്, കാരണജലം മാത്രമുണ്ടായിരുന്ന കാലം, ഭൂമിയുണ്ടായ അനാദികാലം, ശബ്ദഗുണാകാശ പ്രകൃതി, അനശ്വരനും അവ്യയനും നിത്യയനുമായ വിധാതാവ്, ലോകപാലകനായി പിറന്ന മനു, അയോദ്ധ്യാധിപതിയായി തീര്‍ന്ന മകന് ഇക്ഷ്വാകു, പരമ്പരയിലെ കണ്ണിയായ ഭരതന്, കാൡന്ദി, സഗരന്, സാഗരം നിര്‍മ്മിച്ച നഗരപുത്രന്മാര്‍, ദിലീപന്, ഭഗീരഥന്, കാകുല്‍സ്ഥവംശം, രഘു, അജന്, ദശരഥന് തുടങ്ങി വംശത്തിന്റെ ഇങ്ങേയറ്റത്ത് രാമന് സാന്നിദ്ധ്യമാകുന്നു.
അയോദ്ധ്യയുടെ പൈതൃക ചരിത്രത്തിന്റെ ഭൂമികയിലെ സൂര്യപ്രഭ വസിഷ്ഠന് വരച്ചുവെച്ചിട്ടുണ്ട്. കാലചക്ര പ്രകൃതിയുടെ യാത്രാസമാധിയാണ് സൂചകങ്ങളിലൂടെ മാമുനിയരുളുന്നത്. കാലത്തിന്റെ അനുസ്മൃതിയില്‍ ആദിമദ്ധ്യാന്ത പ്രകൃതി മറയുന്നു. എല്ലാം ഒന്നെന്ന അദൈ്വതസൂക്തിയുടെ ആദിമന്ത്രണമാണ് പ്രകൃതിയുടെ പ്രമാണ പ്രകൃതി. സത്യലോകത്തില്‍ ബ്രഹ്മഭവനം പോലെ ശോഭിക്കുന്ന താപസാശ്രമസമൂഹത്തെ ചിത്രീകരിച്ചുകൊണ്ടാണ് ആരണ്യകാണ്ഡം സമാരംഭിക്കുന്നത്. അതീത പ്രതീതിയില്‍ ദണ്ഡകാരണ്യ പ്രദേശം പ്രകൃതിയുടെ മായികപരിവേഷമണിയുന്നു. അതിഗഹനമായ വനാന്തര്‍ഭാഗത്ത് പുലി, ചെന്നായകള്‍ വിഹരിക്കുന്നു. ഇടിഞ്ഞുപൊളിഞ്ഞ തീരപ്രദേശം, ഭയാനകമായ സരസുകള്‍, വീണുചതഞ്ഞ മരങ്ങള്‍, നിശ്ശബ്ദരായ പക്ഷിവൃന്ദം, ചീവിടൂകളുടെ കര്‍ണ്ണകഠോരനാദം എന്നിവ വനപശ്ചാത്തലമായി ഇളകിയാടുന്നു. പിന്നീട് രാമാദികള്‍ ചെന്നെത്തുന്നത് രാക്ഷസനായ വിരാധന്റെ മുന്നിലാണ്. വികൃതരൂപം പൂണ്ട രാക്ഷസരൂപം ഭയാകനമാണ്. ലാവണ്യവര്‍ണന പോലെതന്നെ ഭീതിജനകമായ ഈ ക്രൗര്യരൂപത്തെയും ആദികവി ചിത്രീകരിക്കുന്നു. സാംഖ്യസൂത്രാനുസാരിയായി സീത നിത്യപ്രകൃതിയാണ്. രാമന് പുരുഷനും പ്രകൃതിയും പുരുഷനുമായുള്ള ചലനപ്രക്രിയയില്‍ സൃഷ്ടിയുടെ മായികത അടയാളപ്പെടുത്തുകയാണ് ഇതിഹാസം. ദിവ്യമായ ഈ സന്ദേശം മുഴക്കുകയാണ് ബാലകാണ്ഡത്തിന്റെ മന്ത്രധ്വനി.
വനവാസത്തിന് വിധിക്കപ്പെട്ട ധര്‍മ്മസ്വരൂപിയായ രാമന് കാട്ടിലേക്ക് തനിക്കൊപ്പം പുറപ്പെടാന്‍ ശ്രമിച്ച സീതാദേവിയെ പിന്തിരിപ്പിക്കാന് പറയുന്ന പ്രധാന കാരണം വനവാസക്ലേശമാണ്. ഏത് വനവൈതരണികളും രാമസവിധത്തില്‍ അപ്രത്യക്ഷമാകുമെന്നാണ് സീതയുടെ മറുപടി. സ്വന്തം വനവാസം ജാതകത്തില്‍ പ്രവചിച്ചറിഞ്ഞത് സീത എടുത്തുകാട്ടുന്നു. മാത്രമല്ല രാമനൊപ്പം പോയി പ്രകൃതിയുടെ വശ്യസൗന്ദര്യം നുകരാമെന്ന ആഗ്രഹം പലവട്ടം നേരത്തെ തന്നെ രാമനോട് അപേക്ഷിച്ചതായി സീത ഉണര്‍ത്തിക്കുന്നു. എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോള്‍ ദുഃഖവിവശയായ സീതയെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ച് അനുയാത്രാനുമതി നല്‍കുകയായിരുന്നു രാമന്. “സൂര്യന് തീക്ഷ്ണരശ്മികള്‍ ഉപേക്ഷിക്കാനാവില്ല. സീതയെ കൂടാതെ രാമനില്ല. ശ്രേഷ്ഠരായ പൂര്‍വ്വികരുടെ ധര്‍മ്മത്തെ ഞാന്‍ സ്വീകരിക്കുന്നു’ എന്നാണ് രാമന്റെ പ്രതിവചനം. സനാതനമായ ധര്‍മ്മത്തെയും സത്യവചനത്തെയുമാണ് ഇരുവരും വനവാസത്തിലൂടെ സംരക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്യുന്നത്. വനവാഴ്ചയുടെ ദുരിതദുഃഖങ്ങള്‍ ദാമ്പത്യ സ്നേഹത്തിനു മുന്നില്‍ മായ്ച്ചുകളയാമെന്ന പ്രതീക്ഷയ്ക്കപ്പുറം വനസംസ്കാരത്തിന്റെ ആന്തരിക വിശുദ്ധിയും പൈതൃക പാരമ്പര്യത്തിന്റെ അനുശീലനാകാംക്ഷയുമാണ് സീതാരാമന്മാരുടെ അബോധമണ്ഡലത്തെ പ്രചോദിപ്പിക്കുന്നത്. തുടര്‍ന്നുള്ള വനജീവിതധന്യതയില്‍ ഇരുവരും ഉടലാണ്ട സ്വപ്നംപോലെ ആ ജീവിതം പങ്കിടുകയായിരുന്നു. വനത്തിന്റെ ആന്തരിക പ്രചോദനവും സംസ്കാരമാര്‍ഗ്ഗവും അവരുടെ ശ്രേണീബദ്ധമായ ജീവിതത്തെ അനുധാവനം ചെയ്യുന്നുണ്ട്.
വനത്തിന്റെ ജീവന പ്രക്രിയകളും അതിന്റെ ശാന്തികാന്തി മണ്ഡലവും മനുഷ്യാത്മാക്കളെ ആത്മാന്വേഷണനിരതരാക്കും. അഭൗമമായ ഈ വിശുദ്ധി ലാവണ്യത്തെ സ്വകുടുംബാന്തരീക്ഷത്തില്‍ മാതൃകാപരമായി പരീക്ഷിക്കാനുള്ള സന്ദര്‍ഭമാണിതെന്ന് സീതാരാമന്മാര് ആഗ്രഹിക്കുന്നു. ലാവണ്യ വൈരൂപ്യങ്ങളുടെ ദ്വന്ദ്വങ്ങള്‍ സമീകരിക്കുന്ന സര്‍ഗ്ഗകലയാണ് പ്രകൃതിയുടെ അന്തര്‍നാദത്തെ വിമലീകരിക്കുന്നത്. പ്രകൃതി പരിപ്രേക്ഷ്യത്തിന്റെ അമേയതലങ്ങളുടെ സൂക്ഷ്മാപഗ്രഥനമാണ് ഇവിടെ ആദികവി നിര്‍വ്വഹിക്കുന്നത്.
രാക്ഷസ വിനാശത്തിനായിട്ടാണെങ്കിലും കോദണ്ഡപാണിയായി ദണ്ഡക വനത്തെ സമീപിക്കുന്ന രാമനുണര്‍ത്തുന്ന സത്യം പ്രകൃതിസത്യത്തെയും പ്രകൃതിസംരക്ഷണ സങ്കല്‍പ്പത്തെയും തുയിലുണര്‍ത്തുന്നു. ആര്‍ത്തന്മാരെയും ദേശധര്‍മത്തെയും വനാദിപ്രകൃതിയെയും സംരക്ഷിക്കുന്ന മുനിചര്യയാണ് ആയുധപ്രയോഗത്തിലൂടെ പാലിക്കേണ്ടതെന്ന് സീത സൂചിപ്പിക്കുന്നുണ്ട്. ഋഷിവര്യന്മാരെ സംരക്ഷിക്കുമെന്ന് തന്റെ പ്രതിജ്ഞ ചൂണ്ടിക്കാട്ടി അധര്‍മ്മിഷ്ഠരായവര്‍ക്കുനേരെ മാത്രമെ ശരം തൊടുക്കുവെന്ന രാമവചനം സീതയെ സംതൃപ്തയാക്കുന്നു. സംഹാരം പ്രകൃതിയുടെ ലീലാപരിണതി മാര്‍ഗ്ഗമാണെങ്കിലും ലീലാലയത്തില്‍ ധര്‍മ്മസംരക്ഷണം അനിവാര്യമാണെന്ന പ്രകൃതിവിധിയാണ് രാമന് അംഗീകരിച്ചാദരിക്കുന്നത്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: