Health

ശ്രീകൃഷ്ണ ജയന്തി സ്‌പെഷ്യല്‍: അവല്‍ വിളയിച്ചത്… ഒന്ന് നോക്കിയാലോ..

Published by

ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും മറ്റും പോകുമ്പോള്‍ നമുക്ക് രുചിയേറെയുള്ള അവല്‍ വിളയിച്ചത് എന്നും കൊതി തരുന്നതാണല്ലോ… ഇനി വീട്ടില്‍  എങ്ങനെ രുചിയോടെ ഉണ്ടാക്കാം എന്ന് നോക്കാം.

അവൽ വിളയിച്ചത് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മൂന്ന് കപ്പ് അളവിൽ

ബ്രൗൺ നിറത്തിലുള്ള അവൽ, ഒരു കപ്പ് തേങ്ങ ചിരകിയത്, കാൽ കപ്പ് തേങ്ങാക്കൊത്ത്, നെയ്യ്, മധുരത്തിന് ആവശ്യമായ ശർക്കര, പൊട്ടുകടല, കറുത്ത എള്ള്, ചുക്കുപൊടി, ഏലയ്‌ക്ക പൊടിച്ചത് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു ഉരുളി അടുപ്പത്ത് വച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് നന്നായി ചൂടായി തുടങ്ങുമ്പോൾ തേങ്ങാക്കൊത്ത് ഇട്ട് ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. അതേ നെയ്യിലേക്ക് പൊട്ടുകടലയും എള്ളുമിട്ട് നന്നായി മൂപ്പിച്ച് എടുത്തു മാറ്റിവയ്‌ക്കുക.

ശേഷം തേങ്ങ ചിരകിയത് നല്ലതുപോലെ വറുത്തെടുക്കണം. അതിലേക്ക് ശർക്കരപ്പാനി ഉണ്ടാക്കി അരിച്ചൊടിക്കുക. തേങ്ങ ശർക്കരയിൽ കിടന്ന് നല്ലതുപോലെ പിടിച്ച് തുടങ്ങുമ്പോൾ പൊട്ടുകടലയും എള്ളും ചേർത്ത് കൊടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ വറുത്തു വെച്ച തേങ്ങാക്കൊത്ത് കൂടി ചേർത്തു കൊടുക്കാം. അവൽ നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം ചുക്ക് പൊടിയും,ഏലയ്‌ക്കാപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇപ്പോൾ നല്ല രുചികരമായ അവൽ വിളയിച്ചത് റെഡിയായി കഴിഞ്ഞു.

മധുരത്തിന് ആവശ്യമായ ശർക്കരയുടെ അളവ് ആവശ്യാനുസരണം കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യാം. ഈയൊരു രീതിയിൽ അവൽ വിളയിച്ചത് തയ്യാറാക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും കേടാകാതെ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്. കാരണം ഇതിൽ ഒട്ടും വെള്ളം ഉപയോഗിക്കുന്നില്ല. അതുപോലെ ബ്രൗൺ നിറത്തിലുള്ള അവലെടുക്കുമ്പോഴാണ് കൂടുതൽ രുചി ലഭിക്കുക.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by