കൊച്ചി: സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ ഹര്‍ജിയുമായി നടി രഞ്ജിനി ഹൈക്കോടതിയില്‍. സര്‍ക്കാര്‍ ശനിയാഴ്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനിരിക്കെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.
റിപ്പോര്‍ട്ട് പുറത്തുവിടുമ്പോള്‍ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്നാണ് നടിയുടെ ആവശ്യം.
ഹേമ കമ്മിറ്റിക്കുമുമ്പില്‍ താന്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് രഞ്ജിനി പറഞ്ഞു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.മൊഴി നല്‍കിയവരുടെ അറിവ് ഇല്ലാതെ റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്നും നടി ആവശ്യപ്പെടുന്നു.
മൊഴി നല്‍കിയതിന് ശേഷം ഹേമ കമ്മിറ്റി ഇത് വരെ ബന്ധപ്പെട്ടിട്ടില്ല. പറഞ്ഞ കാര്യങ്ങള്‍ എങ്ങനെ പുറത്ത് വരുമെന്നത് സംബന്ധിച്ച് ആശങ്കയുണ്ട്. മൊഴി നല്‍കിയവര്‍ക്ക് പകര്‍പ്പ് നല്‍കി അവരെ കൂടി ബോധ്യപ്പെടുത്തിയാകണം റിപ്പോര്‍ട്ട് പുറത്തു വിടേണ്ടതെന്നും രഞ്ജിനി പറഞ്ഞു.
സിനിമാ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധവും തൊഴില്‍സാഹചര്യവും പഠിക്കാന്‍ രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് കമ്മിറ്റി രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: