ദുബായ് : ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ 2024-ലെ ആദ്യ പകുതിയിൽ 7860 ഇന്ത്യൻ കമ്പനികൾ പുതിയതായി ചേർന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള നിക്ഷേപം ആകർഷിക്കുന്നതിനും അന്താരാഷ്‌ട്ര ബിസിനസുകൾക്കിടയിൽ ദുബായിയുടെ വർദ്ധിച്ചുവരുന്ന ആകർഷണത്തിനും ഇത് അടിവരയിടുന്നു.
2024-ലെ ഒന്നാം പകുതിയിൽ 3968 പുതിയ കമ്പനികളുമായി ഈ പട്ടികയിൽ പാകിസ്ഥാൻ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഈജിപ്ത് (2355 പുതിയ കമ്പനികൾ), സിറിയ (1358), യുണൈറ്റഡ് കിംഗ്ഡം (1245), ബംഗ്ലാദേശ് (1119), ഇറാഖ് (799), ചൈന (742), സുഡാൻ (683), ജോർദാൻ (674) തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
2024ലെ ഒന്നാം പകുതിയിൽ ചേംബറിൽ രജിസ്റ്റർ ചെയ്ത പുതിയ കമ്പനികളിൽ 41.5 ശതമാനം സ്ഥാപനങ്ങളും വ്യാപാര സേവന മേഖലയിലാണ് പ്രവർത്തിക്കുന്നത്. റിയൽ എസ്റ്റേറ്റ്, വാടക, ബിസിനസ് സേവന മേഖലകൾ (33.6 ശതമാനം), നിർമാണ മേഖല (9.4 ശതമാനം), ഗതാഗതം, സംഭരണം, വാർത്താവിനിമയ മേഖലകൾ (8.4 ശതമാനം), സാമൂഹിക, വ്യക്തിഗത സേവന (6.6 ശതമാനം) എന്നിവയാണ് ഈ പട്ടികയിലെ മറ്റു സേവനമേഖലകൾ.
കഴിഞ്ഞ വർഷം പതിനൊന്നായിരത്തിലധികം പുതിയ ഇന്ത്യൻ കമ്പനികൾ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: