സുന്ദരകാണ്ഡത്തിന്റെ ആത്മസത്തയും ഭാവാത്മകതയും തുടിക്കുന്ന രംഗമാണ് രാവണ സന്നിധിയിലിരുന്ന് ആഞ്ജനേയന് നടത്തുന്ന അദൈ്വതപ്രകാശിതമായ സത്യഭാഷിതവും മഹോപദേശ മാര്‍ഗ്ഗവും. എങ്കിലും സച്ചിന്മയവും ധര്‍മ്മബോധാത്മകവും സനാതനവുമായ ആ വചസ്സുകള്‍ രാവണഹൃദയം ഏറ്റുവാങ്ങിയത് ഗദാപ്രഹരമായാണ്.
ജഡമഖില ജഗിദമനിത്യമറിക നീ
ജന്മജരാ മരണാദി ദുഃഖാന്വിതം
അറിവതിനു പണി പരമപുരുഷമറിമായങ്ങ
ളാത്മാനമാത്മനാ കണ്ടുതെളിക നീ
എന്ന് ജീവനതത്ത്വചിന്താപദ്ധതിയുടെ പ്രായോഗിക വെളിച്ചത്തിലൂടെ രാവണന് മോക്ഷവഴി തെളിക്കാമെന്നാണ് മാരുതിയുടെ ഉപദേശത്തിനു പിന്നിലുണ്ടായിരുന്ന ലക്ഷ്യം. പ്രകൃതിഗുണ പരവശതയാ ബദ്ധനായ് വരും, പ്രാണദേഹങ്ങളാത്മാവല്ലറികെടോ എന്ന ദിവ്യസന്ദേശവും രാവണന്റെ ഇരുകര്‍ണ്ണത്തിലും പാഴ്വാക്കായി. ഈ തസ്ക്കരനെ കൊല്ലുവിന്‍ എന്നായിരുന്നു രാവണന്റെ അട്ടഹാസം. ദൂതനെകൊല്ലുന്നത് അധര്‍മ്മമാണെന്ന വിഭീഷണ വാക്യമാണ് രാവണനെ വധോദ്യമത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. ലങ്കാദഹനവും ആത്മനാശവുമായിരുന്നു ഫലം.
സാക്ഷാല്‍ രാവണനെ ആത്മാവില്‍ പ്രതിഷ്ഠിച്ച് ആ വീരശൂര പരാക്രമിയുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടാനും കര്‍മ്മകാണ്ഡത്തെ ഉയര്‍ത്തി നിര്‍ത്താനുമുള്ള സംഘടിതമായ ശ്രമം കാലാകാലങ്ങളായുണ്ട്. ഇതിഹാസത്തിന്റെ ശീര്‍ഷാസന വായനയാണിത്. രാമായണം വിളക്കുവെച്ച് വായിക്കുന്നവന് രാമരാവണന്മാരെ സത്യാത്മകമായി തിരിച്ചറിയാം. ധര്‍മ്മ പ്രരൂപത്തിന്റെ മാപിനി സ്വായത്തമാക്കണമെന്നു മാത്രം. ത്രികൂടാചലത്തിന്റെ മുകളില്‍ വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച നഗരിയാണ് ലങ്ക. രാക്ഷസ സാമ്രാജ്യത്തിന്റെ തലസ്ഥാനമാണത്. രാവണനാണ് അവിടുത്തെ ഭരണാധികാരി. ഭൗതിക സുഖങ്ങളുടെ ദശസ്കന്ധവും പേറിയാണ് സഞ്ചാരം. തമോഗുണങ്ങളുടെ വിളനിലമാണയാള്‍. അറിവുണ്ട്, വിഭവങ്ങളുണ്ട്, പരാക്രമ സിദ്ധികളുണ്ട്, ഭക്തിയുണ്ട്, മായാജാലങ്ങളുണ്ട്, ആയുധങ്ങളുണ്ട്.
സര്‍വ്വൈശ്വര്യസുഖഭോഗങ്ങള്‍ എത്ര അനുഭവിച്ചിട്ടും മതിവരുന്നില്ല. കാമക്രോധലോഭമദമാത്സര്യങ്ങളുടെ ചുഴിയിലും സ്വാര്‍ത്ഥതയുടേയും അഹങ്കാരപ്പുളപ്പിന്റെയും പടുകുഴിയില്‍ വീണ് നട്ടം തിരിയുകയാണ് രാവണന്. താമസിക ഗുണങ്ങളുടെ അനിയന്ത്രിത ലഹരിയിലാണ് അയാള്‍ക്ക് സ്വത്വബോധം നഷ്ടപ്പെടുന്നത്.
ഇരുപതു കണ്ണും ഇരുപതു കൈയും കര്‍മ്മപദ്ധതിയില്‍ ഐകരൂപേണ്യ പ്രവര്‍ത്തിച്ചില്ല. കണ്ണുകളെയെല്ലാം അഹം കുത്തിക്കെടുത്തി. ഉള്‍ക്കണ്ണിന്റെ പോളകള്‍ തുറക്കാന്‍സ്വയം ശ്രമിച്ചതുല്ല. പ്രകൃതിയേയും അതിന്റെ അമൂല്യ വിഭവങ്ങളേയും ചൂഷണം ചെയ്യുന്ന രാക്ഷസപ്രകൃതിയാണ് രാവണനെ നയിച്ചത്. അധര്‍മ്മത്തിന്റെ വാള്‍ത്തലപ്പില്‍ അരിഞ്ഞു വീഴുന്ന ധര്‍മ്മശിരസ്സുകള്‍ കണ്ട് ദശസ്കന്ധന്‍ പൊട്ടിച്ചിരിക്കും. സഹോദരി ശൂര്‍പ്പണഖയുടെ അപേക്ഷയില്‍ അരുതാത്തതാണ് രാവണന് പ്രവര്‍ത്തിച്ചത്. സീതാപഹരണത്തിന്റെ വരുംവരായ്മകള്‍ എന്തുമാകട്ടെ, അഭിലാഷപൂര്‍ത്തിക്കായ് അധര്‍മ്മപാതകളില്‍ പ്രകൃത്യാ ഗുണസംമൂഢനായി അദ്ദേഹം ഇറങ്ങിത്തിരിച്ചു. രാമന് ആരെന്നറിയാം. വിദ്വേഷവഴിയില്‍ രാമാനുഗ്രഹം പ്രാപ്തമാകണം. ഭക്തിമാര്‍ഗ്ഗം സ്വന്തം പ്രകൃതിക്ക് ഇണങ്ങില്ല. രാമശരമേറ്റ് മോക്ഷപ്രാപ്തി നേടണം എന്ന സ്വപ്നമാണ് ആ ഹൃദയം ഭരിക്കുന്നത്.
പ്രകൃതിവശഗരായ മനുഷ്യനിലുള്ള മുഖ്യശക്തിയാണ് ദൈവീസമ്പത്തിയും ആസുരീസമ്പത്തിയും എന്ന് ഗീതാപ്രമാണമുണ്ട്. ആസുരീഭാവം വളരുംവിധമാണ് രാവണജീവനം. സദ്സംഗത്തിന്റെയും ഭക്തിശാസ്ത്രമനനത്തിന്റെയും അഭാവവും രാവണ സ്വത്വത്തെ തളര്‍ത്തുകയായിരുന്നു. അജ്ഞാനിയല്ല, അറിവുണ്ട്. ആത്യന്തികജ്ഞാനത്തിലെത്തിയിട്ടുമില്ല. സ്വപ്രകൃതിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് മോചിതനാകാന്‍ കഴിയാത്തതുകൊണ്ടാണ് രാവണന് രാമനുമായി അടരാടേണ്ടി വന്നത്. ഉള്ളില്‍ ഉജ്ജ്വലിക്കുന്ന ഉണ്മയെ പ്രസാദാത്മക പരിപ്രേക്ഷ്യങ്ങളില്‍ പുനഃസൃഷ്ടിക്കാന്‍ ആ ബുദ്ധിയും മനസ്സും അനുവദിച്ചില്ല.
വിശ്രവസ്സിന്റെയും കൈകസിയുടേയും മകനായ രാവണന് വാരിക്കൂട്ടിയ ശാപങ്ങള്‍ ഏറെയാണ്. രാവണായനത്തിന്റെ വിധിപര്‍വ്വമാണിത്. ശാപമോക്ഷത്തില്‍ കിട്ടിയ ജന്മത്തിലാണ് തുടക്കം. വേദവതി, അഷ്ടാവക്രമുനി, ബ്രഹ്മരക്ഷസ്സായി മാറിയ വൈദികന്, നന്ദികേശ്വരന്, മാണ്ഡവ്യന് എന്നിവരില്‍ നിന്നു കിട്ടിയ അഭിശാപങ്ങള്‍ക്കു പുറമേ അത്രിപത്നിയെ അപമാനിച്ചപ്പോള്‍ ലഭിച്ച ശാപം, ദൈ്വപായന മുനിയുടെ കോപം, നാരദമുനിയുടെ ക്രോധം, ഋതുവര്‍മ്മപത്നിയുടെ ശാപം തുടങ്ങി പാപഭാണ്ഡങ്ങളുടെ എരിതീയില്‍ സ്വജീവിതം ഹോമിക്കേണ്ടി വന്നതാണ് രാവണചരിത്രത്തിന്റെ ദുരന്തമെന്ന് തോന്നാം. ശിവഭക്തനായതുകൊണ്ട് മാത്രം ജീവിതകാലം കുറേ നീട്ടിക്കിട്ടിയെന്നു ഗ്രഹിക്കാം. ദുഷ്ക്കര്‍മ്മങ്ങളുടെ ദുരന്തഫലമായ തിരിച്ചടിയുടെ ഒറ്റവാക്കാണ് ശാപം. മനസ്സിനെയും ജീവിതത്തെത്തന്നെയും ആവേശിക്കുന്ന ഭൂതകാലത്തിന്റെ ഭൂതം തന്നെയായിരുന്നു രാവണന്റെ കാലന്. രാവണ വിലാപവും രാവണഹോമവിഘ്നവും ആ ഹൃദയാന്തരാളത്തിന്റെ താളപ്പെരുക്കമായിരുന്നു.
രാവണ മണ്ഡോദരീ സംവാദത്തില്‍-
”ജ്ഞാനമാശ്രിത്യ ശോകം കളഞ്ഞീടു നീ
ജ്ഞാനവിനാശനം ശോകമറിക നീ
അജ്ഞാന സംഭവം ശോകമാകുന്നതു
മജ്ഞാന ജാതമഹങ്കാരമായതും”
എന്ന ജ്ഞാന സന്ദേശത്തിലേക്കെത്താന്‍ രാവണന് സാധിക്കുന്നു. അവിദ്യയുടെ അശാന്തിയില്‍ നിന്നുള്ള ആത്മമോചനമായിരുന്നു രാവണന് മോക്ഷം. നിഷേധാത്മകമെങ്കിലും ആ ഐതിഹാസിക ജീവിതം കാലങ്ങള്‍ക്ക് പാരായണം ചെയ്യാനുള്ളതാണ്. പൂര്‍ണ്ണതയിലേക്കുള്ള ജീവിതയാനത്തിന്റെ പോരാട്ടമാണത്.
അജ്ഞന്മാരുടെ ഹൃദയത്തില്‍ സദാ നടക്കുന്നത് രാമരാവണയുദ്ധം തന്നെ. ത്രിഗുണരഹിതമായിത്തീരുന്ന ഹൃദയത്തില്‍ രാമവിജയത്തോടൊപ്പം രാവണവിജയമന്ത്രവും ഉയരുന്നു. സമര്‍പ്പണത്തിന്റെയും സമാധിയുടേയും സദ്സംഗത്തിന്റേയും സമന്വയഫലമാണത്. വിജയപരാജയങ്ങള്‍ക്കപ്പുറമുള്ള ഏകത്വത്തിന്റെ സംഗീതമാണ് രാമായണ നാദോപാസന. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: