ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെ ദല്‍ഹി കോടതിയില്‍ മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മാനനഷ്ടക്കേസ് നല്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തരൂര്‍ നടത്തിയ പരാമര്‍ശങ്ങളും പ്രസ്താവനകളും അപകീര്‍ത്തികരവും മാനഹാനി ഉണ്ടാക്കുന്നതുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താന്‍ വോട്ട് കോഴ നടത്തിയെന്ന ആരോപണം ശശി തരൂര്‍ ഉന്നയിച്ചു. പരാമര്‍ശം തനിക്ക് വലിയ മാനഹാനി ഉണ്ടാക്കിയെന്നും, അതിനാലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നതെന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖര്‍ വോട്ടിന് പണം നല്‍കുന്നുണ്ടെന്ന് പലരും തന്നോട് പറഞ്ഞതായാണ് ശശി തരൂര്‍ അവകാശപ്പെട്ടത്.
ആരോപണം തെളിയിക്കുന്നതില്‍ തരൂര്‍ പരാജയപ്പെട്ടതായും ഹര്‍ജിയില്‍ പറയുന്നു. ആരോപണം ഉയര്‍ത്തിയതിന് പിന്നാലെ ഏപ്രില്‍ 9 ന് തരൂരിന് വക്കീല്‍ നോട്ടീസ് നല്‍കിയിരുന്നു. തെറ്റായ പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ തരൂര്‍ നോട്ടീസിനോട് പ്രതികരിക്കുകയോ പ്രസ്താവന പിന്‍വലിക്കുകയോ ചെയ്തില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: