ന്യൂദല്‍ഹി: 78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ ഭാരതം. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിനായി കാതോര്‍ക്കുകയാണ് രാഷ്ട്രം. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. 2047ല്‍ വികസിത ഭാരതം എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രമേയം. 2047ല്‍ രാജ്യത്തെ വികസിത രാഷ്ട്രമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് നവോന്മേഷം പകരുന്ന വേദിയാകും ആഘോഷങ്ങള്‍.
ആഘോഷങ്ങളില്‍ 6,000 പേര് പ്രത്യേക അതിഥികളാകും. വിദ്യാര്‍ഥികള്‍, യുവാക്കള്‍, വനിതകള്‍, കര്‍ഷകര്‍, വനവാസി സമൂഹാംഗങ്ങള്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍, തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികള്‍, വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഉപഭോക്താക്കളായി മികവു തെളിയിച്ചവര്‍, എന്‍എസ്എസ്, എംവൈ ഭാരത് എന്നിവയിലെ വോളന്റിയര്‍മാര്‍, ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് തൊഴിലാളികള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ അതിഥികളിലുണ്ട്. കേരളത്തില്‍ നിന്നുള്ള മുപ്പതിലധികം പേരും കുടുംബാംഗങ്ങളും ഇതില്‍പ്പെടും.
പാരീസ് ഒളിമ്പിക്സില്‍ പങ്കെടുത്ത ഭാരത സംഘവും ആഘോഷങ്ങളില്‍ അതിഥികളാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള രണ്ടായിരത്തോളം പേര് പരമ്പരാഗത വസ്ത്രം ധരിച്ച് പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2000 എന്‍സിസി കേഡറ്റുകളും പ്രതിരോധ മന്ത്രാലയം, മൈ ഗവ്, ആകാശവാണി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വിവിധ ഓണ്‍ലൈന്‍ മത്സരങ്ങളില്‍ വിജയിച്ച 3000 പേരും ആഘോഷങ്ങളിലുണ്ട്.
രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ സുരക്ഷ ശക്തമാക്കി. ദല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ചെങ്കോട്ടയിലും സമീപ പ്രദേശങ്ങളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഇപ്പോഴത്തേതിനു പുറമേ പ്രത്യേക സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഡ്രോണുകള്‍, പട്ടങ്ങള്‍, ബലൂണുകള്‍ എന്നിവ നിരോധിച്ചു.
ചടങ്ങുകള്‍ അവസാനിക്കും വരെ ദല്‍ഹി മെട്രോ സര്‍വീസിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ആഘോഷ പരിപാടികള്‍ ദൂരദര്ശന് തത്സമയം സംപ്രേഷണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: