തൃശ്ശൂര്‍: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതിയായ കെപിസിസി സെക്രട്ടറി സി.എസ്. ശ്രീനിവാസനെ സംരക്ഷിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പണം നഷ്ടപ്പെട്ടവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
ലോക്സഭാ തെരഞ്ഞെടുപ്പ് ആയതിനാല്‍ നടപടിയെടുക്കാനാകില്ല എന്ന് ചില നേതാക്കള്‍ തങ്ങളെ അറിയിച്ചുവെന്നും പരാതിക്കാര്‍ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രീനിവാസന് സീറ്റിനായി ചില കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചിരുന്നതായും വന്‍ തുക നല്‍കിയിരുന്നതായും പറയുന്നുണ്ട്. കൊടുങ്ങല്ലൂര്‍ സീറ്റില്‍ മത്സരിക്കാനായിരുന്നു താല്പര്യം. എന്നാല്‍ സീറ്റ് ലഭിച്ചില്ല. മുതിര്‍ന്ന നേതാവ് വയലാര്‍ രവിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നയാളാണ് സി.എസ്. ശ്രീനിവാസന്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയാളുടെ സ്ഥാപനമായ ഹീവാന്‍സ് ഫിനാന്‍സിന് മുന്നില്‍ നിക്ഷേപകര്‍ വലിയ പ്രതിഷേധ സമരം നടത്തിയിരുന്നു. നൂറുകണക്കിനാളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തുവെങ്കിലും ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. പ്രതിഷേധക്കാരെ വെല്ലുവിളിക്കുന്ന സമീപനമാണ് ശ്രീനിവാസന് സ്വീകരിച്ചത്. നിങ്ങള്‍ കേസ് കൊടുത്തോളൂ കോടതിയില്‍ കാണാം എന്ന് പറഞ്ഞ് ഇയാള്‍ സ്ഥാപനം പൂട്ടി സ്ഥലംവിടുകയായിരുന്നു.
പോലീസ് കേസെടുക്കാന്‍ മടിച്ചതോടെ നിക്ഷേപകര്‍ കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് പോലീസ് കേസടുത്തതും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതും. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ ചില സിപിഎം നേതാക്കളും പ്രതികളെ സംരക്ഷിക്കുന്നതായി സൂചനയുണ്ട്.
7.7 കോടി രൂപ തട്ടിച്ചതായാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും യത്ഥാര്‍ഥ തട്ടിപ്പ് ഇതിലും എത്രയോ മടങ്ങ് വലുതാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഇപ്പോള്‍ 62 പേരാണ് പരാതി നല്‍കിയിട്ടുള്ളത്. ഇവരുടെ നിക്ഷേപത്തുകയാണ് 7.78 കോടി രൂപ. ആയിരത്തിലേറെ പേര് കബളിപ്പിക്കപ്പെട്ടതായാണ് വിവരം. കൂടുതല്‍ പേര് പരാതികളുമായി പോലീസിനെ സമീപിക്കുന്നുണ്ടെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറാകുന്നില്ലെന്നും പരാതിയുണ്ട്.
കെഎസ്യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, ഡിസിസി ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളെല്ലാം വഹിച്ചിട്ടുള്ളയാളാണ് സി.എസ്. ശ്രീനിവാസന്. അറസ്റ്റിലായ ശേഷവും ഇയാളെ ചുമതലയില്‍ നിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായിട്ടില്ല. അതേസമയം കെപിസിസി ഭാരവാഹിയായതിനാല്‍ നടപടിയെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്ന വിശദീകരണമാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: