India

ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തള്ളണം: രാഷ്‌ട്രപതി

Published by

ന്യൂദല്‍ഹി: ഭരണഘടനാ ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവരാണ് നാമെന്നും ആഗോളതലത്തില്‍ ശരിയായ ഇടം വീണ്ടെടുക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്ന ദൗത്യത്തിലാണ് ഓരോ പൗരന്മാരുമെന്നും രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ ഉറപ്പാക്കണം. ബൃഹത്തായ രാജ്യത്ത് സാമൂഹ്യശ്രേണികളെ അടിസ്ഥാനപ്പെടുത്തി ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ പാടേ തള്ളണം. രാഷ്‌ട്രപതി ജനങ്ങളോട് അഭ്യര്‍ഥിച്ചു. ലോകത്തിലെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള യാത്ര സാധ്യമാക്കിയത് മികവുറ്റ നേതൃത്വമാണെന്നും സ്വാതന്ത്ര്യദിനത്തലേന്ന് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്ത് അവര്‍ പറഞ്ഞു.

ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഭാരതം മാറിയത് കര്‍ഷകരുടേയും തൊഴിലാളികളുടേയും പരിശ്രമം കൊണ്ടാണ്. സാമൂഹ്യ നീതി എന്നത് സര്‍ക്കാരിന്റെ മുന്‍ഗണനയാണ്. പട്ടികജാതി, വര്‍ഗ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്രം നടപ്പാക്കുന്നത്. വനിതാക്ഷേമത്തിനും സ്ത്രീശാക്തീകരണത്തിനുമായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നു. ഇതിനായി ബജറ്റ് വിഹിതം 10 വര്‍ഷം കൊണ്ട് മൂന്നിരട്ടിയായി ഉയര്‍ന്നു. വനിതാ സംവരണ ബില്ലായ നാരീശക്തി വന്ദന്‍ അധിനിയം വഴി സ്ത്രീകളുടെ യഥാര്‍ത്ഥ ശാക്തീകരണം ഉറപ്പാക്കാനാകും.

തൊഴില്‍, നൈപുണ്യ വികസനത്തിനായുള്ള പ്രധാനമന്ത്രിയുടെ അഞ്ചു പദ്ധതികളിലൂടെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 4.1 കോടി യുവാക്കള്‍ക്കാണ് പ്രയോജനം ലഭിക്കുക. രാജ്യസുരക്ഷ നിര്‍വഹിക്കുന്ന സേനകള്‍ക്ക് അഭിനന്ദനം നേര്‍ന്നു. സ്വാതന്ത്ര്യദിനത്തലേന്ന് വിഭജനത്തില്‍ ജീവന്‍ നഷ്ടമായ ലക്ഷക്കണക്കിന് പേരുടെ ഓര്‍മകളെ സ്മരിക്കുന്നതായും രാഷ്‌ട്രപതി പറഞ്ഞു.

നീതിയെക്കുറിച്ച് പറയുമ്പോള്‍, ഈ വര്‍ഷം ജൂലൈ മുതല്‍ ഭാരതീയ ന്യായസംഹിത സ്വീകരിച്ചുകൊണ്ട്, കൊളോണിയല്‍ കാലഘട്ടത്തിന്റെ ഒരു ശേഷിപ്പ് കൂടി നാം നീക്കം ചെയ്തു എന്ന കാര്യം കൂടി ഇവിടെ സൂചിപ്പിക്കട്ടെ. ശിക്ഷയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം കുറ്റകൃത്യത്തിന്റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനാണ് പുതിയ നിയമാവലി ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള ആദരവായിട്ടാണ് ഈ മാറ്റത്തെ ഞാന്‍ കാണുന്നത്.

ഇന്ത്യയില്‍ നാം ശാസ്ത്രസാങ്കേതികവിദ്യയെ അറിവിനായുള്ള അന്വേഷണത്തിന്റെ ഭാഗമായും മാനുഷിക പുരോഗതിക്കുള്ള ഉപകരണമായും കാണുന്നു. ഉദാഹരണത്തിന്, ഡിജിറ്റല്‍ ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട നമ്മുടെ നേട്ടങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ മാതൃകാ രൂപരേഖയായി ഉപയോഗിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ ബഹിരാകാശ പര്യവേഷണത്തില്‍ ഇന്ത്യ അഭൂതപൂര്‍വമായ പുരോഗതി കൈവരിച്ചു.  മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രയില്‍ അടുത്ത വര്‍ഷം ഒരു സംഘത്തെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന ഗഗന്‍യാന്‍ ദൗത്യത്തിന്റെ വിക്ഷേപണത്തിനായി നിങ്ങള്‍ക്കെല്ലാവര്‍ക്കുമൊപ്പം ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

കഴിഞ്ഞ ദശകത്തില്‍ രാജ്യം വലിയ പുരോഗതി കൈവരിച്ച മറ്റൊരു മേഖലയാണ് കായികലോകം. കായിക അടിസ്ഥാനസൗകര്യ വികസനത്തിന് ഗവണ്‍മെന്റ് നല്‍കിയ ശരിയായ മുന്‍ഗണന അതിന്റെ ഫലം കാണിക്കുന്നു. ഈയിടെ സമാപിച്ച പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ സംഘം മികച്ച പ്രയത്‌നമാണ് നടത്തിയത്.  താരങ്ങളുടെ അര്‍പ്പണബോധത്തെയും കഠിനാധ്വാനത്തെയും ഞാന്‍ അഭിനന്ദിക്കുന്നു. അവര്‍ യുവതയെ പ്രചോദിപ്പിച്ചു. ക്രിക്കറ്റില്‍ അസംഖ്യം ആരാധകരെ സന്തോഷത്തിലാക്കി ഇന്ത്യ ട്വന്റി-20 ലോകകപ്പ് നേടി. ചെസ്സില്‍ നമ്മുടെ പ്രതിഭകള്‍ രാജ്യത്തിന് അഭിമാനമായി. ചെസ്സില്‍  ഇന്ത്യന്‍ യുഗത്തിന്റെ തുടക്കമാണിതെന്ന് പറയപ്പെടുന്നു. ബാഡ്മിന്റണിലും ടെന്നീസിലും മറ്റ് കായിക ഇനങ്ങളിലും നമ്മുടെ യുവതാരങ്ങള്‍ ലോക വേദിയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നു. അവരുടെ നേട്ടങ്ങള്‍ വരും തലമുറയ്‌ക്കും പ്രചോദനമാണ്.

രാഷ്‌ട്രം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ സജ്ജമായിരിക്കെ നിങ്ങള്‍ക്ക് ഒരിക്കല്‍ കൂടി എന്റെ ആശംസകള്‍ അറിയിക്കട്ടെ, പ്രത്യേകിച്ച് സ്വന്തം ജീവന്‍ പണയപ്പെടുത്തി നമ്മുടെ സ്വാതന്ത്ര്യം കാക്കുന്ന  ധീര സായുധ സേനാ ജവാന്മാര്‍ക്ക്. രാജ്യത്തുടനീളം ജാഗ്രത പുലര്‍ത്തുന്ന പോലീസുകാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു. നീതിന്യായ സംവിധാനങ്ങളിലെയും സിവില്‍ സര്‍വീസുകളിലെയും അംഗങ്ങള്‍ക്കും വിദേശ നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും എന്റെ ആശംസകള്‍ നേരുകയാണ്. പ്രവാസികള്‍ക്കും എന്റെ ആശംസകള്‍: നിങ്ങള്‍ നമ്മുടെ കുടുംബത്തിന്റെ ഭാഗമാണ്, നിങ്ങളുടെ നേട്ടങ്ങളില്‍ നാം  അഭിമാനിക്കുന്നു. ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും മഹത്തായ പ്രതിനിധികള്‍.

ഒരിക്കല്‍ കൂടി, ഏവര്‍ക്കും സന്തോഷം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു!

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക